Tuesday, July 29, 2014

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

ആയുധങ്ങളുടെ തെരുവിനു്
നേരെ എതിര്‍വശത്താണ്
കലാപങ്ങളുടെ തെരുവ്
അതിലൂടൊന്നു നടക്കണം
ചോരയില്‍മുങ്ങിയൊരു
കുഞ്ഞുശിരസ്സ് നമ്മോടു ചോദിച്ചേക്കാം -
സ്വപ്നങ്ങള്‍മാത്രംകണ്ടിരുന്നൊരെ
നിക്ക്
മൃതിവിധിക്കാനെന്തുതെറ്റാണു ചെയ്തതെന്ന്.
അറ്റുവീണൊരു കുഞ്ഞുവിരല്‍ ചോദിച്ചേക്കാം -
എന്നെപ്പിടിച്ചോരു കരം
ചിതറിത്തെറിപ്പിച്ചതെന്തിനെന്ന്.
പാതികരിഞ്ഞൊരു കുഞ്ഞുപാവ ചോദിച്ചേക്കാം -
എന്നെപ്പൊതിഞ്ഞുനിന്നൊരു
കുഞ്ഞുപുഞ്ചിരിയെ കെടുത്തിയതെന്തിനെന്ന്.
പിന്നെയുമീത്തെരുവിലാകവേ
നിരവധി കുഞ്ഞുചോദ്യങ്ങള്‍
നിണമണിഞ്ഞു കിടപ്പുണ്ടാവാം..
ഇതിനൊക്കെയുത്തരം നല്‍കാന്‍
നമുക്കെവിടെ സമയം-
ആയുധങ്ങളുടെ തെരുവിലേയ്ക്ക്
പെട്ടെന്നെത്തേണ്ടേ?

Saturday, July 12, 2014

മിണ്ടരുത്...!!

മിണ്ടരുത്!
അഗ്നിചിതറിക്കുന്ന
യുദ്ധക്കളികളേപ്പറ്റി മിണ്ടരുത്..
പച്ചപ്പുല്‍ത്തകിടിയിലെ
പന്തുകളിയേപ്പറ്റി സംസാരിക്കൂ..
നീലമിഴിക്കോണിലെ
പ്രണയത്തെപ്പറ്റി മാത്രം പറയു!

കാണരുത്-
ചോരചിതറിയ
കുഞ്ഞുശരീര ഖണ്ഡങ്ങള്‍!
ഓര്‍മകള്‍ മായാത്ത
അമ്മയുടെ രക്തചിത്രം!
വര്‍ണങ്ങള്‍ നിറഞ്ഞ
വസന്തകാല ചിത്രം മാത്രം കാണുക.
പ്രണയിനിയുടെ കവിളില്‍ വിരിയും
അന്തിച്ചുവപ്പു മാത്രം കാണുക!

കേള്‍ക്കരുത് -
പൊട്ടിത്തകരുന്ന
ഹൃദയങ്ങളുടെ ശബ്ദങ്ങള്‍,
ചോരയില്‍ കുഴഞ്ഞ നിലവിളികള്‍!
പ്രേയസിയുടെ ചുണ്ടിലെ
പ്രേമസംഗീതം കേള്‍ക്കുക.
സ്തുതിഗീതങ്ങളും സങ്കീര്‍ത്തനങ്ങളും
മാത്രം ശ്രവിക്കുക!

മിണ്ടരുത്!
കാണരുത്!!
കേള്‍ക്കരുത്!!!

ചുണ്ടുകളെ മൗനത്താല്‍ മുദ്രവയ്ക്കുക
കണ്ണുകളില്‍ തിമിരം നിറയ്ക്കുക
കര്‍ണങ്ങളെ താഴിട്ടുപൂട്ടുക
ഹൃദയത്തെ കരിങ്കല്ലാക്കുക!
വാതായനങ്ങളെല്ലാമടയ്ക്കുക!
സ്വസ്ഥം, സുഖം..
ലോകാ സമസ്താ സുഖിനോ ഭവന്തു!
ശാന്തി, ശാന്തി, ശാന്തി!!