Sunday, August 30, 2015

ജാതിചിന്ത

എന്റെ ജാതി, എന്ന് ഞാന്‍ അഭിമാനിച്ചിരുന്നില്ല.
അതെന്നെ അപമാനിച്ചുമില്ല..
ഉല്‍കൃഷ്ടമെന്നൊ, അധമമെന്നോ തോന്നിച്ചിട്ടില്ല.
എന്റെ ജാതിയായതുകൊണ്ടുമാത്രം ആരും ബന്ധുവായില്ല
അല്ലാത്തതുകൊണ്ടുമാത്രം ആരും ശത്രുവുമായില്ല..
ആരിലേക്കുമുള്ള വഴിയില്‍ മതിലുകള്‍ തീര്‍ത്തില്ല..
ഒരു പൊതിച്ചോറും പങ്കിടാതെ പോയില്ല..
ഒരു പാലവും ഹൃദയത്തിലേക്ക് തുറക്കാതെ പോയില്ല..
എന്നിട്ടും -
ഞാന്‍പോലുമറിയാതെ, എന്നെ പിളര്‍ക്കാന്‍ -
അതെങ്ങനെ നിനക്കായുധമായി !

Wednesday, August 12, 2015

എന്റെ കൊടികള്‍


ആദ്യം കൊടിപിടിച്ചത്
അതിര്‍ത്തിയില്‍ യുദ്ധം...
കൊടുമ്പിരിക്കൊണ്ടപ്പോഴാണ്,
വംഗദേശത്തെ അഭയാര്‍ത്ഥി പ്രവാഹം
കേട്ടറിഞ്ഞപ്പോഴാണ്..
നാലാംക്ലാസ്സുകാരോട്
ഗാന്ധിക്കണ്ണടയുള്ള,
ഗാന്ധിജിയുടെ തലയുള്ള,
ഖദര്‍ജൂബ്ബയിട്ട,
വര്‍ക്കിമത്തായിസാര്‍
പറഞ്ഞപ്പോഴാണ്-
"നാളെ നാടിന് ഐക്യദാര്‍ഢ്യറാലി,
മൂവര്‍ണക്കൊടി വേണം കൈയില്‍"

കാവി, വെള്ള, പച്ച,
കടലാസുകഷണങ്ങള്‍
ഒട്ടിച്ചൊരു പതാകയാക്കിത്തന്നത്
അമ്മയാണ്,
വെള്ളക്കടലാസുകൊണ്ടൊരു
ചക്രമുണ്ടാക്കി
നീലമഷിയില്‍ മുക്കി
വെള്ളനിറത്തിനു നടുവിലൊട്ടിച്ചതും
അമ്മയാണ്.
വട്ടക്കമ്പു ചെത്തിമിനുക്കി
അതിലാക്കൊടിയൊട്ടിച്ചു തന്നത്
മുത്തച്ഛനും.

പിറ്റേന്ന്, വല്യേട്ടന്മാരോടൊപ്പം
കൊടിപിടിച്ചു നടക്കുമ്പോള്‍
നനുത്ത മഴയായിരുന്നു..
ശത്രുരാജ്യത്തിനെ
കൂര്‍ത്ത മുദ്രാവാക്യങ്ങളാല്‍ കുത്തിയും
മാതൃരാജ്യത്തിനെ ആവേശത്തോടെ
തലോടിയും,
അര്‍ത്ഥം മനസ്സിലാവാത്ത
ഒരുപാട് മുദ്രാവാക്യങ്ങള്‍
ഏറ്റുപറഞ്ഞും
ജാഥ ചന്തമൈതാനത്തെ
പ്രസംഗങ്ങളിലേക്ക്
ചെന്നവസാനിക്കുമ്പോള്‍
കടലാസുകൊടി
നനഞ്ഞു കീറിയിരുന്നു..
ചക്രത്തിലെ നീലമഷി
നെറുകയില്‍ പൊട്ടുകുത്തിയിരുന്നു.

കാലം പോകെ
എനിക്കൊരു കൊടികിട്ടി -
ഖാദിയുടെ മൂവര്‍ണം!
ടാക്സിക്കാറിന്‍റെ
കൊടിത്തണ്ടില്‍ നിന്ന്
ഒരു സ്വാതന്ത്ര്യദിന സന്ധ്യയില്‍
ചെറിയച്ഛന്‍ അഴിച്ചു തന്നത്!
പഴമയുടെ സുഗന്ധമുള്ളത്..
ആരുടേയോ വിയര്‍പ്പിന്‍റെ ചൂടുള്ളത്...
ഏതൊക്കെയോ സ്വപ്നത്തിന്‍
തിളക്കമുള്ളത്..
സ്വാതന്ത്ര്യ ദിനത്തിനു ശേഷം
റിപ്പബ്ളിക് ദിനം നോക്കി
എന്‍റെ പുസ്തകപ്പെട്ടിയില്‍
വിശ്രമിച്ചിരുന്നത്!

പിന്നെപ്പിന്നെ
സ്വാതന്ത്ര്യ ദിനം
അവധി ദിനം മാത്രമായപ്പോള്‍
സിനിമാ തിയേറ്ററിലെ
ക്യൂ വിനു മുകളില്‍
പാറിപ്പറന്നു വലിയൊരു കൊടി!

ഇന്നിപ്പഴോ-
രാജപാതയിലെ
തിരക്കുള്ള കവലയില്‍
ട്രാഫിക് ജാമിന്‍റെ
ക്ഷമയില്ലാത്ത നിശ്ചലതയില്‍
തെന്നിയും തെറിച്ചും നീങ്ങുന്നു,
ഓരോ ജാലകത്തിനുമപ്പുറം
വന്നു നില്‍ക്കുന്നു..
ദീനമായ കണ്ണുകളാല്‍ നോക്കുന്നു..
പൊരിവെയിലിലൊരു
കുഞ്ഞ് ഒക്കത്തിരിക്കുന്നു..
മൗനമായൊരു അഭ്യര്‍ത്ഥനയോടെ
കൈനീട്ടുന്നു..
ചിലവ, ഒഴിഞ്ഞ വയറിന്റെ
കൈപിടിച്ചെത്തുന്നു..
വിറയ്ക്കുന്ന കൈകളില്‍,,,
ചൈതന്യമില്ലാത്ത,
ശ്വാസവും ഗന്ധവുമില്ലാത്ത,
കണ്ണീര്‍ക്കണങ്ങളൊന്നും
ഒപ്പാനാവാത്ത,
ഹൃദയമില്ലാത്ത,
ക്രൂരമാം നിറങ്ങള്‍ മാത്രമുള്ള,
പ്ലാസ്റ്റിക് കൊടികള്‍!!

Friday, April 03, 2015

കുരിശുമരണത്തിന്റെ വഴി


പിറവികളെല്ലാം തിരുപ്പിറവികളാകുന്നു -
പലായനങ്ങളുടെ അന്ത്യം!
പീറവികള്‍ അനിവാര്യമായ
ആഘോഷങ്ങളുടെ നഗരപ്രവേശങ്ങളിലേക്ക്
നീങ്ങുന്നതിന്റെ ശേഷം
അതിമോഹങ്ങളുടെ മുപ്പതുവെള്ളിക്കായി
ഒരു കപടചുംബനത്താല്‍ ഒറ്റിക്കൊടുക്കപ്പെടുകയും
ശേഷം- നീതിമാന്‍ കൈകഴുകുകയും ചെയ്യും..
നവനിയമങ്ങളുടെ മുള്‍ക്കിരീടം ധരിപ്പിച്ച്
ഭരണകൂടം വിധിച്ച കുരിശുംതാങ്ങി
അധികാരോന്മാദത്തിന്റെ
മലയിലേക്ക് നടത്തപ്പെടും..
അവിടെ -
ഇടവും വലവും കള്ളന്മാരോടൊപ്പം
പീഢനാനന്തരം കുരിശുമരണവും!
എല്ലാ തിരുപ്പിറവികളും നീളുന്നത്
പീഢനങ്ങളിലേക്കും കുരിശു മരണങ്ങളിലേക്കുമാണ്!
ശേഷം ഒരു ഉയിര്‍പ്പിന്റെ പ്രതീക്ഷയിലേക്കും!

Monday, March 23, 2015

സഹയാത്രികൻ

സ്വയം തീരുമാനിച്ച വഴികളിലൂടെ,
സ്വയം നടന്നുപൊയൊരു യാത്ര.
വീടിന്റെ പടി കടന്ന്,
പള്ളിയും പള്ളിക്കൂടവും കടന്ന്,
ജനപഥങ്ങളും നഗരത്തിന്റെ
തിരക്കുകളും കടന്ന്,
നടന്ന്, കിതച്ച്..
കോലാഹലങ്ങളുടെ അന്ത്യം
നിശ്ശബ്ദത തളംകെട്ടിയ
ഇടവഴിയിലൊന്നിലെത്തുമ്പോൾ..
പിന്നിലുയരുന്നതാരുടെ പാദപതനം!
തിരിഞ്ഞു നോക്കുമ്പോൾ കാണുന്നു,
പുഞ്ചിരിക്കുന്ന മുഖവുമായൊരാൾ!
“ആരു നീ?“ - എൻ ചോദ്യം
“ഞാൻ നിൻ സഹയാത്രികൻ“-
പുഞ്ചിരിയോടെ തുടരുന്നൂ-
“യാത്രാരംഭം മുതൽ നിന്നെപ്പിന്തുടരുന്നൂ,
അകന്നും അടുത്തും ഞാൻ!“

അമ്പരക്കുന്നു ഞാൻ നിൽക്കവേ
ചോല്ലുന്നൂ വീണ്ടൂമവൻ:
“ഇനി നിനക്കു വഴികാട്ടേണ്ടവൻ ഞാൻ!
വരികെയെന്നോടൊപ്പ, മെൻ വഴിയിലൂടെ”
ഒന്നുമുരിയാടാനാവാതവനോടൊപ്പം
ഇരുളുപരക്കുന്ന വഴിയിലേക്കു തിരിയുന്നു ഞാൻ!
ഇനി മടങ്ങാനാവാത്തൊരു യാത്ര-
യിവിടെ,യിപ്പോൾ തുടങ്ങുന്നു!

Saturday, March 21, 2015

ആശുപത്രി

ഒന്നാം വാര്‍ഡിലെപ്രസവമുറിയില്‍
നീയും ഞാനുമൊന്നിച്ചാണല്ലോ
പിറന്നു വീണത്.
രണ്ടാം വാര്‍ഡെന്ന
കുഞ്ഞുങ്ങളുടെ വാര്‍ഡിലും
നമ്മളൊരുമിച്ചായിരുന്നു -
നീ,
സ്ത്രീകളുടെ മൂന്നാം വാര്‍ഡിലേക്കും
ഞാന്‍,
പുരുഷന്മാരുടെ നാലാം വാര്‍ഡിലേക്കും
ഒറ്റപ്പെടുംവരെ!
അഞ്ചാം വാര്‍ഡിലേക്കുള്ള
ഇടനാഴിയില്‍ വച്ചാണ്
നിന്നോടുള്ള പ്രണയം ഞാന്‍
നിന്‍ മുന്നില്‍ തുറന്നുവച്ചത്.
അതേ ഇടനാഴിയുടെ അന്ത്യത്തില്‍വച്ചാണ്
നീ തന്ന നീലപ്പൂക്കളെ ചവിട്ടിയരച്ച്
അയാള്‍ നിന്നെ വിവാഹിതരുടെ
ആറാംവാര്‍ഡിലേക്ക് കൂട്ടിക്കൊണ്ടുപോയത്!
ആരോ എന്നെ ഏഴാം വാര്‍ഡിലേക്കും!
പിന്നെ-
പഴയ ഒന്നാം വാര്‍ഡിലെ
പ്രസവമുറിയില്‍
നീ അമ്മയായപ്പോള്‍,
പുറത്ത് ഞാന്‍ അച്ഛനാവാന്‍
കാത്തിരിക്കയായിരുന്നു!
കാലംപോകെ,
എട്ടാംവാര്‍ഡിനപ്പുറത്തെ
വൃദ്ധരുടെ വാര്‍ഡില്‍
വീണ്ടും നമ്മളടുത്തത്തടുത്ത്!
അവസാനത്തെ വാര്‍ഡും,
ഐസിയുവും കടന്ന്,
നമ്മളിപ്പോള്‍ മോര്‍ച്ചറിയിലെ
തണുപ്പിലും ഒന്നാണ്.
ഒരു ബിന്ദുവില്‍ നിന്നകന്നുപോയി
ഒരേ ബിന്ദുവിലെത്തി അവസാനിക്കവേ -
ജീവിതമെന്തെന്ന് ഞാനിപ്പോള്‍മാത്രമറിയുന്നു,
നീയും ഇപ്പോഴതറിയുന്നുണ്ടാവും!

Wednesday, March 18, 2015

കാഴ്ചകള്‍

നീയും ഞാനും കാണുന്ന-
തൊരേ കാഴ്ചകളെന്നാലും
നീ കാണുന്നത് നിന്റെ കാഴ്ചയും
ഞാന്‍ കാണുന്നതെന്‍ കാഴ്ചയും.
നിന്റെ കാഴ്ചയിലെന്റെ പച്ചയും മിനുക്കുമയ്യോ,
കത്തിയും കരിയും കറുത്ത-ചുവന്ന താടിയുമാകുന്നു!
എന്റെ കാഴ്ചയിലോ -
നിന്റെ പച്ചയും മിനുക്കും തഥൈവ!
ഒടുവില്‍ നമ്മിലെ യുദ്ധത്തിനന്ത്യത്തില്‍
അന്യോന്യം വയര്‍പിളര്‍ന്ന്,
കുടല്‍‌മാല ചാര്‍ത്തി നിണമണിയവേ
ഗതികിട്ടാതലയുന്നൂ നമ്മിലെ
പാവം പച്ചയും മിനുക്കും !
അരങ്ങിലൊരു കളിവിളക്ക്
കണ്ണടച്ചിരുട്ടാക്കുകയും!

Friday, March 13, 2015

ഉപ്പ്

അറിയാതെനമ്മള്‍ക്കിടയില്‍ വളര്‍ന്നൊരീ
മൗനമഹാവൃക്ഷത്തിന്‍ വേരറുക്കാമിനി!
അതുകഴിഞ്ഞലസമായൊഴുകുമീപ്പുഴയുടെ
അരികിലെയാര്‍ദ്രമാംസൈകതഭൂവിലൂട-
ന്യോന്യം കൈകൾ ചേർത്തൽപ്പം നടക്കാം..
ചുണ്ടില്‍നിന്നെന്നോ പറന്നു മറഞ്ഞൊരു
പാട്ടിന്‍ മധുരം തിരിച്ചെടുക്കാമിനി!
കൈകളില്‍ കൈകൊര്‍ത്തു നമുക്കിപ്പുഴയുടെ
ഉത്ഭവസ്ഥാനം വരേയ്ക്കും ചരിക്കാം.
അവിടെനിന്നൊന്നായൊഴുകി നമുക്കീ
അലസഗാമിനിയോടൊപ്പം ഗമിക്കാം..
ആയിരം കടവുകള്‍ തൊട്ടുതൊട്ടൊഴുകാം
ആയിരം പാദങ്ങള്‍ തഴുകിക്കടക്കാം
വിരഹദുഃഖങ്ങള്‍, പാപങ്ങള്‍,
പിതൃമോക്ഷമന്ത്രങ്ങളേറ്റു വാങ്ങാം.
ഒടുവിലിയാഴിയില്‍ വീണു തുടിക്കാം
നുരകളില്‍ തുള്ളിക്കളിക്കാം..
ബാഷ്പമാവട്ടെല്ലാം സൂര്യതാപത്തിനാല്‍
അവസാനമവശേഷിക്കട്ടെ ലവണമായ്
എന്നിലെ നീയും, നിന്നിലെ ഞാനും,
ആയിരം രസനകളിലാഘോഷമാവാന്‍!
മധുരമാമായിരം വാക്കുകളാവാന്‍,
ഈണം നിറയും കവിതകളാവാന്‍,
ക്ഷരമില്ലാത്തക്ഷരമാവാന്‍!