Sunday, July 04, 2010

ഘന ശ്യാമ സന്ധ്യ.. മറയുമ്പോള്‍..

എഴുപതുകളിലും എണ്‍പതുകളിലും ഞങ്ങളുടെ ബാല്യ-കൗമാര-യൗവനങ്ങളെ സാന്ദ്രമാക്കിയ ഈണങ്ങള്‍.. ഘനശ്യാമസന്ധ്യാഹൃദയവും, ഓടക്കുഴല്‍ വിളിയും, പൂമുണ്ടും തോളത്തിട്ടും...

സിനിമാഗാനങ്ങളെ ബഹുദൂരം പിന്നിലാക്കി, ആകാശവാണിയെ ഞങ്ങളുടെ ഹൃദയസ്വരമാക്കി മാറ്റി, മലയാളത്തിനു് സ്വന്തമായൊരു ലളിതസംഗീത ശാഖയുണ്ടാക്കിയ മാഹാനായ സംഗീതജ്ഞന്‍.. ഇല്ലാതാവുമ്പോള്‍ ആ മധുരഗാനങ്ങള്‍ പെയ്തിറങ്ങിയ ഞങ്ങളുടെ തലമുറയുടെ മനസ്സാണ് നിശ്ശബ്ദമാവുന്നത്.

യുവജനോത്സവവേദികളില്‍ ഞങ്ങള്‍ ഈ മനോഹരഗാനങ്ങളുടെ മികവില്‍ ആവോളം മുഴുകുകയായിരുന്നു...

ഞങ്ങളുടെ ഹൃദയങ്ങളെ സംഗീതത്തോടടുപ്പിച്ച മഹാഗായകാ... ഒരു തലമുറയുടെ നമോവാകം!

ഈ നെറികേടുകളുടെ ലോകത്തില്‍, അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ മാന്യതകാണിക്കാത്ത ഈ സമൂഹത്തില്‍ മധുരമായൊരു പ്രതികാരംപോലെ അങ്ങയുടെ മനോജ്ഞഗാനങ്ങള്‍ ഒരിക്കലും വിനാശമില്ലാതെ നിലകൊള്ളും...

ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീ. എം. ജി. രാധാകൃഷ്ണന്, വേദനയയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...

Sunday, June 20, 2010

പിതൃദിനം.. മക്കളെ സ്നേഹിക്കുന്ന അച്ഛന്മാര്‍ക്ക്..

ഞാനന്ന് മകൻ മാത്രമായിരുന്നു..
ചൂരൽക്കഷായത്തിന്റെ ശൗര്യത്തിൽ
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും
കൽക്കണ്ടമായിരുന്നു അച്ഛൻ എനിക്കന്ന്..
തെറ്റിന്റെ വഴിയിലെ ശരിയിലേയ്ക്കുള്ള ചൂണ്ടുപലക..
ആകുലതകളിലെ സാന്ത്വനത്തിന്റെ കുളിർതെന്നൽ..
വേദനകളിൽ തപിക്കുന്ന ഹൃദയം..
അടിതെറ്റുമ്പോൾ താങ്ങുന്ന ഊന്നുവടി..
എന്റെ ഹൃദയാകാശത്തിലെ പൂർണ്ണചന്ദ്രൻ..
എന്നും വറ്റാത്ത സ്നേഹത്തിന്റെ ഉറവ
ഇതൊക്കെയാകുന്നു, എനിക്കച്ഛൻ

ഇന്ന്, ഞാൻ അച്ഛനുംകൂടിയാണ്..
എന്റെ മക്കൾ.. അവരിൽ ഞാൻ പ്രതിബിംബിക്കുന്നു,
എന്നിൽ എന്റെ അച്ഛനും? അറിയില്ല..
പക്ഷേ, ഒന്നറിയാം..
സ്നേഹത്തിന്റെ വറ്റാത്ത പുഴ ഒഴുകുന്നു..
അച്ഛനിൽ നിന്ന് മക്കളിലേയ്ക്ക്..
മക്കളിൽനിന്ന് അച്ഛനിലേയ്ക്കും..
മലയിൽനിന്നുത്ഭവിച്ച്, മലയിലവസാനിക്കുന്ന,
 ഒരിയ്ക്കലും വറ്റാത്തൊരു പുഴ

Tuesday, June 15, 2010

നാണക്കേടിന്‍റെ ഹൈക്കു... സമര്‍പ്പണം ബഹു: നീതിദേവതയ്ക്ക്!


കണ്ണു കരിഞ്ഞുപോയൊരു കുഞ്ഞിന്‍റെ ദൈന്യതകാണാന്‍
കണ്ണുമൂടിയ നീതിക്കാവില്ല, കാരണം - അവന്‍റെ മൃതശരീരം
നീതിപീഠത്തിന് വളരെ താഴെ, മണ്ണിലാണ് പൂണ്ടുകിടന്നത്..

Monday, March 29, 2010

പിറന്നാള്‍.. പിന്നെ സമ്മാനവും..

ഇന്നു രാവിലെ കുഞ്ഞു മകള്‍ വിളിച്ച് ആശംസകള്‍ അറിയിക്കുമ്പോഴാണ്, ജന്മദിനമാണെന്നുള്ള ഓര്‍മ്മതന്നെ മനസ്സില്‍ വരുന്നത്...

ആരിലും ഗൃഹാതുരത ഉണര്‍ത്തുന്ന ദിനം...

പക്ഷേ, ജീവിതത്തിന്‍റെ ഈ പാച്ചിലില്‍ നമുക്ക് നമുക്കായി കണ്ടെത്താന്‍ എവിടെ സമയം?

മനസ്സിനെ ഓര്‍മ്മകളുടെ പച്ചപ്പില്‍ അല്‍പനേരം സ്വതന്ത്രമായി മേയാന്‍ വിടാന്‍ സമയം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതുതന്നെ ഭാഗ്യം..

എന്നാലും... പ്രിയപ്പെട്ടവരുടെ ആശംസകള്‍ക്കും, സ്നേഹാന്വേഷണങ്ങള്‍ക്കും അപ്പുറം മധുരതരവും വിലമതിക്കാനാവാത്തതുമായ എന്തു പിറന്നാള്‍ സമ്മാനമാണുള്ളത്?

ആ മനോജ്ഞമായ പിറന്നാള്‍ സമ്മാനത്തിന്‍റെ ഓര്‍മ്മയില്‍ എന്‍റെ മനസ്സ് ആര്‍ദ്രമാകുന്നു...

ജീവിതം സ്നേഹത്തിന്‍റെ ഒരു പ്രവാഹമാകട്ടെ എന്നാശിക്കുകയും ചെയ്യുന്നു...

Friday, March 26, 2010

ജീവിതം മതിയാവു(ക്കു)മ്പോള്‍...

വെറുമൊരു പത്രവാര്‍ത്തയായി വായിച്ചു തള്ളുമായിരുന്നു.. കൊച്ചിയിലെ നാലംഗകുടുംബത്തിന്‍റെ ആത്മഹത്യ....

പക്ഷേ... വിജയന്‍ ഞങ്ങള്‍ക്ക് അങ്ങനെ പിഴുതുമാറ്റാവുന്ന ഒരോര്‍മ്മയല്ലല്ലോ...
ഹൃദ്യമായ പെരുമാറ്റവും സ്നേഹസമ്പന്നമായ മനസ്സുംകൊണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ക്കൊക്കെയും പ്രിയങ്കരനായവന്‍..

എവിടെയാണ് നമുക്കൊക്കെ താളംതെറ്റുന്നത്.. അല്ലെങ്കില്‍ എന്താണ് നമ്മുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നത്? തന്നോടൊപ്പം തന്‍റെ പ്രിയപ്പെട്ടവരേയും മരണത്തില്‍ ഒപ്പം കൂട്ടാന്‍ എന്തു സാഹചര്യമാണ് എന്‍റെ സുഹൃത്തിനെ പ്രേരിപ്പിച്ചത്?...

ഇതൊക്കെ ചോദ്യച്ചിഹ്നമായി അവശേഷിപ്പിച്ച് അവര്‍ പോയി...

കുറെനാളത്തേക്കെങ്കിലും മനസ്സില്‍ ഒരു നീറ്റല്‍ നിലനിര്‍ത്തിക്കൊണ്ട്...

എന്‍റെ നല്ല സുഹൃത്തിനും, ഒപ്പം പിരിയാതെ കൂടിയ പത്നിക്കും രണ്ട് ആണ്‍മക്കള്‍ക്കും... വേദനയോടെ ആദരാഞ്ജലികള്‍ നേരുന്നു....