Sunday, August 30, 2015

ജാതിചിന്ത

എന്റെ ജാതി, എന്ന് ഞാന്‍ അഭിമാനിച്ചിരുന്നില്ല.
അതെന്നെ അപമാനിച്ചുമില്ല..
ഉല്‍കൃഷ്ടമെന്നൊ, അധമമെന്നോ തോന്നിച്ചിട്ടില്ല.
എന്റെ ജാതിയായതുകൊണ്ടുമാത്രം ആരും ബന്ധുവായില്ല
അല്ലാത്തതുകൊണ്ടുമാത്രം ആരും ശത്രുവുമായില്ല..
ആരിലേക്കുമുള്ള വഴിയില്‍ മതിലുകള്‍ തീര്‍ത്തില്ല..
ഒരു പൊതിച്ചോറും പങ്കിടാതെ പോയില്ല..
ഒരു പാലവും ഹൃദയത്തിലേക്ക് തുറക്കാതെ പോയില്ല..
എന്നിട്ടും -
ഞാന്‍പോലുമറിയാതെ, എന്നെ പിളര്‍ക്കാന്‍ -
അതെങ്ങനെ നിനക്കായുധമായി !

Wednesday, August 12, 2015

എന്റെ കൊടികള്‍


ആദ്യം കൊടിപിടിച്ചത്
അതിര്‍ത്തിയില്‍ യുദ്ധം...
കൊടുമ്പിരിക്കൊണ്ടപ്പോഴാണ്,
വംഗദേശത്തെ അഭയാര്‍ത്ഥി പ്രവാഹം
കേട്ടറിഞ്ഞപ്പോഴാണ്..
നാലാംക്ലാസ്സുകാരോട്
ഗാന്ധിക്കണ്ണടയുള്ള,
ഗാന്ധിജിയുടെ തലയുള്ള,
ഖദര്‍ജൂബ്ബയിട്ട,
വര്‍ക്കിമത്തായിസാര്‍
പറഞ്ഞപ്പോഴാണ്-
"നാളെ നാടിന് ഐക്യദാര്‍ഢ്യറാലി,
മൂവര്‍ണക്കൊടി വേണം കൈയില്‍"

കാവി, വെള്ള, പച്ച,
കടലാസുകഷണങ്ങള്‍
ഒട്ടിച്ചൊരു പതാകയാക്കിത്തന്നത്
അമ്മയാണ്,
വെള്ളക്കടലാസുകൊണ്ടൊരു
ചക്രമുണ്ടാക്കി
നീലമഷിയില്‍ മുക്കി
വെള്ളനിറത്തിനു നടുവിലൊട്ടിച്ചതും
അമ്മയാണ്.
വട്ടക്കമ്പു ചെത്തിമിനുക്കി
അതിലാക്കൊടിയൊട്ടിച്ചു തന്നത്
മുത്തച്ഛനും.

പിറ്റേന്ന്, വല്യേട്ടന്മാരോടൊപ്പം
കൊടിപിടിച്ചു നടക്കുമ്പോള്‍
നനുത്ത മഴയായിരുന്നു..
ശത്രുരാജ്യത്തിനെ
കൂര്‍ത്ത മുദ്രാവാക്യങ്ങളാല്‍ കുത്തിയും
മാതൃരാജ്യത്തിനെ ആവേശത്തോടെ
തലോടിയും,
അര്‍ത്ഥം മനസ്സിലാവാത്ത
ഒരുപാട് മുദ്രാവാക്യങ്ങള്‍
ഏറ്റുപറഞ്ഞും
ജാഥ ചന്തമൈതാനത്തെ
പ്രസംഗങ്ങളിലേക്ക്
ചെന്നവസാനിക്കുമ്പോള്‍
കടലാസുകൊടി
നനഞ്ഞു കീറിയിരുന്നു..
ചക്രത്തിലെ നീലമഷി
നെറുകയില്‍ പൊട്ടുകുത്തിയിരുന്നു.

കാലം പോകെ
എനിക്കൊരു കൊടികിട്ടി -
ഖാദിയുടെ മൂവര്‍ണം!
ടാക്സിക്കാറിന്‍റെ
കൊടിത്തണ്ടില്‍ നിന്ന്
ഒരു സ്വാതന്ത്ര്യദിന സന്ധ്യയില്‍
ചെറിയച്ഛന്‍ അഴിച്ചു തന്നത്!
പഴമയുടെ സുഗന്ധമുള്ളത്..
ആരുടേയോ വിയര്‍പ്പിന്‍റെ ചൂടുള്ളത്...
ഏതൊക്കെയോ സ്വപ്നത്തിന്‍
തിളക്കമുള്ളത്..
സ്വാതന്ത്ര്യ ദിനത്തിനു ശേഷം
റിപ്പബ്ളിക് ദിനം നോക്കി
എന്‍റെ പുസ്തകപ്പെട്ടിയില്‍
വിശ്രമിച്ചിരുന്നത്!

പിന്നെപ്പിന്നെ
സ്വാതന്ത്ര്യ ദിനം
അവധി ദിനം മാത്രമായപ്പോള്‍
സിനിമാ തിയേറ്ററിലെ
ക്യൂ വിനു മുകളില്‍
പാറിപ്പറന്നു വലിയൊരു കൊടി!

ഇന്നിപ്പഴോ-
രാജപാതയിലെ
തിരക്കുള്ള കവലയില്‍
ട്രാഫിക് ജാമിന്‍റെ
ക്ഷമയില്ലാത്ത നിശ്ചലതയില്‍
തെന്നിയും തെറിച്ചും നീങ്ങുന്നു,
ഓരോ ജാലകത്തിനുമപ്പുറം
വന്നു നില്‍ക്കുന്നു..
ദീനമായ കണ്ണുകളാല്‍ നോക്കുന്നു..
പൊരിവെയിലിലൊരു
കുഞ്ഞ് ഒക്കത്തിരിക്കുന്നു..
മൗനമായൊരു അഭ്യര്‍ത്ഥനയോടെ
കൈനീട്ടുന്നു..
ചിലവ, ഒഴിഞ്ഞ വയറിന്റെ
കൈപിടിച്ചെത്തുന്നു..
വിറയ്ക്കുന്ന കൈകളില്‍,,,
ചൈതന്യമില്ലാത്ത,
ശ്വാസവും ഗന്ധവുമില്ലാത്ത,
കണ്ണീര്‍ക്കണങ്ങളൊന്നും
ഒപ്പാനാവാത്ത,
ഹൃദയമില്ലാത്ത,
ക്രൂരമാം നിറങ്ങള്‍ മാത്രമുള്ള,
പ്ലാസ്റ്റിക് കൊടികള്‍!!