തുമ്പയും തുളസിയും ഓണനിലാവും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്.......
Saturday, December 29, 2012
Thursday, December 20, 2012
വര്‍ത്തമാനപ്പക്ഷി -2
ഉഗ്രവാദികളെ ഞാൻ ഭയക്കുന്നില്ല
–
അവർ ഇരുളിന്റെ മറവിൽനിന്ന്
എന്റെ നെഞ്ചിൽ നിറയൊഴിച്ചാലും
എന്റെ ശരീരം നൂറു ഖണ്ഡങ്ങളായ്
ചിതറിച്ചാലും
എന്റെ മനസ്സിനെ കീഴടക്കാനാവില്ല,
എന്നിലെ എന്നെ ഒരിക്കലും കൊല്ലാനാവില്ല….
പക്ഷേ –-
എന്റെ സഹോദരനെ എനിക്കു ഭയമാണു്..
അവൻ വെറുപ്പിന്റെ ഒറ്റ നോട്ടം
കൊണ്ട്, ഒരൊറ്റ വാക്കു കൊണ്ട്,
എന്റെ ശരീരത്തെയും മനസ്സിനെയും
ഭസ്മമാക്കും..
സ്വന്തം കുഞ്ഞിന്റെ മേനിയെ വലിച്ചു
കീറുന്ന
അച്ഛനെ എനിക്കു ഭയമാണു് -–
അയാൾ എന്റെ ഹൃദയത്തെയും വലിച്ചുകീറും.
പൊക്കിൾക്കൊടിയുണങ്ങാത്ത കൺമണിയെ
വിലപേശിവിൽക്കുന്ന അമ്മയെ എനിക്കു
ഭയമാണു് –
അവൾ എന്നെ ഗതികിട്ടാതലയുന്ന
ആത്മാവാക്കും.
തെരുവിന്റെ ഇരുളിൽ സ്ത്രീത്വത്തെ
കടിച്ചുവലിച്ചെറിയുന്ന
മകനെ എനിക്കു ഭയമാണു്
അവൻ എന്നെ പരാജയത്തിന്റെ അവസാന
വാക്കാക്കും.
ഉഗ്രവാദീ, നിനക്കെന്നെ പരാജയപ്പെടുത്താനാവില്ല
പക്ഷേ,
എന്റെ സഹോദരൻ,
എന്റെ മാതാപിതാക്കൾ,
എന്റെ മകൻ, എന്റെ മകൾ,
ദിനംപ്രതി, എന്നെയും എന്റെ ആത്മാവിനേയും
കൊന്നുതിന്നുന്നു..
"ഈശ്വരാ!
എന്റെ നാടൊരു വർത്തമാനപ്പത്രമായ്
മാറുന്നുവല്ലോ"*..
*ഒ. വി. വിജയനോട് കടപ്പാട്
Tuesday, November 20, 2012
വര്‍ത്തമാനപ്പക്ഷി..
ഒരു വെളുത്തപക്ഷിയായ്
ചിറകു കുഴഞ്ഞ്
എന്റെ പൂമുഖത്തു വന്നുവീഴുന്ന
വർത്തമാനപത്രത്തിൽ നിന്നും
ചിതറി വീഴുന്നൂ,
ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തം..
ചിറകിന്നുള്ളിൽ
മിസൈൽ ചിതറിച്ച
സ്വന്തം കുഞ്ഞിന്റെ ശരീരാവശിഷ്ടം
കൈയിലേന്തിയ പിതാവിന്റെ
ദീനമായ കണ്ണുകൾ...
മറ്റു കോലാഹലങ്ങളിലും
വാദപ്രതിവാദങ്ങളിലും
എന്റെ ഹൃദയം ഉടക്കുന്നില്ല...
മനമാകെ ചോരയുടെ നിറം...
എങ്ങും കരിഞ്ഞമാംസഗന്ധം..
നാളത്തെ പ്രഭാതത്തിലും
എന്റെ പൂമുഖത്തു വന്നു വീഴുന്ന
ചിറകൊടിഞ്ഞ പക്ഷീ...
നിന്റെ ഗന്ധവും
നീ വഹിക്കുന്ന ദീനരോദനങ്ങളും
എന്നെ വേട്ടയാടുന്നു...
നിന്നെ ഞാൻ ഭയക്കുന്നു..
Saturday, November 10, 2012
എന്റെ മണ്ണു്
ഇന്നലെ
ഞാന്‍ നടന്ന മണ്ണിനു് ചുവന്ന
നിറമായിരുന്നു..
അതിനു്
വിയര്‍പ്പിന്റെ ഉപ്പുണ്ടായിരുന്നു..
എന്നോ
കൊഴിഞ്ഞു വീണ ഇലകളുടെ ഗന്ധവും
ഓര്‍മകളുടെ
ആര്‍ദ്രതയും ഉണ്ടായിരുന്നു..
ഇന്നു
ഞാന്‍ നില്ക്കുന്ന മണ്ണിനും
ചുവന്ന നിറമാണു്..
അതിനു്
കണ്ണീരിന്റെ ഉപ്പും,
ചോരയുടെ
മണവും,
ചവിട്ടിമെതിക്കപ്പെട്ട
സ്വപ്നങ്ങളുടെ ഗന്ധവും,
പെയ്തൊഴിയാത്ത
ദുഃഖത്തിന്റെ നനവുമാണു്...
കാലം
തകര്‍ത്തു പെയ്ത മാനത്തിനു
ചുവട്ടില്‍
എല്ലാം
നഷ്ടപ്പെട്ട എന്റെ(?)
മണ്ണു്
വലിഞ്ഞു
കീറി,
നിണം
വാര്‍ന്നു്,
മറ്റൊരു
പെണ്ണായി
എനിക്കും
അന്യയായി,
കണ്ണീര്‍
വറ്റിക്കിടക്കുന്നു..
വിറയാര്‍ന്ന
നനഞ്ഞ കൈകളാല്‍
എന്നെച്ചുറ്റിപ്പീടിക്കാനായുന്നു.
ഞാനോ,
അവളില്‍നിന്നു്
ഓടിയകലാനും..
Sunday, July 04, 2010
ഘന ശ്യാമ സന്ധ്യ.. മറയുമ്പോള്‍..
എഴുപതുകളിലും എണ്‍പതുകളിലും ഞങ്ങളുടെ ബാല്യ-കൗമാര-യൗവനങ്ങളെ സാന്ദ്രമാക്കിയ ഈണങ്ങള്‍.. ഘനശ്യാമസന്ധ്യാഹൃദയവും, ഓടക്കുഴല്‍ വിളിയും, പൂമുണ്ടും തോളത്തിട്ടും...
സിനിമാഗാനങ്ങളെ ബഹുദൂരം പിന്നിലാക്കി, ആകാശവാണിയെ ഞങ്ങളുടെ ഹൃദയസ്വരമാക്കി മാറ്റി, മലയാളത്തിനു് സ്വന്തമായൊരു ലളിതസംഗീത ശാഖയുണ്ടാക്കിയ മാഹാനായ സംഗീതജ്ഞന്‍.. ഇല്ലാതാവുമ്പോള്‍ ആ മധുരഗാനങ്ങള്‍ പെയ്തിറങ്ങിയ ഞങ്ങളുടെ തലമുറയുടെ മനസ്സാണ് നിശ്ശബ്ദമാവുന്നത്.
യുവജനോത്സവവേദികളില്‍ ഞങ്ങള്‍ ഈ മനോഹരഗാനങ്ങളുടെ മികവില്‍ ആവോളം മുഴുകുകയായിരുന്നു...
ഞങ്ങളുടെ ഹൃദയങ്ങളെ സംഗീതത്തോടടുപ്പിച്ച മഹാഗായകാ... ഒരു തലമുറയുടെ നമോവാകം!
ഈ നെറികേടുകളുടെ ലോകത്തില്‍, അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ മാന്യതകാണിക്കാത്ത ഈ സമൂഹത്തില്‍ മധുരമായൊരു പ്രതികാരംപോലെ അങ്ങയുടെ മനോജ്ഞഗാനങ്ങള്‍ ഒരിക്കലും വിനാശമില്ലാതെ നിലകൊള്ളും...
ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീ. എം. ജി. രാധാകൃഷ്ണന്, വേദനയയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...
സിനിമാഗാനങ്ങളെ ബഹുദൂരം പിന്നിലാക്കി, ആകാശവാണിയെ ഞങ്ങളുടെ ഹൃദയസ്വരമാക്കി മാറ്റി, മലയാളത്തിനു് സ്വന്തമായൊരു ലളിതസംഗീത ശാഖയുണ്ടാക്കിയ മാഹാനായ സംഗീതജ്ഞന്‍.. ഇല്ലാതാവുമ്പോള്‍ ആ മധുരഗാനങ്ങള്‍ പെയ്തിറങ്ങിയ ഞങ്ങളുടെ തലമുറയുടെ മനസ്സാണ് നിശ്ശബ്ദമാവുന്നത്.
യുവജനോത്സവവേദികളില്‍ ഞങ്ങള്‍ ഈ മനോഹരഗാനങ്ങളുടെ മികവില്‍ ആവോളം മുഴുകുകയായിരുന്നു...
ഞങ്ങളുടെ ഹൃദയങ്ങളെ സംഗീതത്തോടടുപ്പിച്ച മഹാഗായകാ... ഒരു തലമുറയുടെ നമോവാകം!
ഈ നെറികേടുകളുടെ ലോകത്തില്‍, അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ മാന്യതകാണിക്കാത്ത ഈ സമൂഹത്തില്‍ മധുരമായൊരു പ്രതികാരംപോലെ അങ്ങയുടെ മനോജ്ഞഗാനങ്ങള്‍ ഒരിക്കലും വിനാശമില്ലാതെ നിലകൊള്ളും...
ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീ. എം. ജി. രാധാകൃഷ്ണന്, വേദനയയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...
Sunday, June 20, 2010
പിതൃദിനം.. മക്കളെ സ്നേഹിക്കുന്ന അച്ഛന്മാര്‍ക്ക്..
ഞാനന്ന് മകൻ മാത്രമായിരുന്നു..
ചൂരൽക്കഷായത്തിന്റെ ശൗര്യത്തിൽ
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും
കൽക്കണ്ടമായിരുന്നു അച്ഛൻ എനിക്കന്ന്..
തെറ്റിന്റെ വഴിയിലെ ശരിയിലേയ്ക്കുള്ള ചൂണ്ടുപലക..
ആകുലതകളിലെ സാന്ത്വനത്തിന്റെ കുളിർതെന്നൽ..
വേദനകളിൽ തപിക്കുന്ന ഹൃദയം..
അടിതെറ്റുമ്പോൾ താങ്ങുന്ന ഊന്നുവടി..
എന്റെ ഹൃദയാകാശത്തിലെ പൂർണ്ണചന്ദ്രൻ..
എന്നും വറ്റാത്ത സ്നേഹത്തിന്റെ ഉറവ…
ഇതൊക്കെയാകുന്നു, എനിക്കച്ഛൻ…
ഇന്ന്, ഞാൻ അച്ഛനുംകൂടിയാണ്..
എന്റെ മക്കൾ.. അവരിൽ ഞാൻ പ്രതിബിംബിക്കുന്നു,
എന്നിൽ എന്റെ അച്ഛനും? അറിയില്ല..
പക്ഷേ, ഒന്നറിയാം..
സ്നേഹത്തിന്റെ വറ്റാത്ത പുഴ ഒഴുകുന്നു..
അച്ഛനിൽ നിന്ന് മക്കളിലേയ്ക്ക്..
മക്കളിൽനിന്ന് അച്ഛനിലേയ്ക്കും..
മലയിൽനിന്നുത്ഭവിച്ച്, മലയിലവസാനിക്കുന്ന,
ഒരിയ്ക്കലും വറ്റാത്തൊരു പുഴ…
Tuesday, June 15, 2010
Subscribe to:
Posts (Atom)