Tuesday, November 27, 2018

തത്വമസി!!


വിശ്വഗുരു നിർന്നിമേഷനായ് നിൽക്കുന്നു
വിജനമീ ശ്രീകോവിലിൻ നടയിൽ.
മുനിഞ്ഞു കത്തുന്നൂ ഒറ്റ വിളക്കുള്ളിൽ
പിന്നിലായ് താൻ പണ്ടു പ്രതിഷ്ഠിച്ച കണ്ണാടി!
ഏകമാം ബ്രഹ്മമതു താൻതന്നെയന്നരുളും
ഏകമുഖമാം നിലക്കണ്ണാടിയിൽ ഗുരു കണ്ടു
ഏകനാം തന്മുഖം, അതു നാം തന്നെ,മ-
റ്റേതോ ചിന്തയാൽ ഗൌരവമാർന്നാമുഖം!
അരികിലായൊരു ഗുരുമന്ദിര, മതിന്മുന്നിൽ
തിക്കിത്തിരക്കുന്നു പുരുഷാരം..
ദീപാരാധനയാണത്രേ, ശേഷം നാമ-
ജപഘോഷയാത്രയുമുണ്ടത്രേ!
പൊങ്ങുന്നൂ കൊടികളു,യരുന്നാരവം
ഗൌരവമാർന്ന നയനങ്ങളാൽ നോക്കി, ഗുരു!
മുന്നിലാവേശമാർന്നു നയിപ്പോരെക്കണ്ടു,
പണ്ടുതാൻ പിഴുതെറിഞ്ഞ വിഗ്രഹങ്ങളെ!
തോളിലൊരു മൃദുസ്പർശം, തിരിഞ്ഞുനോക്കവേ,
മൃദുമന്ദസ്മിതം തൂകി നില്പൂ, ഋഷിശ്രേഷ്ഠൻ,
അന്നേ ഞാൻ പറഞ്ഞില്ലേ, യെന്ന ഭാവം,
ഗുരുവിന്റെ ചുണ്ടിലും വിരിയുന്നൂ മന്ദഹാസം!
വില്ലുവണ്ടിയോടിച്ചെത്തുന്നൂ, മഹാത്മാ,വനീതിതൻ
വില്ലൊടിച്ചവൻ, വിപ്ലവത്തിന്റെ അഗ്നിതെളിച്ചവൻ!
വേഗം കയറുക, വിഷംതീണ്ടിയൊരീമണ്ണിൽ ചവിട്ടായ്ക, യിരുവരും
വണ്ടിയേറുന്നൂ, വേഗം മറയുന്നൂ വില്ലുവണ്ടിയും!
വിജനമാം ശ്രീകോവിലിലിപ്പഴും കത്തുന്നൂ
വിളക്കൊന്നുമാത്രം, പിറകിലായ് കാണുന്നൂ
കണ്ണാടി, പ്രതിബിംബങ്ങളൊന്നുമില്ലാതെ ശൂന്യ-
‘മതുതന്നെ‘യാകുവാൻ ഞാനുമില്ലല്ലോ!

Monday, November 28, 2016

ജുറാസിക് പാർക്ക്

യുഗങ്ങളായി
വിരിയാനാവാതെ
ഇരുളിന്റെ ഗുഹയിൽ
ഫോസിലുകളായിരുന്ന
ദിനോസർ മുട്ടകൾ,
പുതിയകാലത്തിന്റെ
നരച്ച വെയിലിൽ
പൊടുന്നനെ,
നരഭോജികളായി
വിരിഞ്ഞിറങ്ങുന്നു...
എന്റെ നാടിന്റെ
നാലതിരുകളും
വേലികെട്ടിത്തിരിച്ച്
ജുറാസിക് പാർക്കെന്ന്
തലവാചകം ഒട്ടിച്ചു ചേർക്കുന്നു..
ചെളിയിൽ കലപ്പയും
കന്നുമായവൻ,
വേലിക്കു പുറത്തെ
കത്തുന്ന വെയിലിൽ
വെന്തെരിയുന്നു..
പുതിയ യുഗത്തിന്റെ
വിറകുകൊള്ളിയെന്ന്
വേലിക്കുള്ളിൽനിന്ന്
ചിരിയുയരുന്നു..
എന്നിലെ
ദേശസ്നേഹത്തിന്റെ
നാണയങ്ങൾ
മുന്നറിയിപ്പില്ലാതെ
റദ്ദാക്കപ്പെടുന്നതുകൊണ്ട്
പുതിയ നിയമങ്ങളുടെ
മാറ്റച്ചന്തയിലേക്കുള്ള
വരിയിലൊരു കണ്ണിയായി
ഞാനും മാറുന്നു..
സ്വന്തം പുരോഭാഗേ
മുളച്ചൊരു ബോധിയുടെ
തണലിൽ പുതുബോധം
തേടുന്നുണ്ട്,
അഭിനവ ബുദ്ധന്മാർ...
മണ്ണിലെ ബോധി
കരിഞ്ഞു മണ്ണടിഞ്ഞിരിക്കുന്നു.
മുടന്തുള്ള ആട്ടിൻ‌കുട്ടി
ബലിപീഠത്തിലെത്തുമ്പൊഴും
കരുണാർദ്രമായ കൈകൾ
തന്നെ ഏറ്റെടുക്കുമെന്ന്
വൃഥാ സ്വപ്നംകാണുന്നു..
എന്നിലെ സ്വപ്നങ്ങളും
എന്റെ സ്വരവും
എന്റെ ഹൃദയവും
എന്റെ മസ്തിഷ്കവും
വലിയൊരു താഴിട്ട്
പൂട്ടിയിരിക്കുന്നു...
ജുറാസിക് പാർക്കിലേക്ക്
ഒരു വാതിൽ തുറന്നിരിപ്പുണ്ട്,
അകത്തേക്കുമാത്രം തുറക്കുന്നൊരു
മാന്ത്രികവാതിൽ!!

Thursday, July 14, 2016

അഭിമുഖം

നീയാര് സഖാവേ?
ഞാൻ സഖാവല്ല, ബലിദാനി!
അങ്ങാരാണു മഹാത്മൻ ?
മഹാത്മനല്ല ഞാൻ, രക്തസാക്ഷി!
നീ ബലിദാനിയായതും
ഞാൻ രക്തസാക്ഷിയായതുമെന്തിന്?
നമ്മളെതിർദിശയിൽ സഞ്ചരിക്കുവോർ
നമ്മളെതിരഭിപ്രായങ്ങളൂള്ളോർ
നമ്മുടെ വിശ്വാസങ്ങളെതിര്
നമ്മുടെ ആശയങ്ങളെതിര്!
അതുകൊണ്ടെന്ത്?
നീയും ഞാനും
ബലിദാനിയും
രക്തസാക്ഷിയുമായതുകൊണ്ട്,
നമ്മുടെ ദിശയുമഭിപ്രായവും
വിശ്വാസ,മാശയങ്ങളുമൊന്നായോ?
ഇല്ലല്ലോ സഖാവേ!
ഇല്ലല്ലോ മഹാത്മൻ !
ഈ മഴയിലെ തണുപ്പിൽ
ഈ മണ്ണിനടിയിൽ
നമ്മളൊന്നാണിപ്പോൾ,

ശവമാണ്!

ആശയമില്ലാതെ,
ദിശയില്ലാതെ,
വിശ്വാസമില്ലാതെ,
അഭിപ്രായമില്ലാതെ,
നമ്മൊളൊന്നാണ്,
ഒന്നിച്ചു ചീയുന്നൂ നാം!
തണുപ്പാണ്, സഖാവേ!
ജീവനുണ്ടായിരുന്നെങ്കിൽ
നമുക്കല്പം ചൂടുചായയും നുണഞ്ഞ്,
ഒരേ പുതപ്പിനടിയിലെ ചൂടിൽ,
ഒരേ കൂരയ്ക്കുകീഴിൽ,
സ്നേഹത്തോടെ പെയ്യുന്ന
മഴയെ നോക്കിയിരിക്കാമായിരുന്നു,
മഹാത്മൻ!..
പക്ഷേ...
ജീവിച്ചിരുന്നപ്പോൾ
നമ്മൾ നനഞ്ഞതത്രയും
നിണമഴയായിരുന്നല്ലോ!
നമ്മുടെ പ്രിയരിപ്പോൾ നനയുന്നത്,
കണ്ണീർ മഴയിലുമല്ലേ?
ഇനി മിഴിയാത്ത കണ്ണുകളടയ്ക്കാം
രക്തസാക്ഷീ,
ബലിദാനീ!

Friday, June 03, 2016

കുഞ്ഞുദൈവങ്ങളുടെ സ്വർഗം


പെഷവാറിലെ കുഞ്ഞുങ്ങളെക്കാത്ത്
ദൈവം പടിക്കെട്ടുകളിറങ്ങിവന്നു -
ഗാസയിലെ കുഞ്ഞുങ്ങളോടൊപ്പം.

കുഞ്ഞുങ്ങൾ അവനുചുറ്റുകൂടിനിന്ന്
കിന്നാരം പറഞ്ഞു-
അമ്മയെക്കാണണം എന്നുപറഞ്ഞ്
ചിണുങ്ങിയൊരുത്തനെ കൈയിലെടുത്ത്
ദൈവം കുഞ്ഞുങ്ങളോടൊപ്പം
സ്വർഗത്തിന്റെ പടിക്കെട്ടുകൾ കയറി.
ശുഭ്രസുന്ദരമായ കൊട്ടാരത്തളത്തിൽ
അവൻ കുഞ്ഞുങ്ങളോടൊപ്പം നിന്നു.
അപ്പോഴാണ് അത്ഭുതം -
എല്ലാ കുഞ്ഞുങ്ങളും ഒരേരൂപം, ഒരേ ഭാവം!
ഗാസക്കാരനും, പെഷവാറിയും, സിഡ്നിക്കാരനും
അംഗോളക്കാരനും, ആദിവാസിയും ഒരുപോലെ!
ഒരുത്തന് അത്ഭുതം മറക്കാനായില്ല,
“ഞങ്ങളെല്ലാം ഒരുപോലെ! “
ദൈവം മന്ദഹസിച്ചു,
പ്രകാശം വമിക്കുന്ന വെളുത്ത താടിയുഴിഞ്ഞു..
എന്നിട്ട് സത്യത്തിന്റെ കണ്ണാടി
കുട്ടികൾക്കു നേരെ കാട്ടി.
അതിൽ അവർ ഞെട്ടലോടെ കണ്ടു ..
തങ്ങൾക്കു നേരെ ചൂണ്ടിയ മരണായുധങ്ങൾക്ക് പിന്നിൽ
എല്ലാർക്കും ഒരേ മുഖം, ഒരേ രൂപം, ഒരേ മതം!
ഒരേതരം ദൃംഷ്ടകൾ, ഒരേ ആയുധങ്ങൾ,
ഒരേ മനസ്സ്, ഒരേ ലക്ഷ്യം!
വെളിപാടിന്റെ അവസാനം,
അവിടെ ദൈവത്തോടൊപ്പം കുഞ്ഞുങ്ങളില്ല -
പകരം ദൈവങ്ങൾ മാത്രം -
കുഞ്ഞുദൈവങ്ങളുടെ സ്വർഗം!!

പ്രണയമെന്താവാം?**


പിന്നിയിട്ട മുടിയുടെ പിന്നിലൂടെ
മുന്നിലേക്കെത്തി കൊളൂത്തിവലിക്കും
വെള്ളാരം കണ്ണുകളോ?
തപാലിലെത്തും ഹൃദയത്തില്‍ താളുകളില്‍
അടിവരയിട്ട അക്ഷരങ്ങളാല്‍
കോര്‍ത്തൊരു പദപ്രശ്നമോ?
ആര്‍ദ്രമായ് ഹൃത്തിന്‍ വാതിലില്‍
കാത്തുനില്‍ക്കും നിമിഷങ്ങളോ?
വയറീലാഴ്ത്തിയ ഇരുതലമൂര്‍ച്ചയില്‍
മൃദുവായ് വിരിഞ്ഞ രക്തപുഷ്പമോ?
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കെത്തുന്ന
ഗൂഢഭാഷയിലെഴുതിയ ലേഖനമോ?
ഏറെ നാളിനുമിപ്പുറം നിന്റെ
കാലടിയില്‍ നിന്നൂര്‍ന്ന മണ്‍തരികളോ?
നെഞ്ചോടു ചേര്‍ത്തുവച്ച മുടിച്ചുരുളുകളോ?
പെരുമഴക്കാലത്ത് ചുഴിയിലേക്കാണ്ടുപോയ
നിലവിളികളോ?
അതോ..
കുത്തൊഴുക്കിന്റെ പടവിലിന്നും
കാലത്തെ പിടിച്ചുനിര്‍ത്തി
കാത്തുനില്‍ക്കുന്ന രണ്ടു കണ്ണുകളോ?
-------------------------
** 'ജലംകൊണ്ട് മുറിവേറ്റവള്‍' എന്ന ഹ്രസ്വചിത്രം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത്

കൊടിയില്ലാത്തവന്‍


ഞാന്‍ കറുത്തവന്‍,
കറുത്ത ചേറില്‍ കാലൂന്നിനില്‍ക്കുവോന്‍,
കറുത്ത പോത്തിനോടൊപ്പം നുകം വലിപ്പവന്‍,
കറുത്ത ദൈവത്തിനും തീണ്ടാപ്പാടകലെയായവന്‍,
ഞാന്‍ പുകഞ്ഞുതീരുന്ന കരിക്കട്ട..
ഒരു കൊടിയുമില്ലാത്തവന്‍,
ഒരു കൊടിക്കും വേണ്ടാത്തവന്‍,
ഇരുകാലിയും നാല്കാലിയുമല്ലാത്തവന്‍,
നാലു വര്‍ണങ്ങള്‍ക്കും പുറത്തായവന്‍!
തിരിച്ചു വീട്ടിലെത്തുമ്പോഴും
തലകുമ്പിട്ടു ചാണകക്കുഴിയില്‍
കറുപ്പായിരിക്കേണ്ടവന്‍..
എനിക്കു ചുറ്റുമുണ്ടെത്ര വര്‍ണക്കൊടികള്‍,
ചുവപ്പ്, പച്ച, കാവി, ബഹുവര്‍ണങ്ങള്‍!
ഇനിയെനിക്കുയരണം, രണ്ടുകാലില്‍ നിവരണം,
എനിക്കുയര്‍ത്തണമെന്‍ കൈയിലൊരു കൊടി!
എന്റെ സ്വപ്നങ്ങളില്‍ മുക്കിക്കറുപ്പാക്കിയൊരു കൊടി,
എന്റെ പൈതലിന്‍ ചാരത്തില്‍ മുക്കിയെടുത്ത കൊടി!
പാതിവെന്തൊരെന്‍ കറുത്തമെയ്യിലുയര്‍ന്ന്,
മനുഷ്യനായ് നിവര്‍ന്നുയര്‍ത്തണം
കറുത്ത കുതിരതന്‍ ശക്തിപോലൊരു കൊടി!

ദയാലു


നിന്റെ കണ്ണീരൊപ്പാം ഞാന്‍.
അതിനെനിക്ക് കണ്ണീരില്ലല്ലോ!
കണ്ണീരും ഞാന്‍ നിനക്കേക്കാം!
എന്തൊരു ദയാലു!
അങ്ങനെയെനിക്ക് കണ്ണീരുണ്ടായി!

നിനക്ക് സ്വാതന്ത്ര്യമേകാം ഞാന്‍.
അതിനെക്കിവിടെ പാരതന്ത്ര്യം?
അതുനിനക്കായ് ഞാന്‍ കരുതിവച്ചിരിക്കുന്നു!
എന്തൊരു ദയാലു!
അങ്ങനെയെനിക്ക് വിലങ്ങൂവീണു!
നിന്റെ പട്ടിണി മാറ്റാം ഞാന്‍.
അതിനെനിക്ക് പട്ടിണിയില്ലല്ലോ?
നിന്നെ ഞാനൊരു പട്ടിണിക്കോലമാക്കാം!
എന്തൊരു ദയാലു!
അങ്ങനെയെന്റെ അന്നം തട്ടിമറിക്കപ്പെട്ടു!
നിന്റെ മതാഭിമാനം ഉയര്‍ത്താം ഞാന്‍,
അതിനെനിക്ക് മതമില്ലല്ലോ?
നിന്‍ സിരകളില്‍ കുത്തിവെയ്ക്കാം ഞാനത്!
എന്തൊരു ദയാലു!
അങ്ങനെയെന്റെ സിരയിലും മതമൊഴുകി!
ചുട്ടുകരിക്കാം നമ്മുടെ ശത്രുവിനെ!
അതിനെനിക്കൊരു ശത്രുവുമില്ലല്ലോ?
അത് ഞാന്‍ കാട്ടിത്തരാം.
എന്തൊരു ദയാലു!
അവനെന്റെ മക്കളെ കാട്ടിത്തന്നു!
കത്തുന്ന തീയില്‍,
കരയുന്ന കണ്ണുമായ്,
പൊള്ളുന്ന കൈവിലങ്ങില്‍,
കത്തുന്ന വിശപ്പില്‍,
കരിയുന്ന മാംസഗന്ധത്തില്‍,
ഞാന്‍ വിറങ്ങലിച്ചു നില്ക്കവേ
അവന്‍ പോയി - അടുത്ത ഇരയെത്തേടി!
എന്തൊരു ദയാലു!!