Friday, February 21, 2014

ലോക മാതൃഭാഷാദിനം - ഞാനോര്‍മിക്കുന്നതു്.

ഇന്നു് ലോകമാതൃഭാഷാ ദിനം. ഇന്നു് ആരെയാണു് ഞാന്‍ ആദ്യം ഓര്‍ക്കേണ്ടതു്? ഒട്ടും സംശയിക്കാനില്ല എനിക്കു് - ഇന്നു് ആദ്യമായി ഞാന്‍ ഓര്‍ക്കേണ്ടതു് മലയാളത്തിന്റെ മധുരമുള്ള അക്ഷരങ്ങളെ എനിക്കു പറഞ്ഞൂതന്ന എന്റെ എഴുത്താശാന്‍ - ദാനിയേല്‍ ആശാന്‍! പേരുകേട്ട് നെറ്റി ചുളിക്കേണ്ട! അങ്ങനെയും ഒരു ആശാന്‍ ഉണ്ടായിരുന്നു! "ഹരിശ്രീ ഗണപതയേ നമഃ" എന്നും "യേശുമിശിഹായേ നമഃ" എന്നും ഒരുപോലെ  എഴുത്തോലയില്‍ ആദ്യപാഠമായി എഴുതിയിരുന്ന ആശാന്‍.
എന്നും രാവിലെ ആശാന്‍ പള്ളിക്കൂടത്തിലേയ്ക്ക് എഴുത്തോലയുടെ കെട്ടും, ചോറുപൊതിയുമായി ഞങ്ങള്‍ നടക്കും. പോകുന്ന വഴിയില്‍ കാണുന്നവരൊക്കെ എഴുത്തോലക്കെട്ട് വാങ്ങി നോക്കും - എത്ര പാഠമായി? എത്ര ഓലയായി? എന്നൊക്കെ ചോദ്യം. ഓലയുടെ എണ്ണമായിരുന്നു മിടുക്കിന്റെ മാനദണ്ഡം!  ഒരു ഓലയില്‍ നാലു പാഠമാണു്(അക്ഷരം) ഉണ്ടാകുക. അതു കഴിയുമ്പോള്‍ ആശാന്‍ പുതിയ ഓല കൊണ്ടുവരാന്‍ ആവശ്യപ്പെടും.വീട്ടിലെത്തിയാല്‍ ഓല സംഘടിപ്പിക്കാനായി ഓട്ടം.. പിറ്റേന്നു് പുതിയ ഓലയും കൂടി പിടിച്ച് ഗമയില്‍ നാട്ടുകാരുടെ മുമ്പിലൂടെ നടക്കും. മിടുക്കന്‍! പുതിയ ഓലയായല്ലോ, ഇന്നു പുതിയ പാഠം കിട്ടുമല്ലോ - എന്നു് ആരെങ്കിലുമൊക്കെ പറയുന്നതോടെ ഗമ വര്‍ദ്ധിക്കും.
ആശാന്‍ പള്ളിക്കൂടത്തിലെത്തിയാല്‍ ( വലിയൊരു ഓലഷെഡ്ഡായിരുന്നു അതു് - ആശാന്റെ വീടിനോടു ചേര്‍ന്നു്), തടുക്ക്(തെങ്ങോലകൊണ്ടുള്ള ചെറിയ പായ) എടുത്തിട്ട് നിരനിരയായി ഇരിക്കും. മുമ്പില്‍ പൊടിമണല്‍ നിരത്തി, അതിനു മുമ്പില്‍ എഴുത്തോല നിവര്‍ത്തി വച്ച് എഴുത്തു തുടങ്ങും. പുതിയ അക്ഷരമാണെങ്കില്‍ ആശാന്‍ കൈയില്‍ പിടിച്ച് എഴുതിക്കും. മുറ്റത്ത് തെങ്ങിന്‍ ചുവട്ടില്‍ ചെറിയൊരു ബഞ്ചിലാണു് ആശാന്‍ ഇരിക്കുക.. പിന്നെ ഓരോരുത്തരുടെയും അടുത്തുവരും. പഠിച്ചത് തെറ്റുകൂടാതെ എഴുതിക്കാണിച്ചാല്‍ തെങ്ങിന്‍ ചുവട്ടിലെ ബഞ്ചിനരികിലേയ്ക്ക് വിളിക്കും. പിന്നെ ഓലയില്‍ നാരായം കൊണ്ട് 'കിരു കിരാ' എന്നു് പുതിയ പാഠം എഴുതുകയായി.. ലോകത്തില്‍വച്ച് ഏറ്റവും സുന്ദരമായ ശബ്ദങ്ങളിലൊന്നായി അന്നു തോന്നിയിരുന്നതു് ഈ 'കിരുകിരാ' ശബ്ദമാണു്! പുതിയ ഓലയാണെങ്കില്‍ ആശാന്‍ അതിന്റെ രണ്ടറ്റവും ഭംഗിയായി മുറിച്ച്, ഒരറ്റത്ത് 'മത്തിത്തല' യുണ്ടാക്കി, നടുവിലൊരു തുളയുണ്ടാക്കി, പാഠമെഴുതിയശേഷം മറ്റു ഓലകളുമായിച്ചേര്‍ത്ത് ചരടില്‍ ബന്ധിക്കുന്നു.
ഉച്ചയ്ക്ക് ആശാന്റെ വീടിന്റെ വരാന്തയില്‍ നിരന്നിരുന്നു ചോറൂണു്.. അതിന്റെ ചുമതല ആശാട്ടിക്കാണു്.. ഓരോരുത്തരേയും ശ്രദ്ധിക്കുന്നു.( ആശാട്ടി ചിലപ്പോള്‍ പഠിപ്പിക്കാനും കൂടും). അങ്ങനെ അക്ഷരങ്ങളൊക്കെ പഠിച്ച് സ്കൂളിലെത്തിയാലും ആശാന്റെ പ്രസക്തി തീരുന്നില്ല.. എന്നും എന്റെ വീട്ടില്‍ വൈകിട്ട് ചേട്ടന്മാരെ പഠിപ്പിക്കാനും ദാനിയേല്‍ ആശാന്‍ എത്തിയിരുന്നു.. (അക്കാലത്തെ ട്യൂഷന്‍ എന്നു പറയാം).
ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രധാന സമയങ്ങളിലും ആശാന്റെ സാന്നിദ്ധ്യം ഉണ്ടാകണമെന്നു് അദ്ധ്യാപകനായിരുന്ന ഞങ്ങളുടെ അച്ഛനു് നിര്‍ബന്ധമുണ്ടായിരുന്നു. പരീക്ഷകള്‍ക്കു പോകുമ്പോള്‍, പിറന്നാളുകളില്‍, ആദ്യമായി കോളേജിലേയ്ക്കു പോകുമ്പോള്‍, പരീക്ഷയുടെ റിസല്‍ട്ട് വരുമ്പോള്‍, ഇന്റര്‍വ്യൂവിനു പോകുമ്പോള്‍. ജോലിക്കു പ്രവേശിക്കുമ്പോള്‍ അങ്ങനെ എല്ലാ സമയത്തും ആശാന്‍ വീട്ടിലെത്തും. അടയ്ക്കയും വെറ്റിലയും ചേര്‍ന്ന ദക്ഷിണവാങ്ങി, തലയില്‍ കൈവച്ച് മനസ്സില്‍ തട്ടി ആശാന്‍ പ്രാര്‍ത്ഥിക്കും.. ഒരേ പ്രാര്‍ത്ഥന " സര്‍വശക്തനായ ദൈവമേ... എന്റെ കുഞ്ഞിന്റെ കൂടെയുണ്ടാവണേ.. അവന്റെ സുഖത്തിലും ദുഃഖത്തിലും അവനു തുണയായിരിക്കണേ.. അവനു നല്ലവഴി നീ കാട്ടിക്കോടുക്കണേ......" അങ്ങനെ പോകുന്ന പ്രാര്‍ത്ഥന.. ഓരോ തുടക്കങ്ങളിലും ആ പ്രാര്‍ത്ഥന എനിക്കു നല്‍കിയിരുന്ന ഊര്‍ജ്ജം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അത് ഒരു പ്രകമ്പനമായി എന്നില്‍ നിറഞ്ഞുനിന്നു. അവസാനത്തെ പ്രാര്‍ത്ഥന ജോലിയില്‍ പ്രവേശിക്കാനായി എന്നെ യാത്രയാക്കുമ്പോഴായിരുന്നു.. എന്റെ വിവാഹത്തിനു് ആശിര്‍വാദം തരുംമുമ്പേ, ഒരു പൂ കൊഴിയുന്നതു പോലെ ആശാന്‍ യാത്രയായി..
എങ്കിലും ജീവിതത്തിലെ ഓരോ പ്രധാന സംഭവങ്ങള്‍ക്കും മുമ്പ് എന്നും ദാനിയേല്‍ ആശാന്‍  ഒരു പ്രാര്‍ത്ഥനയായി എന്നില്‍ നിറയുന്നു.. ഒരു ഊഷ്‌മളമായ കരം എന്റെ തലയില്‍ സ്പര്‍ശിക്കുന്നു.. ഒരു പ്രാര്‍ത്ഥന എന്റെ ചെവിയില്‍ മുഴങ്ങുന്നു "സര്‍വശക്തനായ ദൈവമേ.....".
ഇന്നു് ഞാന്‍ വേറാരെയാണു് ഓര്‍ക്കുക!


തിരിഞ്ഞു നടക്കാന്‍...

കഴിയുമെങ്കില്‍,
ഈ വഴിയൊന്നു
പിന്‍‌തിരിഞ്ഞൂ നടക്കണമെന്നുണ്ട് !
കണ്ടേക്കാവുന്ന ചിലരോടെങ്കിലും
ചിലതൊക്കെ ചോദിക്കാനുണ്ട് !
ഒരു പുഞ്ചിരിക്കു പിന്നിലൂടെയെന്‍
നെഞ്ചിലൊരു കത്തിയാഴ്‌ത്തിയതെ-
ന്തിനെന്നവനോടു ചോദിക്കാനുണ്ട് !
ഓര്‍‌മതന്‍ ചില്ലിനു പിന്നിലെന്നച്ഛന്നു
ബാക്കിവച്ചൊരു ചുംബനം നല്‍കാനുണ്ട് !
പിന്നെയെന്‍ യൗവന സൗഹൃദങ്ങളോട-
രനിമിഷം കടം ചോദിക്കുവാനുണ്ട് !
വട്ടയിലയില്‍ വിളമ്പാനൊത്തിരി സ്നേഹം
എന്‍സോദരങ്ങളോടു ചോദിക്കാനുണ്ട് !
പട്ടുപാവാടത്തുമ്പുലയുമ്പോള്‍ ചിലമ്പുന്ന
വെള്ളിക്കൊലുസുള്ളവളോടെന്‍
ഹൃദയം തിരികെച്ചോദിക്കാനുണ്ട് !
ഓലയിലെഴുത്താണിയാലുണ്മയാമക്ഷരം
സംഗീതമായ് പൊഴിച്ച ഗുരുവിന്‍
കാല്‍തൊട്ടു വണങ്ങാനുണ്ട് !
അതേ,
കഴിയുമെങ്കില്‍ ഈ വഴിയൊന്നു
പിന്‍‌തിരിഞ്ഞു നടക്കണമെന്നുണ്ട് !
ചില കടങ്ങള്‍ തീര്‍ക്കുവാനുമുണ്ട് !!