Monday, March 29, 2010

പിറന്നാള്‍.. പിന്നെ സമ്മാനവും..

ഇന്നു രാവിലെ കുഞ്ഞു മകള്‍ വിളിച്ച് ആശംസകള്‍ അറിയിക്കുമ്പോഴാണ്, ജന്മദിനമാണെന്നുള്ള ഓര്‍മ്മതന്നെ മനസ്സില്‍ വരുന്നത്...

ആരിലും ഗൃഹാതുരത ഉണര്‍ത്തുന്ന ദിനം...

പക്ഷേ, ജീവിതത്തിന്‍റെ ഈ പാച്ചിലില്‍ നമുക്ക് നമുക്കായി കണ്ടെത്താന്‍ എവിടെ സമയം?

മനസ്സിനെ ഓര്‍മ്മകളുടെ പച്ചപ്പില്‍ അല്‍പനേരം സ്വതന്ത്രമായി മേയാന്‍ വിടാന്‍ സമയം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതുതന്നെ ഭാഗ്യം..

എന്നാലും... പ്രിയപ്പെട്ടവരുടെ ആശംസകള്‍ക്കും, സ്നേഹാന്വേഷണങ്ങള്‍ക്കും അപ്പുറം മധുരതരവും വിലമതിക്കാനാവാത്തതുമായ എന്തു പിറന്നാള്‍ സമ്മാനമാണുള്ളത്?

ആ മനോജ്ഞമായ പിറന്നാള്‍ സമ്മാനത്തിന്‍റെ ഓര്‍മ്മയില്‍ എന്‍റെ മനസ്സ് ആര്‍ദ്രമാകുന്നു...

ജീവിതം സ്നേഹത്തിന്‍റെ ഒരു പ്രവാഹമാകട്ടെ എന്നാശിക്കുകയും ചെയ്യുന്നു...

Friday, March 26, 2010

ജീവിതം മതിയാവു(ക്കു)മ്പോള്‍...

വെറുമൊരു പത്രവാര്‍ത്തയായി വായിച്ചു തള്ളുമായിരുന്നു.. കൊച്ചിയിലെ നാലംഗകുടുംബത്തിന്‍റെ ആത്മഹത്യ....

പക്ഷേ... വിജയന്‍ ഞങ്ങള്‍ക്ക് അങ്ങനെ പിഴുതുമാറ്റാവുന്ന ഒരോര്‍മ്മയല്ലല്ലോ...
ഹൃദ്യമായ പെരുമാറ്റവും സ്നേഹസമ്പന്നമായ മനസ്സുംകൊണ്ട് ഞങ്ങള്‍ കൂട്ടുകാര്‍ക്കൊക്കെയും പ്രിയങ്കരനായവന്‍..

എവിടെയാണ് നമുക്കൊക്കെ താളംതെറ്റുന്നത്.. അല്ലെങ്കില്‍ എന്താണ് നമ്മുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നത്? തന്നോടൊപ്പം തന്‍റെ പ്രിയപ്പെട്ടവരേയും മരണത്തില്‍ ഒപ്പം കൂട്ടാന്‍ എന്തു സാഹചര്യമാണ് എന്‍റെ സുഹൃത്തിനെ പ്രേരിപ്പിച്ചത്?...

ഇതൊക്കെ ചോദ്യച്ചിഹ്നമായി അവശേഷിപ്പിച്ച് അവര്‍ പോയി...

കുറെനാളത്തേക്കെങ്കിലും മനസ്സില്‍ ഒരു നീറ്റല്‍ നിലനിര്‍ത്തിക്കൊണ്ട്...

എന്‍റെ നല്ല സുഹൃത്തിനും, ഒപ്പം പിരിയാതെ കൂടിയ പത്നിക്കും രണ്ട് ആണ്‍മക്കള്‍ക്കും... വേദനയോടെ ആദരാഞ്ജലികള്‍ നേരുന്നു....