Saturday, September 05, 2015

ഓര്‍മയില്‍നിന്ന് - അദ്ധ്യാപകദിനത്തില്‍


ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ഒരു കത്ത് എനിക്ക് വായിക്കാന്‍ തന്നു. ഇന്‍ലാന്‍റിലെഴുതിയ ഒരു കത്ത്:
അത് തുടങ്ങുന്നതിങ്ങനെ :
"ബഹുമാനപ്പെട്ട സാര്‍,
എന്നെ ഓര്‍ക്കുന്നുണ്ടാവും. ഈ കത്ത് വായിച്ചിട്ട് എന്നെ ശപിക്കരുത്....."
പിന്നങ്ങോട്ടുള്ള ഓരോ വാചകവും വായിക്കുമ്പോള്‍ എനിക്ക് ഹൃദയത്തില്‍ കനം കൂടിവരുന്നതുപോലെ തോന്നി. കുമ്പസാരം പോലെ ഒരു കത്ത്.. കഴിഞ്ഞ രണ്ടു വര്‍ഷം അയാള്‍ ചെയ്ത തെറ്റുകളോരൊന്നും ഏറ്റുപറഞ്ഞുകൊണ്ടൊരു കത്ത്.. പല സ്ഥലങ്ങളിലും വികാര വിക്ഷോഭം കൊണ്ട് അക്ഷരങ്ങള്‍ നിരതെറ്റിയും വടിവില്ലാതെയും.. ചില സ്ഥലങ്ങളിലെ ചില വാക്കുകള്‍ നനവുകൊണ്ട് പടര്‍ന്നിരിക്കുന്നു.. ഇതുപോലെ വികാര ത്തിന്റെ അലകള്‍ മനസ്സിലുയര്‍ത്തിയ ഒരു കത്ത് ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ വായിച്ചിട്ടില്ല. തന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത അദ്ധ്യാപകനോട് ആ വിശ്വാസത്തിനു ഭംഗം വരുത്തുകയും തെറ്റിന്റെ വഴികളിലൂടെ സഞ്ചരിക്കുകയും അവസാനം ആ തെറ്റുകള്‍ മനസിലാക്കി ഏറ്റുപറഞ്ഞ് തന്നെ ശപിക്കരുതെന്നും എല്ലാ തെറ്റുകളില്‍ നിന്നും ശരിയിലേക്കുള്ള തന്റെ പ്രയാണത്തില്‍ അനുഗ്രഹിക്കണമെന്നും പറഞ്ഞ് അവസാനിക്കുന്ന ഹൃദയസ്പര്‍ശിയായൊരു കത്ത്..
വായിച്ചു കഴിഞ്ഞ് ഞാന്‍ അച്ഛനെ നോക്കി. കലങ്ങി മറിയുന്ന ഹൃദയം അച്ഛന്റെ മുഖത്ത് പ്രതിഫലിക്കുന്നത് എനിക്കു കാണാന്‍ കഴിഞ്ഞു.
ഇത് ആരെഴുതിയത്? ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.
അച്ഛന് സംസാരിക്കാന്‍ കഴിഞ്ഞില്ല.
അമ്മയാണ് ആ കഥ എന്നോട് പറഞ്ഞത്.
സ്കൂളില്‍ നിന്നും ആദ്യമായി മികച്ച മാര്‍ക്കോടെ പട്ടികജാതിയില്‍പ്പെട്ട ഒരു കുട്ടി പത്താംക്ലാസ് പാസാവുന്നു.
സ്റ്റാഫ് മീറ്റിങില്‍ അച്ഛന്‍ ആ കുട്ടിക്ക് ഒരു മെറിറ്റ് അവാര്‍ഡ് നല്‍കണം എന്ന് അഭിപ്രായപ്പെടുന്നു. അതിനോട് പലര്‍ക്കും യോജിപ്പില്ലാഞ്ഞതിനാല്‍ അതിനായി 100രൂപ അച്ഛന്‍ കൈയില്‍നിന്ന് കൊടുക്കുന്നു. അക്കൊല്ലത്തെ മെറിറ്റ് ഈവനിങില്‍ അവനെ പ്രത്യേകം ക്ഷണിച്ച് "അദ്ധ്യാപകനായ വി. എന്‍. പുരുഷോത്തമന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്" എന്ന പേരില്‍ നല്‍കി.(ഒരുപക്ഷേ അവന്റെ ജീവിതത്തിലെ ആദ്യ പുരസ്കാരം!)
അതു കഴിഞ്ഞ് രണ്ടു കൊല്ലത്തെ അവന്റെ പ്രീ ഡിഗ്രി കോളേജ് ജീവിതം ചരടുപൊട്ടിയ പട്ടം പോലെയായിരുന്നു. അവന്റെ ഭാഷയില്‍ "സ്വന്തം ഉത്തരവാദിത്തവും അദ്ധ്യാപകര്‍ തന്നിലര്‍പ്പിച്ച വിശ്വാസവും മറന്ന്" ഉള്ള ജീവിതം. ഫലം - പ്രിഡിഗ്രിയില്‍ കനത്ത തോല്‍വി.. ഇനിയെന്ത് എന്നാലോചിച്ച് സ്വന്തം ജീവിതം വിലയിരുത്തി, തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവാനും വാശിയോടെ പഠിച്ച് പാസാവാനും തീരുമാനിച്ചു. തന്നെ സ്നേഹിച്ച ഗുരുനാഥനെ ചതിച്ചെന്ന തോന്നല്‍, എല്ലാ തെറ്റുകളും അവിടെ ഏറ്റുപറഞ്ഞ് പാപം കഴുകി പുതിയ മനുഷ്യനാവാന്‍ തീരുമാനിച്ചതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ അച്ഛന്റെ വിറയ്ക്കുന്ന കൈകളില്‍ ഇരിക്കുന്ന ആ കത്ത്!!
"അച്ഛന് അവനെ ശപിക്കാനാവുമോ?" കനം തൂങ്ങുന്ന ഹൃദയത്തോടെ ഞാന്‍ അച്ഛനോട് ചോദിച്ചു..
അച്ഛനൊന്നും മറുപടി പറഞ്ഞില്ല.. പക്ഷേ ആ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു..
ഒരു അദ്ധ്യാപകന്‍ എന്നത് എത്ര മഹത്തരം എന്ന് ഞാന്‍ മനസ്സിലാക്കിയ നിമിഷം..
എല്ലാ നല്ല ഗുരുക്കന്മാര്‍ക്കും അദ്ധ്യാപകദിന ആശംസകള്‍!!