Friday, June 03, 2016

ഓര്‍മ


ചങ്ങലയിട്ടു പൂട്ടിയ
തുരുമ്പിച്ച കവാടത്തിനുമപ്പുറം,
കരിയിലകള്‍ വീണു നിറഞ്ഞ
മുറ്റത്തിപ്പോഴും
പൊളിഞ്ഞുവീണിട്ടില്ലാത്തൊരു
തുളസിത്തറയും
അതിലിനിയുമുണങ്ങാത്തൊരു
തുളസിയുമുണ്ട്..
പക്ഷേ..
അതിനു പിന്നിലെ
നീളന്‍ മുടിച്ചുരുളും, കരിനീലമിഴികളും
നീലിച്ച കുപ്പിവളകളും, നീല ധാവണിയും,
കിലുങ്ങുന്ന പാദസരങ്ങളും,
ഓര്‍മയില്‍ മാത്രം!

മരണത്തിന്റെ വര്‍ണങ്ങള്‍


ഇന്നലെ വരെ-
വര്‍ണമില്ലാത്തവനായിരുന്നു
നീ, മരണമേ!
നിനക്കുണ്ടായിരുന്നത്
നീ ഞങ്ങളില്‍ സൃഷ്ടിക്കുന്ന
ശൂന്യതയുടെ വേദനമാത്രം!!
ഹൃദയരക്തത്തില്‍നിന്നൂറി
കണ്ണുകളിലൂടൊഴുകുന്ന
നനവുമാത്രം!!
ഇന്നത്തെ പുതിയ പാഠങ്ങള്‍ പറയുന്നൂ-
മരണത്തിന് വര്‍ണമുണ്ടത്രേ!!
നിന്നോടു സമരസപ്പെടുന്ന
വര്‍ണങ്ങളില്‍ മാത്രം
കണ്ണീരൊഴുക്കുക-
നിന്റെ ചിത്രത്തിന്മേലെയാ
വര്‍ണം വാരിപ്പൂശി
ഐക്യദാര്‍ഢ്യപ്പെടുക!
നിന്നോടു ചേരാത്ത നിറങ്ങളില്‍
മരണപ്പെട്ടവരെയോര്‍ത്ത്
കണ്ണീരൊഴുക്കാതിരിക്കുക!
മരണത്തിലും മനുഷ്യത്തം തുലയട്ടെ!

മഴ പഠിപ്പിക്കുന്നത്


വർണങ്ങളെയെല്ലാം കഴുകുന്നൂ മഴ
മനസ്സിന്റെ മാലിന്യക്കൂമ്പാരങ്ങളെ
തെരുവിലേക്കൊഴുക്കുന്നൂ, മഴ..
മഴയാണ്, പെരുമഴ.
ഉള്ളവന്റെ അഹങ്കാരത്തേയും
ഇല്ലാത്തവന്റെ തേങ്ങലിനേയും
കടലിലേക്ക് കുത്തൊഴുക്കുന്നൂ, മഴ.
എന്നെയും നിന്നെയും
എന്നിലെ ഞാനെയും
നിന്നിലെ നീയെയും
കഴുകിയിളക്കി നുരയാക്കുന്നൂ, മഴ.
മഴയാണ്, പെരുമഴ.
രാജവീഥിയേയും വെട്ടുവഴികളേയും
ഒന്നുപോലെ കലങ്ങിയ തോടാക്കുന്നൂ, മഴ..
നീയും ഞാനും ഒറ്റപ്പെടലിന്റെ
പൊട്ടിയ കമ്പിയില്ലാക്കമ്പികളാകുന്നു.
നീയും ഞാനും ആരുമറിയാത്ത
മാംസപിണ്ഡങ്ങളായി ചീയുന്നു,
മഴയാണ്, പെരുമഴ
ഈ മഴയിലൊലിച്ചുപോയ വർണങ്ങളെച്ചൊല്ലിയാണ്,
ഈ മഴ കഴുകിയെടുത്ത
അഹങ്കാരത്തെയും തേങ്ങലിനേയുമോർത്താണ്,
ഈ മഴ തെറിപ്പിച്ചുകളഞ്ഞ
ഈ എന്നെയും നിന്നെയും മനസ്സിലിട്ടാണ്,
ഇത്രനാളും തമ്മിലിടഞ്ഞത്,
തമ്മിലടിച്ചതും കടിച്ചു കുടഞ്ഞതും!
ഇന്ന് നീയും ഞാനുമൊന്നുപോലെ
നിസ്സാരരായ സഹജീവികളാകുമ്പോൾ,
മഴയാണ്, പെരുമഴ,
എല്ലാം പഠിപ്പിക്കുന്ന
കാരുണ്യപ്പെരുമഴ!!

ഡിസംബർ, നീ രക്തസാക്ഷി


ഡിസംബർ, നീയൊരു രക്തസാക്ഷി!
വഴിനീളെച്ചിതറിയ രക്തപുഷ്പങ്ങൾക്കുമേൽ
നേർത്തമഞ്ഞാൽ മൂടുന്നൂ ശുഭ്രാംബരം.
ഡിസംബർ, നീയൊരു രക്തസാക്ഷി!

ഡിസംബർ, ഇനി നിയെൻ പാതവക്കത്ത്
കാറ്റേറ്റു നിൽക്കുമൊരോർമ്മ സ്തംഭം!
തിരികെയില്ലെന്നുറപ്പിച്ചിന്നിന്റെ
പടിയിറങ്ങി, ഒരോർമ്മയാവുന്നു നീ!
ഡിസംബർ, നീയെന്റെ അവസാന-
സമയവുമെടുത്തു പോയോൻ!
ഇനി വരില്ലെങ്കിലും, ഒരു പുതുവത്സര-
പ്പൂച്ചെണ്ടെനിക്കായി തന്നു കടന്നുപോയോൻ!
ഡിസംബർ, നീയൊരു നഷ്ടസ്വപ്നം!
ആർദ്രമീരാത്രിയിലെൻ കണ്ണിൽ പൂക്കുന്ന
ഏതോ സുഖദമാം നഷ്ടസ്വപ്നം.
എന്നെപ്പിരിഞ്ഞൊരു സ്നിഗ്ദ്ധ സ്വപ്നം!
ഇനി മുളയ്ക്കുന്നൂ പുതുനാമ്പുകൾ,
പുതിയ സ്വപ്നങ്ങൾ, പുതുവഴികൾ.
അപ്പൊഴുമെന്നൊർമതൻ പാതയോരത്ത്
വെയിലിലും മഴയിലും നില്പൂ നിൻ സ്മാരകം!
ഡിസംബർ, നീയൊരു രക്തസാക്ഷി!
എനിക്കായി സ്വപ്നം വെടിഞ്ഞു പോയോൻ.
എനിക്കായി രുധിരം ചൊരിഞ്ഞു വീണോൻ.
ഒരോർമ്മയായ് മാറുമ്പോൾ, നീയെൻ പ്രിയൻ

നല്ല ദിനങ്ങൾ, നല്ല വഴി !


ഞാൻ നടക്കും വഴിയേത്?
ഞാൻ നടക്കേണ്ടും വഴിയേത്?
കാലിലാരോ കൊളുത്തി വലിക്കുന്നു.
"കണ്ണടയ്ക്കൂ, മിണ്ടാതിരിക്കൂ,
കാൽ ചലിപ്പിക്കൂ, ചരടുവലിക്കുമ്പോൾ!"-
ആരോ കണിശമായെന്നോടു ചൊല്ലുന്നൂ.
"ആരു, നീ?", യെൻ ചോദ്യമെങ്ങോ,
വിജനതയിലെങ്ങോ, തെന്നിമായുന്നു.
"ചോദ്യക്കൊളുത്തിനി വേണ്ട,
ചരിക്ക നീ, യിനി ഞാൻതന്നെ നിൻ വഴി!"-
കണ്ണുകെട്ടിയതാരോ!
എന്നെയന്ധനാക്കിയതാരോ!
"ഞാനാണിനി നിന്റെ കണ്ണ്,
കണ്ണു മൂടിയതെല്ലാം നീതികൾ!
നിന്നെ നടത്തുന്നതും ഞാ,നിനി
നിന്നെത്തളർത്തുന്നതും ഞാൻ!
നിനക്കായ് പാടുവതും ഞാൻ
നിന്റെ ചിന്തയെ തേർതെളിക്കുന്നതും ഞാൻ!
നീ, യൊരു മാംസപിണ്ഡമായ്,
യന്ത്രപ്പാവയാ,യെന്നോടൊപ്പം ചരിക്കുക!
ഇനി നിന്റെ സത്യവും, ധർമ്മവും,
ഇനി നിന്റെ നീതിയും, നീതിപീഠവും ഞാൻ!
മറുമൊഴി ചൊല്ലാതിരിക്കുക,
ചുണ്ടുകൾ താഴിട്ടു പൂട്ടുക,
എന്റെ ശാസനങ്ങളേറ്റു വാങ്ങുക,
എങ്കിലോ, നല്ല ദിനങ്ങൾ വരും..
ചുണ്ടനങ്ങിയാൽ,
നിൻ മിഴിതുറന്നൊന്നു നോക്കിയാൽ,
ചവിട്ടിമെതിക്കുവാനുണ്ടെൻ കാലുകൾ,
നിൻ കഴുത്തു കാത്തിരിക്കും കുടുക്കുകൾ!"
ഏതോ പരിചിതശബ്ദം, കഠിനമാ-
യെന്നോടു ചൊല്ലുന്നു..
കിലുങ്ങുന്നു, ചങ്ങലക്കൊലുസുകൾ!
മണ്ണിലടിയുന്നു ഞാ,നൊരു മാംസപിണ്ഡം-
മേധയില്ലാത്ത, രക്തമില്ലാത്ത,
മോഹമില്ലാത്ത, വിളറിയ മാംസഖണ്ഡം!

കണ്ണട


പണ്ടൊക്കെ കണ്ണടകൾക്ക്
രണ്ട് ചില്ലുകളായിരുന്നു-
ഇടതൊന്ന്, വലതൊന്ന്.
രണ്ടിലൂംകൂടി നോക്കിയാൽ
മങ്ങിയ കണ്ണുകൾക്ക്
ഇടതും വലതും മദ്ധ്യവും
വ്യക്തമായിക്കാണുമായിരുന്നു.
കാഴ്ചകളെല്ലാം സത്യമായി തെളിയുമായിരുന്നു..
ഇന്നത്തെ കണ്ണടകൾക്കെല്ലാം
ഒരേയൊരു ചില്ല്...
ചിലവയ്ക്ക് ഇടതുമാത്രം
ചിലവയ്ക്ക് വലതുമാത്രവും
കാണാനാവുന്ന ഒറ്റച്ചില്ല്!
മദ്ധ്യത്തെ കാഴ്ചകൾ
കാഴ്ചക്കപ്പുറത്താക്കുന്ന ഒറ്റച്ചില്ല് !
അതിലോ ചിലത്
കറുകറുത്ത ഒറ്റച്ചില്ല് -
ഒറ്റുകാരനായൊരു
കടൽക്കൊള്ളക്കാരൻ!
തുപ്പൽക്കോളാമ്പി പോലൊരു
പീരങ്കിയുമുണ്ട് കൈയിൽ!!

വൈറസ്


ഈ ഭൂപടത്തിലൊരു
മൗസ് ക്ലിക്ക്!
വിവരത്തിനുമുമ്പേ,
വിവരമില്ലാത്ത
വൈറസുകൾ!
പച്ചപ്പ് ചോദിക്കുമ്പോൾ
കിട്ടുന്നത് പച്ചക്കൊടി!
ഓരോ ക്ലിക്കിലും
നിറം മാറുന്ന കൊടികളും!
മണ്ണ് ചോദിക്കുമ്പോൾ
തലങ്ങും വിലങ്ങും പായുന്ന
മണ്ണുമാന്തികൾ!
സ്ക്രീനിന്റെ അതിർത്തികൾ ഭേദിച്ച്
എന്നെയും മാന്തിപ്പൊളിക്കുന്നു..!!!
മരം ചോദിക്കുമ്പോൾ
കാണിക്കുന്നത് പെരുമരം -
കറുകറുത്ത ശവങ്ങൾ വിളഞ്ഞു തൂങ്ങുന്ന,
പെരുമരം!
ഒടുവിലെന്റെ
കൈകളിൽനിന്ന് മുക്തമായ്
സ്വയം ചലിക്കുന്ന മൗസ്..
സ്വന്തം ക്ലിക്കുകളിലേക്ക്
എന്റെ കണ്ണിനെ വലിച്ചു കെട്ടുന്നു!
ഒരൊറ്റ ക്ലിക്കിനാൽ -
മലയുടെ ഹരിത കവചം
വലിച്ചുകീറുന്നു..
മറ്റൊരു ക്ലിക്ക്, മലയെ മണ്ണാക്കി
തണ്ണീർത്തടത്തിലേക്ക് വലിച്ചു മൂടുന്നു..
വാക്കുകളെ കഴുത്തു ഞെരിച്ച് കൊല്ലുന്നു..
ഹൃദയങ്ങളെ തീണ്ടാപ്പാടകലേയ്ക്ക്
ആട്ടിപ്പായിക്കുന്നു!
നിറം കൊടുത്ത്, മനുഷ്യരെ
കള്ളികളിലേക്ക് വലിച്ചു മാറ്റുന്നു!
ഭാരം ചുമന്ന്, നുകം വലിച്ച്,
കുനിഞ്ഞ, മുതുകിനെ
വിറകുകൊള്ളിയായ്
കത്തിക്കുന്നു..
ഒടുവിലൊരു ക്ലിക്ക്
ഈ ഭൂപടത്തെയാകെ
തീക്കുണ്ഡമാക്കുന്നു,
കൂടെ -
ഞാനും കത്തുന്നു!!