Sunday, December 03, 2006

കാണാതെ പൊലിയുന്ന നക്ഷത്രങ്ങള്‍

ഞാന്‍ ജനിച്ചത് പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര എന്ന ഗ്രാമത്തിലാണ്. ഇന്നും ‘കുഗ്രാമ‘ത്തിന്റെ പദവിയില്‍ നിന്നും അധികമൊന്നും കയറ്റം കിട്ടിയിട്ടില്ല എന്നു വേണം പറയാന്‍. 70 കളിലെ സ്കൂള്‍ വിദ്യാഭ്യാ‍സകാലം. 76 ലെ ഒരു ദിവസം ചെമ്മണ്‍ പൊടിപറത്തി ആദ്യത്തെ കെയെസ്സാര്‍ട്ടീസീ ശകടം കടന്നുവന്നത് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നിരന്നുനിന്ന് സ്വാഗതം ചെയ്തത് ഇപ്പോഴും ഓര്‍മ്മിക്കുന്നു. ഇപ്പോഴും രണ്ടു മൂന്നു ബസ്സുകള്‍ - അത്രതന്നെ.
എങ്കിലും അന്നേ
ശ്രീനാരായണഗിരി എസ്.എന്‍.ഡി.പി. ഹൈസ്ക്കൂള്‍
പ്രശസ്തം. ഡീപ്പീയീപ്പിയും എസ്സെസ്സേയും മറ്റു കിടുപിടികളും ആരുടേയും തലയില്‍ കിളിര്‍ത്തിട്ടില്ലാത്ത ആ കാലത്ത് തികച്ചും പരിമിതമായ ചുറ്റുപാടുകളില്‍ അര്‍പ്പിത മനസ്കരും, നിസ്വാര്‍ത്ഥമതികളും പരിശ്രമശാലികളുമായ ഒരുകൂട്ടം അദ്ധ്യാപകരുടെ സാന്നിദ്ധ്യമാണ് എന്റെ സ്ക്കൂളിനെ മുന്‍ നിരയിലെത്തിച്കത്. അവരില്‍ പലരും ഇന്നില്ല. എങ്കിലും ഞങ്ങളുടെ ഓര്‍മ്മകളില്‍ അവര്‍ ഇന്നും സജീവം.
പലരേയും പറ്റി പറയാനുണ്ട്. സമയം കണ്ടെത്താം. അതില്‍ രണ്ടുമാ‍സം മുമ്പ് ജീവിതത്തോട് വിടവാങ്ങിയ ശ്രീ. മാത്യു സാര്‍ എന്ന കണക്കുസാറിനെപ്പറ്റി പറയേണ്ടതുണ്ട്. എല്ലാ ‘കണക്കന്മാ‘രും
നമ്മുടെ ഓര്‍മ്മകളില്‍ ചൂരല്‍ധാരികളായ ഭീകരജീവികളായി അവതരിക്കുമ്പോള്‍ മാത്യു സാര്‍ വ്യത്യസ്തനാകുന്നു... ഒരിക്കലും വടിയുമായി അദ്ദേഹത്തെ ക്ലാസ്സില്‍ കണ്ടിട്ടില്ല. എപ്പോഴും ചുണ്ടിന്റെ കോണില്‍ ഒരു കുസൃതിച്ചിരിയും ഒരു ചാക്യാരുടെ ചടുലമായ സംഭാഷണ ചാതുരിയുമായി അദ്ദേഹം ഞങ്ങളുടെ ക്ലാസ്സില്‍ അവതരിക്കുകയായി. അന്ന് ആരാണ് ‘ചാക്യാരുടെ’ പരിഹാസ ശരങ്ങള്‍ക്ക്
ഇരയാവുക എന്ന കൌതുകത്തിനിടയില്‍ സാര്‍ ഒരു കഥ പറഞ്ഞുതുടങ്ങുന്നു... ക്ലാസ്സ മുഴുവന്‍ അദ്ദേഹത്തിലേക്ക് കേന്ദ്രീകരിക്കുന്നു. ഞങ്ങളറിയാതെ കണക്കിന്റെ മായാലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ബെല്ലടിക്കുമ്പോഴാണ് പലപ്പോഴും സമയം പോയതറിയുന്നത്. ഇത്ര മനോഹരവും സരസവുമായി കണക്കു് പഠിപ്പിച്ചിരുന്ന സാര്‍ ഒരു വിസ്മയമായി നില്‍ക്കുന്നു.
പുറംലോകവുമായി ബന്ധമില്ലാത്തൊരു കുഗ്രാമത്തിലായിരുന്നതിലാവണം ഇത്ര പ്രതിഭാശാലിയായ ഒരാള്‍ അറിയപ്പെടാതെ പോകുന്നത്. ഒരു പുരസ്കാരങ്ങളും പ്രശസ്തിയും അദ്ദേഹത്തെ തേടിയെത്തിയില്ല. അദ്ദേഹം അതിനെപ്പറ്റി ചിന്തിച്ചിട്ടുമുണ്ടാവില്ല. അദ്ദേഹത്തെപ്പോലെ എത്രയോ നക്ഷത്രങ്ങള്‍.. തലമുറകള്‍ക്ക് പ്രകാശം ചൊരിഞ്ഞ്, ആരുമറിയാതെ, ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ സ്വയം എരിഞ്ഞടങ്ങുന്നു...
മാത്യു സാര്‍ രോഗബാധിതനായി അവശനിലയിലാണെന്നറിഞ്ഞ് ഞാന്‍ ചെന്നുകണ്ടു.... രോഗപീഢയിലും എന്നെ കണ്ടപ്പോള്‍ ചുണ്ടിന്റെ കോണില്‍ ആ ചിരി വിടര്‍ന്നു... ചാക്യാരുടെ അതേ ചിരി...
മൂന്നുനാലു ദിവസം കഴിഞ്ഞ് അദ്ദേഹം നക്ഷത്രങ്ങളുടെ നാട്ടിലേക്ക് യാത്രയായി....
ആ ഓര്‍മ്മയ്ക്കു മുമ്പില്‍ ഞാന്‍ നന്ദിയോടെ, ബഹുമാനത്തോടെ, നിറഞ്ഞ സ്നേഹത്തോടെ തലകുനിക്കുന്നു...
.