Tuesday, November 20, 2012

വര്‍ത്തമാനപ്പക്ഷി..


ഒരു വെളുത്തപക്ഷിയായ്
ചിറകു കുഴഞ്ഞ് 
എന്റെ പൂമുഖത്തു വന്നുവീഴുന്ന
വർത്തമാനപത്രത്തിൽ നിന്നും
ചിതറി വീഴുന്നൂ,
ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തം..
ചിറകിന്നുള്ളിൽ
മിസൈൽ ചിതറിച്ച
സ്വന്തം കുഞ്ഞിന്റെ ശരീരാവശിഷ്ടം
കൈയിലേന്തിയ പിതാവിന്റെ
ദീനമായ കണ്ണുകൾ...
മറ്റു കോലാഹലങ്ങളിലും
വാദപ്രതിവാദങ്ങളിലും
എന്റെ ഹൃദയം ഉടക്കുന്നില്ല...
മനമാകെ ചോരയുടെ നിറം...
എങ്ങും കരിഞ്ഞമാംസഗന്ധം..
നാളത്തെ പ്രഭാതത്തിലും
എന്റെ പൂമുഖത്തു വന്നു വീഴുന്ന
ചിറകൊടിഞ്ഞ പക്ഷീ...
നിന്റെ ഗന്ധവും
നീ വഹിക്കുന്ന ദീനരോദനങ്ങളും
എന്നെ വേട്ടയാടുന്നു...
നിന്നെ ഞാൻ ഭയക്കുന്നു..

Saturday, November 10, 2012

എന്റെ മണ്ണു്


ഇന്നലെ ഞാന്‍ നടന്ന മണ്ണിനു് ചുവന്ന നിറമായിരുന്നു..
അതിനു് വിയര്‍പ്പിന്റെ ഉപ്പുണ്ടായിരുന്നു..
എന്നോ കൊഴിഞ്ഞു വീണ ഇലകളുടെ ഗന്ധവും
ഓര്‍മകളുടെ ആര്‍ദ്രതയും ഉണ്ടായിരുന്നു..

ഇന്നു ഞാന്‍ നില്ക്കുന്ന മണ്ണിനും ചുവന്ന നിറമാണു്..
അതിനു് കണ്ണീരിന്റെ ഉപ്പും, ചോരയുടെ മണവും,
ചവിട്ടിമെതിക്കപ്പെട്ട സ്വപ്നങ്ങളുടെ ഗന്ധവും,
പെയ്തൊഴിയാത്ത ദുഃഖത്തിന്റെ നനവുമാണു്...

കാലം തകര്‍ത്തു പെയ്ത മാനത്തിനു ചുവട്ടില്‍
എല്ലാം നഷ്ടപ്പെട്ട എന്റെ(?) മണ്ണു്
വലിഞ്ഞു കീറി, നിണം വാര്‍ന്നു്, മറ്റൊരു പെണ്ണായി
എനിക്കും അന്യയായി, കണ്ണീര്‍ വറ്റിക്കിടക്കുന്നു..
വിറയാര്‍ന്ന നനഞ്ഞ കൈകളാല്‍ എന്നെച്ചുറ്റിപ്പീടിക്കാനായുന്നു.
ഞാനോ, അവളില്‍നിന്നു് ഓടിയകലാനും..