Friday, February 21, 2014

ലോക മാതൃഭാഷാദിനം - ഞാനോര്‍മിക്കുന്നതു്.

ഇന്നു് ലോകമാതൃഭാഷാ ദിനം. ഇന്നു് ആരെയാണു് ഞാന്‍ ആദ്യം ഓര്‍ക്കേണ്ടതു്? ഒട്ടും സംശയിക്കാനില്ല എനിക്കു് - ഇന്നു് ആദ്യമായി ഞാന്‍ ഓര്‍ക്കേണ്ടതു് മലയാളത്തിന്റെ മധുരമുള്ള അക്ഷരങ്ങളെ എനിക്കു പറഞ്ഞൂതന്ന എന്റെ എഴുത്താശാന്‍ - ദാനിയേല്‍ ആശാന്‍! പേരുകേട്ട് നെറ്റി ചുളിക്കേണ്ട! അങ്ങനെയും ഒരു ആശാന്‍ ഉണ്ടായിരുന്നു! "ഹരിശ്രീ ഗണപതയേ നമഃ" എന്നും "യേശുമിശിഹായേ നമഃ" എന്നും ഒരുപോലെ  എഴുത്തോലയില്‍ ആദ്യപാഠമായി എഴുതിയിരുന്ന ആശാന്‍.
എന്നും രാവിലെ ആശാന്‍ പള്ളിക്കൂടത്തിലേയ്ക്ക് എഴുത്തോലയുടെ കെട്ടും, ചോറുപൊതിയുമായി ഞങ്ങള്‍ നടക്കും. പോകുന്ന വഴിയില്‍ കാണുന്നവരൊക്കെ എഴുത്തോലക്കെട്ട് വാങ്ങി നോക്കും - എത്ര പാഠമായി? എത്ര ഓലയായി? എന്നൊക്കെ ചോദ്യം. ഓലയുടെ എണ്ണമായിരുന്നു മിടുക്കിന്റെ മാനദണ്ഡം!  ഒരു ഓലയില്‍ നാലു പാഠമാണു്(അക്ഷരം) ഉണ്ടാകുക. അതു കഴിയുമ്പോള്‍ ആശാന്‍ പുതിയ ഓല കൊണ്ടുവരാന്‍ ആവശ്യപ്പെടും.വീട്ടിലെത്തിയാല്‍ ഓല സംഘടിപ്പിക്കാനായി ഓട്ടം.. പിറ്റേന്നു് പുതിയ ഓലയും കൂടി പിടിച്ച് ഗമയില്‍ നാട്ടുകാരുടെ മുമ്പിലൂടെ നടക്കും. മിടുക്കന്‍! പുതിയ ഓലയായല്ലോ, ഇന്നു പുതിയ പാഠം കിട്ടുമല്ലോ - എന്നു് ആരെങ്കിലുമൊക്കെ പറയുന്നതോടെ ഗമ വര്‍ദ്ധിക്കും.
ആശാന്‍ പള്ളിക്കൂടത്തിലെത്തിയാല്‍ ( വലിയൊരു ഓലഷെഡ്ഡായിരുന്നു അതു് - ആശാന്റെ വീടിനോടു ചേര്‍ന്നു്), തടുക്ക്(തെങ്ങോലകൊണ്ടുള്ള ചെറിയ പായ) എടുത്തിട്ട് നിരനിരയായി ഇരിക്കും. മുമ്പില്‍ പൊടിമണല്‍ നിരത്തി, അതിനു മുമ്പില്‍ എഴുത്തോല നിവര്‍ത്തി വച്ച് എഴുത്തു തുടങ്ങും. പുതിയ അക്ഷരമാണെങ്കില്‍ ആശാന്‍ കൈയില്‍ പിടിച്ച് എഴുതിക്കും. മുറ്റത്ത് തെങ്ങിന്‍ ചുവട്ടില്‍ ചെറിയൊരു ബഞ്ചിലാണു് ആശാന്‍ ഇരിക്കുക.. പിന്നെ ഓരോരുത്തരുടെയും അടുത്തുവരും. പഠിച്ചത് തെറ്റുകൂടാതെ എഴുതിക്കാണിച്ചാല്‍ തെങ്ങിന്‍ ചുവട്ടിലെ ബഞ്ചിനരികിലേയ്ക്ക് വിളിക്കും. പിന്നെ ഓലയില്‍ നാരായം കൊണ്ട് 'കിരു കിരാ' എന്നു് പുതിയ പാഠം എഴുതുകയായി.. ലോകത്തില്‍വച്ച് ഏറ്റവും സുന്ദരമായ ശബ്ദങ്ങളിലൊന്നായി അന്നു തോന്നിയിരുന്നതു് ഈ 'കിരുകിരാ' ശബ്ദമാണു്! പുതിയ ഓലയാണെങ്കില്‍ ആശാന്‍ അതിന്റെ രണ്ടറ്റവും ഭംഗിയായി മുറിച്ച്, ഒരറ്റത്ത് 'മത്തിത്തല' യുണ്ടാക്കി, നടുവിലൊരു തുളയുണ്ടാക്കി, പാഠമെഴുതിയശേഷം മറ്റു ഓലകളുമായിച്ചേര്‍ത്ത് ചരടില്‍ ബന്ധിക്കുന്നു.
ഉച്ചയ്ക്ക് ആശാന്റെ വീടിന്റെ വരാന്തയില്‍ നിരന്നിരുന്നു ചോറൂണു്.. അതിന്റെ ചുമതല ആശാട്ടിക്കാണു്.. ഓരോരുത്തരേയും ശ്രദ്ധിക്കുന്നു.( ആശാട്ടി ചിലപ്പോള്‍ പഠിപ്പിക്കാനും കൂടും). അങ്ങനെ അക്ഷരങ്ങളൊക്കെ പഠിച്ച് സ്കൂളിലെത്തിയാലും ആശാന്റെ പ്രസക്തി തീരുന്നില്ല.. എന്നും എന്റെ വീട്ടില്‍ വൈകിട്ട് ചേട്ടന്മാരെ പഠിപ്പിക്കാനും ദാനിയേല്‍ ആശാന്‍ എത്തിയിരുന്നു.. (അക്കാലത്തെ ട്യൂഷന്‍ എന്നു പറയാം).
ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രധാന സമയങ്ങളിലും ആശാന്റെ സാന്നിദ്ധ്യം ഉണ്ടാകണമെന്നു് അദ്ധ്യാപകനായിരുന്ന ഞങ്ങളുടെ അച്ഛനു് നിര്‍ബന്ധമുണ്ടായിരുന്നു. പരീക്ഷകള്‍ക്കു പോകുമ്പോള്‍, പിറന്നാളുകളില്‍, ആദ്യമായി കോളേജിലേയ്ക്കു പോകുമ്പോള്‍, പരീക്ഷയുടെ റിസല്‍ട്ട് വരുമ്പോള്‍, ഇന്റര്‍വ്യൂവിനു പോകുമ്പോള്‍. ജോലിക്കു പ്രവേശിക്കുമ്പോള്‍ അങ്ങനെ എല്ലാ സമയത്തും ആശാന്‍ വീട്ടിലെത്തും. അടയ്ക്കയും വെറ്റിലയും ചേര്‍ന്ന ദക്ഷിണവാങ്ങി, തലയില്‍ കൈവച്ച് മനസ്സില്‍ തട്ടി ആശാന്‍ പ്രാര്‍ത്ഥിക്കും.. ഒരേ പ്രാര്‍ത്ഥന " സര്‍വശക്തനായ ദൈവമേ... എന്റെ കുഞ്ഞിന്റെ കൂടെയുണ്ടാവണേ.. അവന്റെ സുഖത്തിലും ദുഃഖത്തിലും അവനു തുണയായിരിക്കണേ.. അവനു നല്ലവഴി നീ കാട്ടിക്കോടുക്കണേ......" അങ്ങനെ പോകുന്ന പ്രാര്‍ത്ഥന.. ഓരോ തുടക്കങ്ങളിലും ആ പ്രാര്‍ത്ഥന എനിക്കു നല്‍കിയിരുന്ന ഊര്‍ജ്ജം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അത് ഒരു പ്രകമ്പനമായി എന്നില്‍ നിറഞ്ഞുനിന്നു. അവസാനത്തെ പ്രാര്‍ത്ഥന ജോലിയില്‍ പ്രവേശിക്കാനായി എന്നെ യാത്രയാക്കുമ്പോഴായിരുന്നു.. എന്റെ വിവാഹത്തിനു് ആശിര്‍വാദം തരുംമുമ്പേ, ഒരു പൂ കൊഴിയുന്നതു പോലെ ആശാന്‍ യാത്രയായി..
എങ്കിലും ജീവിതത്തിലെ ഓരോ പ്രധാന സംഭവങ്ങള്‍ക്കും മുമ്പ് എന്നും ദാനിയേല്‍ ആശാന്‍  ഒരു പ്രാര്‍ത്ഥനയായി എന്നില്‍ നിറയുന്നു.. ഒരു ഊഷ്‌മളമായ കരം എന്റെ തലയില്‍ സ്പര്‍ശിക്കുന്നു.. ഒരു പ്രാര്‍ത്ഥന എന്റെ ചെവിയില്‍ മുഴങ്ങുന്നു "സര്‍വശക്തനായ ദൈവമേ.....".
ഇന്നു് ഞാന്‍ വേറാരെയാണു് ഓര്‍ക്കുക!


തിരിഞ്ഞു നടക്കാന്‍...

കഴിയുമെങ്കില്‍,
ഈ വഴിയൊന്നു
പിന്‍‌തിരിഞ്ഞൂ നടക്കണമെന്നുണ്ട് !
കണ്ടേക്കാവുന്ന ചിലരോടെങ്കിലും
ചിലതൊക്കെ ചോദിക്കാനുണ്ട് !
ഒരു പുഞ്ചിരിക്കു പിന്നിലൂടെയെന്‍
നെഞ്ചിലൊരു കത്തിയാഴ്‌ത്തിയതെ-
ന്തിനെന്നവനോടു ചോദിക്കാനുണ്ട് !
ഓര്‍‌മതന്‍ ചില്ലിനു പിന്നിലെന്നച്ഛന്നു
ബാക്കിവച്ചൊരു ചുംബനം നല്‍കാനുണ്ട് !
പിന്നെയെന്‍ യൗവന സൗഹൃദങ്ങളോട-
രനിമിഷം കടം ചോദിക്കുവാനുണ്ട് !
വട്ടയിലയില്‍ വിളമ്പാനൊത്തിരി സ്നേഹം
എന്‍സോദരങ്ങളോടു ചോദിക്കാനുണ്ട് !
പട്ടുപാവാടത്തുമ്പുലയുമ്പോള്‍ ചിലമ്പുന്ന
വെള്ളിക്കൊലുസുള്ളവളോടെന്‍
ഹൃദയം തിരികെച്ചോദിക്കാനുണ്ട് !
ഓലയിലെഴുത്താണിയാലുണ്മയാമക്ഷരം
സംഗീതമായ് പൊഴിച്ച ഗുരുവിന്‍
കാല്‍തൊട്ടു വണങ്ങാനുണ്ട് !
അതേ,
കഴിയുമെങ്കില്‍ ഈ വഴിയൊന്നു
പിന്‍‌തിരിഞ്ഞു നടക്കണമെന്നുണ്ട് !
ചില കടങ്ങള്‍ തീര്‍ക്കുവാനുമുണ്ട് !!

Wednesday, December 25, 2013

പ്രേയസി.


പ്രേയസി, തുലാവര്‍ഷം പോലെ..

ഉച്ചവെയിലിന്റെ ഉഷ്ണ സ്വേദത്തില്‍
ഉഗ്രമാം മിന്നല്‍പിണറായെന്റെ
നെഞ്ചുപൊള്ളിക്കുവോള്‍.

പിന്നൊരു മേഘനാദമായെന്റെ
ഹൃദയം പിളര്‍ത്തുവോള്‍.

ആര്‍ത്തലയ്ക്കുന്ന പേമാരിയായ് പിന്നെയെന്നില്‍
ചാലുകള്‍ തീര്‍ത്തു കുത്തൊഴുക്കാവുന്നവള്‍.

ഒടുവിലൊരു നനുനനുത്തമഴയായാ ചാലുകളില്‍
കുളിരായ് നിറഞ്ഞെന്റെ മനംകുളുര്‍പ്പിക്കുന്നവള്‍.

പ്രേയസി, തുലാവര്‍ഷം പോലെ.

Wednesday, October 30, 2013

കോരന്റെ നിരാഹാരം


വാഴുന്നോരെ വീഴ്ത്താനായ്
വാഴാത്തോരുടെ പഞ്ചനക്ഷത്രസമരത്തിന്റെ
ആറുകോളം വാര്‍ത്തക്കടിയിലെങ്ങും
കോരന്റെ നിരാഹാരം ഒരു വാര്‍ത്തയേ ആയില്ല.
വികസനവണ്ടി വേരോടെ പിഴുതെറിഞ്ഞതാണു
കോരന്റെ കുടിലെന്നതിനാല്‍
ഭൂമിതട്ടിപ്പുകേസിന്റെ വാര്‍ത്തയ്ക്കുശേഷംപോലും
കോരന്‍ ചാനല്‍വാര്‍ത്തയായില്ല!
ഒരു പീഢനവാര്‍ത്തയുടെ കുളിരില്ലാഞ്ഞതിനാല്‍
ചാഞ്ഞിരുന്നും ചരിഞ്ഞിരുന്നും വാര്‍ത്തവായിക്കുന്നവര്‍ക്കു്
കോരന്റെ വിശപ്പ് ഒരു വാര്‍ത്തയേ ആയില്ല.
കഞ്ഞിപോയിട്ട് കഞ്ഞിവെള്ളംപോലുമില്ലാഞ്ഞിട്ട്
കുമ്പിളെന്നേ എറിഞ്ഞു കളഞ്ഞതിനാല്‍
ഓണംപിറന്നിട്ടും കവികളാരും
കോരനേക്കുറിച്ചു പാടിയേയില്ല!
തന്റെ സ്വപ്നത്തോളം ഇരുണ്ട മേനിയായതിനാല്‍
ക്യാമറക്കണ്ണുകള്‍ അവനെക്കണ്ടതേയില്ല!
ഹരിതമായതൊന്നും സ്വന്തമായില്ലാത്തതിനാല്‍
ഹരിതവാദികളുടെ അന്തിച്ചര്‍ച്ചയുടെ ഏഴയലത്തു്
കോരന്‍ കടന്നുവന്നേയില്ല!
സ്വാമിയല്ലാത്തതുകൊണ്ട് സമാധിയായില്ല.
ബിഷപ്പല്ലാത്തതിനാല്‍ കാലംചെയ്തില്ല.
നാടുവാഴിയല്ലാത്തതിനാല്‍ നാടുനീങ്ങിയില്ല.
തിരുമനസ്സല്ലാത്തതിനാല്‍ തീപ്പെട്ടില്ല.
പകരം -
പട്ടിണിയുടെ ഏഴാംനാള്‍
കോരന്‍ ചത്തുപോയി...
പതിവുപോലെ,
അതും വാര്‍ത്തയായില്ല!

Monday, December 31, 2012

നവവത്സരാശംസകള്‍

മഹാദുരിതങ്ങളൊരുക്കിയ ചിതയില്‍നിന്നു്
നിങ്ങള്‍ക്കു്  എന്റെ നവവത്സരാശംസകള്‍!
ചോര ചുവയ്ക്കുന്ന ചുണ്ടുകളാല്‍
എന്റെ നവവത്സരാശംസകള്‍!
ആര്‍ക്കോവേണ്ടി തെരുവില്‍ മരിച്ചുവീഴുന്ന
സഹോദരന്റെ ഓര്‍മ്മയില്‍നിന്നു്   
ചോര കിനിയുന്ന നവവത്സരാശംസകള്‍!
മാനംപോയ മകളുടെ ചിതറിയ
ശരീരാവശിഷ്ടങ്ങളില്‍നിന്നു്
നിങ്ങളെല്ലാവര്‍ക്കും നവവത്സരാശംസകള്‍!
ഭരിച്ചു കൊതിതീരാത്ത രാജാക്കന്മാരുടെ
നാട്യഗൃഹങ്ങളില്‍നിന്നു് നവവത്സരാശംസകള്‍!
വഴിയോരത്തു മരിച്ചുവീണ കുഞ്ഞിന്റെ
ഇനിയുമടങ്ങാത്ത വിശപ്പില്‍നിന്നു്-

എന് നവവത്സരാശംസകള്‍!
എന്റെ നാടിന്റെ പൊള്ളുന്ന ഇന്നില്‍നിന്നു്
നല്ല നാളേയ്ക്കു് എന്റെ നവവത്സരാശംസകള്‍!
എല്ലാര്‍ക്കുമെല്ലാര്‍ക്കും നവവത്സരാശംസകള്‍!

Saturday, December 29, 2012

അവള്‍, എന്റെ മകള്‍..

ഉറക്കത്തില്‍ അവള്‍ പുഞ്ചിരിക്കുന്നു.
ഉണര്‍ത്തരുതു്, അവള്‍ സ്വപ്നം കണ്ടുറങ്ങട്ടെ.
അവളുടെ സ്വപ്നങ്ങളെ മുറിയ്ക്കരുതു്,
മഹാദുരിതങ്ങളിലേക്കു് ഉണര്‍ത്തരുതു്.
കനവിലെങ്കിലും അവള്‍ സന്തോഷിക്കട്ടെ,
സുരക്ഷിതയായിരിക്കട്ടെ..
ഉണര്‍ന്നാലീ പൊള്ളുന്ന നാടിന്റെ
നീറുന്ന നേരിലേയ്ക്കു് അവള്‍ ചെന്നുവിഴും.
ഇരുകാലികളുടെ വനത്തില്‍ അവള്‍
അനുനിമിഷം അവമതിയുടെ
ചെളിക്കുണ്ടില്‍ താഴ്ത്തപ്പെടാം..
വേട്ടനായ്ക്കള്‍ കൊതിയൂറുന്ന നാവുമായ്
പിന്നാലെ പാഞ്ഞുചെന്നേക്കാം..
ഇരുളിന്റെ മറവിലും, പകലിന്റെ തെളിവിലും,
തെരുവിന്റെ കോണിലും, അവള്‍ കടിച്ചുകീറപ്പെടാം.
പായുന്ന തെരുവില്‍ ഒരു പഴന്തുണിപോലെ
വലിച്ചെറിയപ്പെടാം..
മൂകനും ബധിരനുമായി ഞാന്‍,
ലജ്ജാഹീനമായ ഭീരുത്വം ധരിച്ചു് നിന്നേക്കാം..
നിണത്തിന്റെ ചുവപ്പില്‍ നിറംവാര്‍ന്നുനിന്നേക്കാം.
അതുകൊണ്ട്, അവളെ ഒരിക്കലും ഉണര്‍ത്തരുതു്
എന്നെന്നേയ്ക്കും ഉറങ്ങട്ടെ.

Thursday, December 20, 2012

വര്‍ത്തമാനപ്പക്ഷി -2


ഉഗ്രവാദികളെ ഞാൻ ഭയക്കുന്നില്ല –
അവർ ഇരുളിന്റെ മറവിൽനിന്ന്
എന്റെ നെഞ്ചിൽ നിറയൊഴിച്ചാലും
എന്റെ ശരീരം നൂറു ഖണ്ഡങ്ങളായ് ചിതറിച്ചാലും
എന്റെ മനസ്സിനെ കീഴടക്കാനാവില്ല,
എന്നിലെ എന്നെ ഒരിക്കലും കൊല്ലാനാവില്ല….
പക്ഷേ –-
എന്റെ സഹോദരനെ എനിക്കു ഭയമാണു്..
അവൻ വെറുപ്പിന്റെ ഒറ്റ നോട്ടം കൊണ്ട്, ഒരൊറ്റ വാക്കു കൊണ്ട്,
എന്റെ ശരീരത്തെയും മനസ്സിനെയും ഭസ്മമാക്കും..
സ്വന്തം കുഞ്ഞിന്റെ മേനിയെ വലിച്ചു കീറുന്ന
അച്ഛനെ എനിക്കു ഭയമാണു്  -–
അയാൾ എന്റെ ഹൃദയത്തെയും വലിച്ചുകീറും.
പൊക്കിൾക്കൊടിയുണങ്ങാത്ത കൺമണിയെ
വിലപേശിവിൽക്കുന്ന അമ്മയെ എനിക്കു ഭയമാണു് –
അവൾ എന്നെ ഗതികിട്ടാതലയുന്ന ആത്മാവാക്കും.
തെരുവിന്റെ ഇരുളിൽ സ്ത്രീത്വത്തെ കടിച്ചുവലിച്ചെറിയുന്ന
മകനെ എനിക്കു ഭയമാണു്
അവൻ എന്നെ പരാജയത്തിന്റെ അവസാന വാക്കാക്കും.
ഉഗ്രവാദീ, നിനക്കെന്നെ പരാജയപ്പെടുത്താനാവില്ല
പക്ഷേ,
എന്റെ സഹോദരൻ,
എന്റെ മാതാപിതാക്കൾ,
എന്റെ മകൻ, എന്റെ മകൾ,
ദിനംപ്രതി, എന്നെയും എന്റെ ആത്മാവിനേയും കൊന്നുതിന്നുന്നു..
"ഈശ്വരാ!
എന്റെ നാടൊരു വർത്തമാനപ്പത്രമായ് മാറുന്നുവല്ലോ"*..

*ഒ. വി. വിജയനോട് കടപ്പാട്