തുമ്പയും തുളസിയും ഓണനിലാവും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്.......
Wednesday, October 30, 2013
Monday, December 31, 2012
നവവത്സരാശംസകള്‍
മഹാദുരിതങ്ങളൊരുക്കിയ ചിതയില്‍നിന്നു്
നിങ്ങള്‍ക്കു് എന്റെ നവവത്സരാശംസകള്‍!
ചോര ചുവയ്ക്കുന്ന ചുണ്ടുകളാല്‍
എന്റെ നവവത്സരാശംസകള്‍!
ആര്‍ക്കോവേണ്ടി തെരുവില്‍ മരിച്ചുവീഴുന്ന
സഹോദരന്റെ ഓര്‍മ്മയില്‍നിന്നു്
ചോര കിനിയുന്ന നവവത്സരാശംസകള്‍!
മാനംപോയ മകളുടെ ചിതറിയ
ശരീരാവശിഷ്ടങ്ങളില്‍നിന്നു്
നിങ്ങളെല്ലാവര്‍ക്കും നവവത്സരാശംസകള്‍!
ഭരിച്ചു കൊതിതീരാത്ത രാജാക്കന്മാരുടെ
നാട്യഗൃഹങ്ങളില്‍നിന്നു് നവവത്സരാശംസകള്‍!
വഴിയോരത്തു മരിച്ചുവീണ കുഞ്ഞിന്റെ
ഇനിയുമടങ്ങാത്ത വിശപ്പില്‍നിന്നു്-
എന്റെ നവവത്സരാശംസകള്‍!
എന്റെ നാടിന്റെ പൊള്ളുന്ന ഇന്നില്‍നിന്നു്
നല്ല നാളേയ്ക്കു് എന്റെ നവവത്സരാശംസകള്‍!
എല്ലാര്‍ക്കുമെല്ലാര്‍ക്കും നവവത്സരാശംസകള്‍!
നിങ്ങള്‍ക്കു് എന്റെ നവവത്സരാശംസകള്‍!
ചോര ചുവയ്ക്കുന്ന ചുണ്ടുകളാല്‍
എന്റെ നവവത്സരാശംസകള്‍!
ആര്‍ക്കോവേണ്ടി തെരുവില്‍ മരിച്ചുവീഴുന്ന
സഹോദരന്റെ ഓര്‍മ്മയില്‍നിന്നു്
ചോര കിനിയുന്ന നവവത്സരാശംസകള്‍!
മാനംപോയ മകളുടെ ചിതറിയ
ശരീരാവശിഷ്ടങ്ങളില്‍നിന്നു്
നിങ്ങളെല്ലാവര്‍ക്കും നവവത്സരാശംസകള്‍!
ഭരിച്ചു കൊതിതീരാത്ത രാജാക്കന്മാരുടെ
നാട്യഗൃഹങ്ങളില്‍നിന്നു് നവവത്സരാശംസകള്‍!
വഴിയോരത്തു മരിച്ചുവീണ കുഞ്ഞിന്റെ
ഇനിയുമടങ്ങാത്ത വിശപ്പില്‍നിന്നു്-
എന്റെ നവവത്സരാശംസകള്‍!
എന്റെ നാടിന്റെ പൊള്ളുന്ന ഇന്നില്‍നിന്നു്
നല്ല നാളേയ്ക്കു് എന്റെ നവവത്സരാശംസകള്‍!
എല്ലാര്‍ക്കുമെല്ലാര്‍ക്കും നവവത്സരാശംസകള്‍!
Saturday, December 29, 2012
അവള്, എന്റെ മകള്‍..
ഉറക്കത്തില്‍ അവള് പുഞ്ചിരിക്കുന്നു.
ഉണര്‍ത്തരുതു്, അവള് സ്വപ്നം കണ്ടുറങ്ങട്ടെ.
അവളുടെ സ്വപ്നങ്ങളെ മുറിയ്ക്കരുതു്,
മഹാദുരിതങ്ങളിലേക്കു് ഉണര്‍ത്തരുതു്.
കനവിലെങ്കിലും അവള് സന്തോഷിക്കട്ടെ,
സുരക്ഷിതയായിരിക്കട്ടെ..
ഉണര്‍ന്നാലീ പൊള്ളുന്ന നാടിന്റെ
നീറുന്ന നേരിലേയ്ക്കു് അവള് ചെന്നുവിഴും.
ഇരുകാലികളുടെ വനത്തില്‍ അവള്
അനുനിമിഷം അവമതിയുടെ
ചെളിക്കുണ്ടില്‍ താഴ്ത്തപ്പെടാം..
വേട്ടനായ്ക്കള്‍ കൊതിയൂറുന്ന നാവുമായ്
പിന്നാലെ പാഞ്ഞുചെന്നേക്കാം..
ഇരുളിന്റെ മറവിലും, പകലിന്റെ തെളിവിലും,
തെരുവിന്റെ കോണിലും, അവള് കടിച്ചുകീറപ്പെടാം.
പായുന്ന തെരുവില്‍ ഒരു പഴന്തുണിപോലെ
വലിച്ചെറിയപ്പെടാം..
മൂകനും ബധിരനുമായി ഞാന്‍,
ലജ്ജാഹീനമായ ഭീരുത്വം ധരിച്ചു് നിന്നേക്കാം..
നിണത്തിന്റെ ചുവപ്പില്‍ നിറംവാര്‍ന്നുനിന്നേക്കാം.
അതുകൊണ്ട്, അവളെ ഒരിക്കലും ഉണര്‍ത്തരുതു്
എന്നെന്നേയ്ക്കും ഉറങ്ങട്ടെ.
Thursday, December 20, 2012
വര്‍ത്തമാനപ്പക്ഷി -2
ഉഗ്രവാദികളെ ഞാൻ ഭയക്കുന്നില്ല
–
അവർ ഇരുളിന്റെ മറവിൽനിന്ന്
എന്റെ നെഞ്ചിൽ നിറയൊഴിച്ചാലും
എന്റെ ശരീരം നൂറു ഖണ്ഡങ്ങളായ്
ചിതറിച്ചാലും
എന്റെ മനസ്സിനെ കീഴടക്കാനാവില്ല,
എന്നിലെ എന്നെ ഒരിക്കലും കൊല്ലാനാവില്ല….
പക്ഷേ –-
എന്റെ സഹോദരനെ എനിക്കു ഭയമാണു്..
അവൻ വെറുപ്പിന്റെ ഒറ്റ നോട്ടം
കൊണ്ട്, ഒരൊറ്റ വാക്കു കൊണ്ട്,
എന്റെ ശരീരത്തെയും മനസ്സിനെയും
ഭസ്മമാക്കും..
സ്വന്തം കുഞ്ഞിന്റെ മേനിയെ വലിച്ചു
കീറുന്ന
അച്ഛനെ എനിക്കു ഭയമാണു് -–
അയാൾ എന്റെ ഹൃദയത്തെയും വലിച്ചുകീറും.
പൊക്കിൾക്കൊടിയുണങ്ങാത്ത കൺമണിയെ
വിലപേശിവിൽക്കുന്ന അമ്മയെ എനിക്കു
ഭയമാണു് –
അവൾ എന്നെ ഗതികിട്ടാതലയുന്ന
ആത്മാവാക്കും.
തെരുവിന്റെ ഇരുളിൽ സ്ത്രീത്വത്തെ
കടിച്ചുവലിച്ചെറിയുന്ന
മകനെ എനിക്കു ഭയമാണു്
അവൻ എന്നെ പരാജയത്തിന്റെ അവസാന
വാക്കാക്കും.
ഉഗ്രവാദീ, നിനക്കെന്നെ പരാജയപ്പെടുത്താനാവില്ല
പക്ഷേ,
എന്റെ സഹോദരൻ,
എന്റെ മാതാപിതാക്കൾ,
എന്റെ മകൻ, എന്റെ മകൾ,
ദിനംപ്രതി, എന്നെയും എന്റെ ആത്മാവിനേയും
കൊന്നുതിന്നുന്നു..
"ഈശ്വരാ!
എന്റെ നാടൊരു വർത്തമാനപ്പത്രമായ്
മാറുന്നുവല്ലോ"*..
*ഒ. വി. വിജയനോട് കടപ്പാട്
Tuesday, November 20, 2012
വര്‍ത്തമാനപ്പക്ഷി..
ഒരു വെളുത്തപക്ഷിയായ്
ചിറകു കുഴഞ്ഞ്
എന്റെ പൂമുഖത്തു വന്നുവീഴുന്ന
വർത്തമാനപത്രത്തിൽ നിന്നും
ചിതറി വീഴുന്നൂ,
ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തം..
ചിറകിന്നുള്ളിൽ
മിസൈൽ ചിതറിച്ച
സ്വന്തം കുഞ്ഞിന്റെ ശരീരാവശിഷ്ടം
കൈയിലേന്തിയ പിതാവിന്റെ
ദീനമായ കണ്ണുകൾ...
മറ്റു കോലാഹലങ്ങളിലും
വാദപ്രതിവാദങ്ങളിലും
എന്റെ ഹൃദയം ഉടക്കുന്നില്ല...
മനമാകെ ചോരയുടെ നിറം...
എങ്ങും കരിഞ്ഞമാംസഗന്ധം..
നാളത്തെ പ്രഭാതത്തിലും
എന്റെ പൂമുഖത്തു വന്നു വീഴുന്ന
ചിറകൊടിഞ്ഞ പക്ഷീ...
നിന്റെ ഗന്ധവും
നീ വഹിക്കുന്ന ദീനരോദനങ്ങളും
എന്നെ വേട്ടയാടുന്നു...
നിന്നെ ഞാൻ ഭയക്കുന്നു..
Saturday, November 10, 2012
എന്റെ മണ്ണു്
ഇന്നലെ
ഞാന്‍ നടന്ന മണ്ണിനു് ചുവന്ന
നിറമായിരുന്നു..
അതിനു്
വിയര്‍പ്പിന്റെ ഉപ്പുണ്ടായിരുന്നു..
എന്നോ
കൊഴിഞ്ഞു വീണ ഇലകളുടെ ഗന്ധവും
ഓര്‍മകളുടെ
ആര്‍ദ്രതയും ഉണ്ടായിരുന്നു..
ഇന്നു
ഞാന്‍ നില്ക്കുന്ന മണ്ണിനും
ചുവന്ന നിറമാണു്..
അതിനു്
കണ്ണീരിന്റെ ഉപ്പും,
ചോരയുടെ
മണവും,
ചവിട്ടിമെതിക്കപ്പെട്ട
സ്വപ്നങ്ങളുടെ ഗന്ധവും,
പെയ്തൊഴിയാത്ത
ദുഃഖത്തിന്റെ നനവുമാണു്...
കാലം
തകര്‍ത്തു പെയ്ത മാനത്തിനു
ചുവട്ടില്‍
എല്ലാം
നഷ്ടപ്പെട്ട എന്റെ(?)
മണ്ണു്
വലിഞ്ഞു
കീറി,
നിണം
വാര്‍ന്നു്,
മറ്റൊരു
പെണ്ണായി
എനിക്കും
അന്യയായി,
കണ്ണീര്
വറ്റിക്കിടക്കുന്നു..
വിറയാര്‍ന്ന
നനഞ്ഞ കൈകളാല്‍
എന്നെച്ചുറ്റിപ്പീടിക്കാനായുന്നു.
ഞാനോ,
അവളില്‍നിന്നു്
ഓടിയകലാനും..
Sunday, July 04, 2010
ഘന ശ്യാമ സന്ധ്യ.. മറയുമ്പോള്‍..
എഴുപതുകളിലും എണ്‍പതുകളിലും ഞങ്ങളുടെ ബാല്യ-കൗമാര-യൗവനങ്ങളെ സാന്ദ്രമാക്കിയ ഈണങ്ങള്‍.. ഘനശ്യാമസന്ധ്യാഹൃദയവും, ഓടക്കുഴല്‍ വിളിയും, പൂമുണ്ടും തോളത്തിട്ടും...
സിനിമാഗാനങ്ങളെ ബഹുദൂരം പിന്നിലാക്കി, ആകാശവാണിയെ ഞങ്ങളുടെ ഹൃദയസ്വരമാക്കി മാറ്റി, മലയാളത്തിനു് സ്വന്തമായൊരു ലളിതസംഗീത ശാഖയുണ്ടാക്കിയ മാഹാനായ സംഗീതജ്ഞന്.. ഇല്ലാതാവുമ്പോള്‍ ആ മധുരഗാനങ്ങള്‍ പെയ്തിറങ്ങിയ ഞങ്ങളുടെ തലമുറയുടെ മനസ്സാണ് നിശ്ശബ്ദമാവുന്നത്.
യുവജനോത്സവവേദികളില്‍ ഞങ്ങള്‍ ഈ മനോഹരഗാനങ്ങളുടെ മികവില്‍ ആവോളം മുഴുകുകയായിരുന്നു...
ഞങ്ങളുടെ ഹൃദയങ്ങളെ സംഗീതത്തോടടുപ്പിച്ച മഹാഗായകാ... ഒരു തലമുറയുടെ നമോവാകം!
ഈ നെറികേടുകളുടെ ലോകത്തില്‍, അര്‍ഹിക്കുന്ന അംഗീകാരം നല്കാന് മാന്യതകാണിക്കാത്ത ഈ സമൂഹത്തില്‍ മധുരമായൊരു പ്രതികാരംപോലെ അങ്ങയുടെ മനോജ്ഞഗാനങ്ങള്‍ ഒരിക്കലും വിനാശമില്ലാതെ നിലകൊള്ളും...
ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീ. എം. ജി. രാധാകൃഷ്ണന്, വേദനയയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...
സിനിമാഗാനങ്ങളെ ബഹുദൂരം പിന്നിലാക്കി, ആകാശവാണിയെ ഞങ്ങളുടെ ഹൃദയസ്വരമാക്കി മാറ്റി, മലയാളത്തിനു് സ്വന്തമായൊരു ലളിതസംഗീത ശാഖയുണ്ടാക്കിയ മാഹാനായ സംഗീതജ്ഞന്.. ഇല്ലാതാവുമ്പോള്‍ ആ മധുരഗാനങ്ങള്‍ പെയ്തിറങ്ങിയ ഞങ്ങളുടെ തലമുറയുടെ മനസ്സാണ് നിശ്ശബ്ദമാവുന്നത്.
യുവജനോത്സവവേദികളില്‍ ഞങ്ങള്‍ ഈ മനോഹരഗാനങ്ങളുടെ മികവില്‍ ആവോളം മുഴുകുകയായിരുന്നു...
ഞങ്ങളുടെ ഹൃദയങ്ങളെ സംഗീതത്തോടടുപ്പിച്ച മഹാഗായകാ... ഒരു തലമുറയുടെ നമോവാകം!
ഈ നെറികേടുകളുടെ ലോകത്തില്‍, അര്‍ഹിക്കുന്ന അംഗീകാരം നല്കാന് മാന്യതകാണിക്കാത്ത ഈ സമൂഹത്തില്‍ മധുരമായൊരു പ്രതികാരംപോലെ അങ്ങയുടെ മനോജ്ഞഗാനങ്ങള്‍ ഒരിക്കലും വിനാശമില്ലാതെ നിലകൊള്ളും...
ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീ. എം. ജി. രാധാകൃഷ്ണന്, വേദനയയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...
Subscribe to:
Posts (Atom)