തുമ്പയും തുളസിയും ഓണനിലാവും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്.......
Thursday, July 14, 2016
Friday, June 03, 2016
കുഞ്ഞുദൈവങ്ങളുടെ സ്വർഗം
പെഷവാറിലെ കുഞ്ഞുങ്ങളെക്കാത്ത്
ദൈവം പടിക്കെട്ടുകളിറങ്ങിവന്നു -
ഗാസയിലെ കുഞ്ഞുങ്ങളോടൊപ്പം.
കുഞ്ഞുങ്ങൾ അവനുചുറ്റുകൂടിനിന്ന്
കിന്നാരം പറഞ്ഞു-
അമ്മയെക്കാണണം എന്നുപറഞ്ഞ്
ചിണുങ്ങിയൊരുത്തനെ കൈയിലെടുത്ത്
ദൈവം കുഞ്ഞുങ്ങളോടൊപ്പം
സ്വർഗത്തിന്റെ പടിക്കെട്ടുകൾ കയറി.
ശുഭ്രസുന്ദരമായ കൊട്ടാരത്തളത്തിൽ
അവൻ കുഞ്ഞുങ്ങളോടൊപ്പം നിന്നു.
അപ്പോഴാണ് അത്ഭുതം -
എല്ലാ കുഞ്ഞുങ്ങളും ഒരേരൂപം, ഒരേ ഭാവം!
ഗാസക്കാരനും, പെഷവാറിയും, സിഡ്നിക്കാരനും
അംഗോളക്കാരനും, ആദിവാസിയും ഒരുപോലെ!
ഒരുത്തന് അത്ഭുതം മറക്കാനായില്ല,
“ഞങ്ങളെല്ലാം ഒരുപോലെ! “
ദൈവം മന്ദഹസിച്ചു,
പ്രകാശം വമിക്കുന്ന വെളുത്ത താടിയുഴിഞ്ഞു..
എന്നിട്ട് സത്യത്തിന്റെ കണ്ണാടി
കുട്ടികൾക്കു നേരെ കാട്ടി.
അതിൽ അവർ ഞെട്ടലോടെ കണ്ടു ..
തങ്ങൾക്കു നേരെ ചൂണ്ടിയ മരണായുധങ്ങൾക്ക് പിന്നിൽ
എല്ലാർക്കും ഒരേ മുഖം, ഒരേ രൂപം, ഒരേ മതം!
ഒരേതരം ദൃംഷ്ടകൾ, ഒരേ ആയുധങ്ങൾ,
ഒരേ മനസ്സ്, ഒരേ ലക്ഷ്യം!
വെളിപാടിന്റെ അവസാനം,
അവിടെ ദൈവത്തോടൊപ്പം കുഞ്ഞുങ്ങളില്ല -
പകരം ദൈവങ്ങൾ മാത്രം -
കുഞ്ഞുദൈവങ്ങളുടെ സ്വർഗം!!
പ്രണയമെന്താവാം?**
പിന്നിയിട്ട മുടിയുടെ പിന്നിലൂടെ
മുന്നിലേക്കെത്തി കൊളൂത്തിവലിക്കും
വെള്ളാരം കണ്ണുകളോ?
തപാലിലെത്തും ഹൃദയത്തില്‍ താളുകളില്‍
അടിവരയിട്ട അക്ഷരങ്ങളാല്‍
കോര്‍ത്തൊരു പദപ്രശ്നമോ?
ആര്‍ദ്രമായ് ഹൃത്തിന്‍ വാതിലില്‍
കാത്തുനില്‍ക്കും നിമിഷങ്ങളോ?
വയറീലാഴ്ത്തിയ ഇരുതലമൂര്‍ച്ചയില്‍
മൃദുവായ് വിരിഞ്ഞ രക്തപുഷ്പമോ?
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കെത്തുന്ന
ഗൂഢഭാഷയിലെഴുതിയ ലേഖനമോ?
ഏറെ നാളിനുമിപ്പുറം നിന്റെ
കാലടിയില്‍ നിന്നൂര്‍ന്ന മണ്‍തരികളോ?
നെഞ്ചോടു ചേര്‍ത്തുവച്ച മുടിച്ചുരുളുകളോ?
പെരുമഴക്കാലത്ത് ചുഴിയിലേക്കാണ്ടുപോയ
നിലവിളികളോ?
അതോ..
കുത്തൊഴുക്കിന്റെ പടവിലിന്നും
കാലത്തെ പിടിച്ചുനിര്‍ത്തി
കാത്തുനില്‍ക്കുന്ന രണ്ടു കണ്ണുകളോ?
-------------------------
** 'ജലംകൊണ്ട് മുറിവേറ്റവള്‍' എന്ന ഹ്രസ്വചിത്രം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത്
കൊടിയില്ലാത്തവന്‍
ഞാന്‍ കറുത്തവന്‍,
കറുത്ത ചേറില്‍ കാലൂന്നിനില്‍ക്കുവോന്‍,
കറുത്ത പോത്തിനോടൊപ്പം നുകം വലിപ്പവന്‍,
കറുത്ത ദൈവത്തിനും തീണ്ടാപ്പാടകലെയായവന്‍,
ഞാന്‍ പുകഞ്ഞുതീരുന്ന കരിക്കട്ട..
ഒരു കൊടിയുമില്ലാത്തവന്‍,
ഒരു കൊടിക്കും വേണ്ടാത്തവന്‍,
ഇരുകാലിയും നാല്കാലിയുമല്ലാത്തവന്‍,
നാലു വര്‍ണങ്ങള്‍ക്കും പുറത്തായവന്‍!
തിരിച്ചു വീട്ടിലെത്തുമ്പോഴും
തലകുമ്പിട്ടു ചാണകക്കുഴിയില്‍
കറുപ്പായിരിക്കേണ്ടവന്‍..
എനിക്കു ചുറ്റുമുണ്ടെത്ര വര്‍ണക്കൊടികള്‍,
ചുവപ്പ്, പച്ച, കാവി, ബഹുവര്‍ണങ്ങള്‍!
ഇനിയെനിക്കുയരണം, രണ്ടുകാലില്‍ നിവരണം,
എനിക്കുയര്‍ത്തണമെന്‍ കൈയിലൊരു കൊടി!
എന്റെ സ്വപ്നങ്ങളില്‍ മുക്കിക്കറുപ്പാക്കിയൊരു കൊടി,
എന്റെ പൈതലിന്‍ ചാരത്തില്‍ മുക്കിയെടുത്ത കൊടി!
പാതിവെന്തൊരെന്‍ കറുത്തമെയ്യിലുയര്‍ന്ന്,
മനുഷ്യനായ് നിവര്‍ന്നുയര്‍ത്തണം
കറുത്ത കുതിരതന്‍ ശക്തിപോലൊരു കൊടി!
ദയാലു
നിന്റെ കണ്ണീരൊപ്പാം ഞാന്‍.
അതിനെനിക്ക് കണ്ണീരില്ലല്ലോ!
കണ്ണീരും ഞാന്‍ നിനക്കേക്കാം!
എന്തൊരു ദയാലു!
അങ്ങനെയെനിക്ക് കണ്ണീരുണ്ടായി!
നിനക്ക് സ്വാതന്ത്ര്യമേകാം ഞാന്‍.
അതിനെക്കിവിടെ പാരതന്ത്ര്യം?
അതുനിനക്കായ് ഞാന്‍ കരുതിവച്ചിരിക്കുന്നു!
എന്തൊരു ദയാലു!
അങ്ങനെയെനിക്ക് വിലങ്ങൂവീണു!
നിന്റെ പട്ടിണി മാറ്റാം ഞാന്‍.
അതിനെനിക്ക് പട്ടിണിയില്ലല്ലോ?
നിന്നെ ഞാനൊരു പട്ടിണിക്കോലമാക്കാം!
എന്തൊരു ദയാലു!
അങ്ങനെയെന്റെ അന്നം തട്ടിമറിക്കപ്പെട്ടു!
നിന്റെ മതാഭിമാനം ഉയര്‍ത്താം ഞാന്‍,
അതിനെനിക്ക് മതമില്ലല്ലോ?
നിന്‍ സിരകളില്‍ കുത്തിവെയ്ക്കാം ഞാനത്!
എന്തൊരു ദയാലു!
അങ്ങനെയെന്റെ സിരയിലും മതമൊഴുകി!
ചുട്ടുകരിക്കാം നമ്മുടെ ശത്രുവിനെ!
അതിനെനിക്കൊരു ശത്രുവുമില്ലല്ലോ?
അത് ഞാന്‍ കാട്ടിത്തരാം.
എന്തൊരു ദയാലു!
അവനെന്റെ മക്കളെ കാട്ടിത്തന്നു!
കത്തുന്ന തീയില്‍,
കരയുന്ന കണ്ണുമായ്,
പൊള്ളുന്ന കൈവിലങ്ങില്‍,
കത്തുന്ന വിശപ്പില്‍,
കരിയുന്ന മാംസഗന്ധത്തില്‍,
ഞാന്‍ വിറങ്ങലിച്ചു നില്ക്കവേ
അവന്‍ പോയി - അടുത്ത ഇരയെത്തേടി!
എന്തൊരു ദയാലു!!
അതിനെക്കിവിടെ പാരതന്ത്ര്യം?
അതുനിനക്കായ് ഞാന്‍ കരുതിവച്ചിരിക്കുന്നു!
എന്തൊരു ദയാലു!
അങ്ങനെയെനിക്ക് വിലങ്ങൂവീണു!
നിന്റെ പട്ടിണി മാറ്റാം ഞാന്‍.
അതിനെനിക്ക് പട്ടിണിയില്ലല്ലോ?
നിന്നെ ഞാനൊരു പട്ടിണിക്കോലമാക്കാം!
എന്തൊരു ദയാലു!
അങ്ങനെയെന്റെ അന്നം തട്ടിമറിക്കപ്പെട്ടു!
നിന്റെ മതാഭിമാനം ഉയര്‍ത്താം ഞാന്‍,
അതിനെനിക്ക് മതമില്ലല്ലോ?
നിന്‍ സിരകളില്‍ കുത്തിവെയ്ക്കാം ഞാനത്!
എന്തൊരു ദയാലു!
അങ്ങനെയെന്റെ സിരയിലും മതമൊഴുകി!
ചുട്ടുകരിക്കാം നമ്മുടെ ശത്രുവിനെ!
അതിനെനിക്കൊരു ശത്രുവുമില്ലല്ലോ?
അത് ഞാന്‍ കാട്ടിത്തരാം.
എന്തൊരു ദയാലു!
അവനെന്റെ മക്കളെ കാട്ടിത്തന്നു!
കത്തുന്ന തീയില്‍,
കരയുന്ന കണ്ണുമായ്,
പൊള്ളുന്ന കൈവിലങ്ങില്‍,
കത്തുന്ന വിശപ്പില്‍,
കരിയുന്ന മാംസഗന്ധത്തില്‍,
ഞാന്‍ വിറങ്ങലിച്ചു നില്ക്കവേ
അവന്‍ പോയി - അടുത്ത ഇരയെത്തേടി!
എന്തൊരു ദയാലു!!
ഓര്‍മ
ചങ്ങലയിട്ടു പൂട്ടിയ
തുരുമ്പിച്ച കവാടത്തിനുമപ്പുറം,
കരിയിലകള്‍ വീണു നിറഞ്ഞ
മുറ്റത്തിപ്പോഴും
പൊളിഞ്ഞുവീണിട്ടില്ലാത്തൊരു
തുളസിത്തറയും
അതിലിനിയുമുണങ്ങാത്തൊരു
തുളസിയുമുണ്ട്..
പക്ഷേ..
അതിനു പിന്നിലെ
നീളന്‍ മുടിച്ചുരുളും, കരിനീലമിഴികളും
നീലിച്ച കുപ്പിവളകളും, നീല ധാവണിയും,
കിലുങ്ങുന്ന പാദസരങ്ങളും,
ഓര്‍മയില്‍ മാത്രം!
മരണത്തിന്റെ വര്‍ണങ്ങള്‍
ഇന്നലെ വരെ-
വര്‍ണമില്ലാത്തവനായിരുന്നു
നീ, മരണമേ!
നിനക്കുണ്ടായിരുന്നത്
നീ ഞങ്ങളില്‍ സൃഷ്ടിക്കുന്ന
ശൂന്യതയുടെ വേദനമാത്രം!!
ഹൃദയരക്തത്തില്‍നിന്നൂറി
കണ്ണുകളിലൂടൊഴുകുന്ന
നനവുമാത്രം!!
ഇന്നത്തെ പുതിയ പാഠങ്ങള്‍ പറയുന്നൂ-
മരണത്തിന് വര്‍ണമുണ്ടത്രേ!!
നിന്നോടു സമരസപ്പെടുന്ന
വര്‍ണങ്ങളില്‍ മാത്രം
കണ്ണീരൊഴുക്കുക-
നിന്റെ ചിത്രത്തിന്മേലെയാ
വര്‍ണം വാരിപ്പൂശി
ഐക്യദാര്‍ഢ്യപ്പെടുക!
നിന്നോടു ചേരാത്ത നിറങ്ങളില്‍
മരണപ്പെട്ടവരെയോര്‍ത്ത്
കണ്ണീരൊഴുക്കാതിരിക്കുക!
മരണത്തിലും മനുഷ്യത്തം തുലയട്ടെ!
Subscribe to:
Posts (Atom)