Monday, March 02, 2015

മുടന്തുള്ള ആട്ടിന്‍‌കുട്ടി

ജന്മനാ മുടന്തനായ
ആട്ടിന്‍‌കുട്ടി -
അമ്മയുടെ മുലപ്പാലിന്
അവസാനാവകാശം മാത്രമുള്ളവന്‍.
ബലിപീഠത്തിലെ
മരണത്തിലേക്കുള്ള യാത്രയിലും
പിന്നിലായിപ്പോയോന്‍!
ആ മരണയാത്രയിലെപ്പോഴോ
ആ മൃദുകരങ്ങളവനെപ്പൊതിഞ്ഞ്
നെഞ്ചോട് ചേര്‍ത്ത് പിടിക്കവേ,
അവനറിയുന്നാ ഹൃത്തില്‍നിന്നും
അലിഞ്ഞിറങ്ങുന്ന ശാന്തി!
അവനിപ്പോള്‍ മുന്നിലാണ്-
ബലിപീഠത്തിലേക്ക് നയിക്കപ്പെടുന്ന
ആട്ടിന്‍പറ്റത്തിന്റെ മുന്നില്‍.
അവനിപ്പോള്‍ സമാധിയിലാണ്-
സുഖദുഃഖങ്ങളില്ലാത്ത സമാധിയില്‍.
അവനിപ്പോളാക്കൈകളുടെ സുരക്ഷയിലാണ് -
ആര്‍ദ്രമാനസന്‍ തഥാഗതന്റെ കൈകളില്‍.
അവനെ നൊഞ്ചോടടുക്കി,
യാഗശാലയിലെത്തുന്നൂ ഗൗതമന്‍.
അവന്റെ നിറുകയില്‍ തലോടി,
അമൃതം, മനോജ്ഞമാ വാണിയാല്‍
അരചന്റെ മനമലിയിക്കുന്നൂ സിദ്ധാര്‍ത്ഥന്‍!
ആരുടെ ചോരയാല്‍
ആരുടെ പാപം കഴുകാനാവും!
മുടന്തുള്ള ആട്ടിന്‍‌കുട്ടി -
അവനിനിയെന്നും ആ കൈകളില്‍,
ആ കരുണാര്‍ദ്ര ഹൃദയത്തെ തൊട്ട്,
മരണത്തില്‍നിന്നും
അമരത്വത്തിലേക്ക്
മുടന്തില്ലാതെ നടന്നവന്‍!

പടിയിറങ്ങുന്നൂ ഡിസംബര്‍

പടിയിറങ്ങുന്നൂ ഡിസംബര്‍,
പോകും വര്‍ഷത്തിന്‍ കരംപിടീച്ചെന്‍
പീടയും മനസ്സിന്റെ വാതിലും തുറന്നിനിയും
ബാക്കിയാം ദിനങ്ങള്‍തന്‍ പടിചവിട്ടി.

പടിയിറങ്ങുന്നൂ ഡിസംബര്‍,
പകലറുതിയിലൊന്നും പറയാതെ
പാതി കരിഞ്ഞ കിനാക്കളും
പാതിയൊഴിഞ്ഞ മനസ്സും ബാക്കിയായ്.

പടിയിറങ്ങുന്നൂ ഡിസംബര്‍,
പലദിനങ്ങളും കുഞ്ഞുമക്കള്‍തന്‍
ചോരയില്‍ മുക്കിയ കൈകളുമായിനിയും
പകതീരാത്തൊരു കൊലയാളീയായ്

പടിയിറങ്ങുന്നൂ ഡിസംബര്‍
കലണ്ടറിന്നവസാനതാളിലും
ചെന്നീരൊഴുക്കി തുടുത്തപോല്‍
ചുവന്നക്കങ്ങളെ ബാക്കിയാക്കി!

പടിയിറങ്ങുന്നൂ ഡിസംബറെന്‍
മനമാകെ ശുന്യത ബാക്കിയാക്കി
പുത്തന്‍ കിനാവുമായി പടികയറുന്നൂ ജനുവരി
പുതിയൊരു വര്‍ഷത്തിന്‍ കൈപിടിച്ച്!

കാടുതീണ്ടിയോളെൻ പൊന്നുമോള്

കാടുതീണ്ടിയോളെൻ പൊന്നുമോള്
കാവുതീണ്ടിയോളെൻ പൊന്നുമോള്.
അവളെ കാക്കണേ നാഗത്താന്മാരേ
കാവുവാഴുന്ന നാഗത്താന്മാരേ!
കരകടന്നവളെൻ പൊന്നുമോള്
കടൽകടന്നവളെൻ പൊന്നുമോള്
അവളെ കാക്കണേ നാഗത്താന്മാരേ
കാവുവാഴുന്ന നാഗത്താന്മാരേ!
അവളെ കീറുവാൻ, കീറീമുറിക്കുവാൻ
അലറിവീഴുന്നിരുകാലിക്കൂട്ടം
അവരിൽനിന്നും കാത്തുരക്ഷിക്കണേ
അടവിവാഴുന്ന നാഗത്താന്മാരേ!
കരളുതിന്നാൻ തുനിയുന്ന വർഗം
കരമമർത്തിപ്പിടിക്കുവാനായവേ
കൊടിയതാം നിൻ വിഷപ്പല്ലുകളാഴ്ത്തി
കാത്തുരക്ഷിക്കെന്റെ നാഗത്താന്മാരേ!
ആഴികൂട്ടിച്ചുട്ടെടുക്കാനായി
ആഞ്ഞടുക്കുന്ന ചെന്നായ്ക്കളീന്നും
അടിതെറ്റി വീഴാതെയോടിയെന്മോളേ
അരികെച്ചേർക്കെന്റെ നാഗത്താന്മാരേ!
ഇനിയവൾക്കായ് തുണചെയ്തുനിൽക്കാൻ,
ഇനിയവരോടു പോരാടിനിൽക്കാൻ
ഇനിയവരെക്കടിച്ചങ്ങുവീഴ്ത്താൻ
ഇനിയുമാവില്ലേ നാഗത്താന്മാരേ?
എങ്കിലൊന്നേ പറയാനെനിക്കുള്ളൂ
നൽക,നീനിൻ വിഷപ്പല്ലവൾക്കായ്
കൊത്തിവിഴ്ത്തട്ടെയാ വിഷദൃംഷ്ടയാൽ
ചത്തുപോകുമ്മുന്നേക്കവളൊന്നിനെ!

കുഞ്ഞുപെങ്ങള്‍

കാലവര്‍ഷാരംഭം
വിദ്യാലയ വര്‍ഷാരംഭം..
വയല്‍ വരമ്പിലൂടെ
വാഴയിലക്കുടയും ചൂടി
തോളത്ത് പുസ്തകവും
മറുകൈയിലെ ചൂണ്ടുവിരലില്‍
കുഞ്ഞുപെങ്ങളും..
തവളക്കുഞ്ഞനൊരു തട്ട്കൊടുത്ത്
വെള്ളം പളുങ്കുമണിപോലെ തെറിപ്പിച്ച്
നനഞ്ഞുകുഴഞ്ഞൊട്ടി
കുന്നുകയറി
ഒന്നാം മണിക്കുമുമ്പേ
സ്കൂള്‍ വരാന്തയിലെത്തി
ഒന്നാം ക്ലാസ്സിന്റെ വാതിലിലെത്തി
പുസ്തകസഞ്ചിയും പൊതിച്ചോറും
കൈയില്‍കൊടുക്കുമ്പോള്‍
ചിണുങ്ങുന്നൊരാള്‍..
"ച്ച് സൂളിപ്പോണ്ട!"

ഞാനെന്ന ഭാവം

പിറന്ന് വീണത്
ഇരുമുഷ്ടികളും ചുരുട്ടി
എല്ലാം പിടിച്ചടക്കാനാണ്.
എന്റെ അമ്മ, എന്റെയഛന്‍,
എന്‍ സോദരനെ,ന്‍സോദരി!
എന്റെ കളിക്കോപ്പ്, എന്റെ പുസ്തകം,
എന്റെ പെന്‍സിലെന്‍ റബ്ബര്‍!
എന്റെ ഷര്‍ട്ട്, എന്റെ നിക്കര്‍..
എന്നെ നോക്കിച്ചിരിച്ചവളെന്‍പെണ്ണ്!
എന്‍ സുഹൃത്തെ,ന്റെ വൈരി!
എന്റെ പാര്‍ട്ടി, യെന്‍ കൊടി!
എന്റെ ജോലി,യെന്‍ ശമ്പളം
എന്റെ പുതിയതാംവീട്!
എന്റെ ഭാര്യ, എന്‍ മക്കള്‍
പിന്നെയെന്‍ ചെറുമക്കള്‍
എന്റെ പെന്‍ഷന്‍,
വൃദ്ധസദനത്തിലെന്‍ കട്ടില്‍...
പിന്നെയെന്‍ ദേഹം ചിതയിലെരിയുമ്പോ-
ളിനി 'ഞാന്‍'? -ശൂന്യം!!
ഓടിക്കിതച്ചതും ചാടിത്തളര്‍ന്നതും
തമ്മിലടിച്ചതും, എന്തിനോപാഞ്ഞതും
എന്തൊക്കെ നേടിയെന്നോര്‍ത്തതുമീ-
ശുന്യതയിലേക്കുള്ള യാത്രയെന്നോ?

എന്റെ നിലാവ്

പെയ്തൊഴിഞ്ഞൂ രാത്രിമഴ.
കരിമേഘ വിരിമാറ്റിയെന്‍
ജാലകപ്പടികള്‍
നനുനനുത്ത വിരലുകളാല്‍
തലോടുന്നൂ,
ഈറന്‍‌നിലാവ്..
ഈ നിശയുമീനിലാവും
എനിക്കുമാത്രം സ്വന്തം

Sunday, August 24, 2014

മലയാളിപ്പെണ്ണ്

ഓര്‍മകളൂടെയോരത്തൊരു
പഴയ ഗ്രാമഫോണ്‍ പാടുന്നു:
"പെരിയാറേ, പെരിയാറേ,
പര്‍വത നിരയുടെ പനിനീരേ.."

പാട്ടിലവള്‍ കുളിരുമായ് കുണുങ്ങി-
നടക്കുമൊരു മലയാളിപ്പെണ്ണ്.
അന്നവള്‍ നീണ്ട നീലവാര്‍‌മുടിച്ചുരുളില്‍
വെണ്‍നുരകളാല്‍ മുല്ലപ്പൂ ചൂടിയ സുന്ദരി.
അഗാധമാംനീലമിഴികളില്‍ കുസൃതിയുള്ളോള്‍.
ഈറനണിഞ്ഞലസഗാമിയായ്, നമ്രശിരസ്കയായ്,
ശിവപ്പെരുമാളിനെ തഴുകി വലംവച്ചോള്‍!
ഇരവില്‍ ചന്ദ്രികയാലൊരു ചന്ദനക്കുറിതൊട്ടും
പുലരിയിലരുണന്റെ കുങ്കുമപ്പൊട്ടുതൊട്ടും
കവിഹൃദയങ്ങളെ അമ്മാനമാടിയോള്‍!
മൃദുപദചലനങ്ങളിലും മഞ്ജീരധ്വനിയുയര്‍ത്തിയോള്‍ -
കുണുങ്ങിനടന്നൊരു മലയാളിപ്പെണ്ണ്!

ഇന്നുമവള്‍ മലയാളി മങ്കതന്നെ!
ചുവപ്പുംനീലയും മഞ്ഞയുംപച്ചയും നിറമിട്ട്
തോളൊപ്പം വെട്ടിയൊതുക്കിയ
കുഞ്ഞോളങ്ങളുടെ മുടിയുലച്ചും
വെളുത്ത നഗ്നമാം ചുമലുകാട്ടിയും
ഇറുകിമെലിഞ്ഞ നരച്ചനീലക്കാല്‍ശരായിയും
ചുണ്ടിലും കവിളിലും അരുണിമപൂശിയും
മടമ്പുയര്‍ന്നപാദുകമഴിക്കാനേറേ മടിച്ചും
ശിവസവിധത്തില്‍നിന്നേറെയകന്ന്
ചത്ത പരല്‍‌മീനുകളുടെ കണ്ണീനാല്‍ കടാക്ഷിച്ചും,
ഞൊണ്ടിമുടന്തിനീങ്ങുന്നൂ -
പുതിയകാലത്തിന്റെ മലയാളിപ്പെണ്ണ്!