തുമ്പയും തുളസിയും ഓണനിലാവും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്.......
Wednesday, December 25, 2013
Wednesday, October 30, 2013
കോരന്റെ നിരാഹാരം
വാഴുന്നോരെ വീഴ്ത്താനായ്
വാഴാത്തോരുടെ പഞ്ചനക്ഷത്രസമരത്തിന്റെ
ആറുകോളം വാര്‍ത്തക്കടിയിലെങ്ങും
കോരന്റെ നിരാഹാരം ഒരു വാര്‍ത്തയേ ആയില്ല.
വികസനവണ്ടി വേരോടെ പിഴുതെറിഞ്ഞതാണു
കോരന്റെ കുടിലെന്നതിനാല്‍
ഭൂമിതട്ടിപ്പുകേസിന്റെ വാര്‍ത്തയ്ക്കുശേഷംപോലും
കോരന്‍ ചാനല്‍വാര്‍ത്തയായില്ല!
ഒരു പീഢനവാര്‍ത്തയുടെ കുളിരില്ലാഞ്ഞതിനാല്‍
ചാഞ്ഞിരുന്നും ചരിഞ്ഞിരുന്നും വാര്‍ത്തവായിക്കുന്നവര്‍ക്കു്
കോരന്റെ വിശപ്പ് ഒരു വാര്‍ത്തയേ ആയില്ല.
കഞ്ഞിപോയിട്ട് കഞ്ഞിവെള്ളംപോലുമില്ലാഞ്ഞിട്ട്
കുമ്പിളെന്നേ എറിഞ്ഞു കളഞ്ഞതിനാല്‍
ഓണംപിറന്നിട്ടും കവികളാരും
കോരനേക്കുറിച്ചു പാടിയേയില്ല!
തന്റെ സ്വപ്നത്തോളം ഇരുണ്ട മേനിയായതിനാല്‍
ക്യാമറക്കണ്ണുകള്‍ അവനെക്കണ്ടതേയില്ല!
ഹരിതമായതൊന്നും സ്വന്തമായില്ലാത്തതിനാല്‍
ഹരിതവാദികളുടെ അന്തിച്ചര്‍ച്ചയുടെ ഏഴയലത്തു്
കോരന്‍ കടന്നുവന്നേയില്ല!
സ്വാമിയല്ലാത്തതുകൊണ്ട് സമാധിയായില്ല.
ബിഷപ്പല്ലാത്തതിനാല്‍ കാലംചെയ്തില്ല.
നാടുവാഴിയല്ലാത്തതിനാല്‍ നാടുനീങ്ങിയില്ല.
തിരുമനസ്സല്ലാത്തതിനാല്‍ തീപ്പെട്ടില്ല.
പകരം -
പട്ടിണിയുടെ ഏഴാംനാള്‍
കോരന്‍ ചത്തുപോയി...
പതിവുപോലെ,
അതും വാര്‍ത്തയായില്ല!
Subscribe to:
Posts (Atom)