Monday, March 23, 2015

സഹയാത്രികൻ

സ്വയം തീരുമാനിച്ച വഴികളിലൂടെ,
സ്വയം നടന്നുപൊയൊരു യാത്ര.
വീടിന്റെ പടി കടന്ന്,
പള്ളിയും പള്ളിക്കൂടവും കടന്ന്,
ജനപഥങ്ങളും നഗരത്തിന്റെ
തിരക്കുകളും കടന്ന്,
നടന്ന്, കിതച്ച്..
കോലാഹലങ്ങളുടെ അന്ത്യം
നിശ്ശബ്ദത തളംകെട്ടിയ
ഇടവഴിയിലൊന്നിലെത്തുമ്പോൾ..
പിന്നിലുയരുന്നതാരുടെ പാദപതനം!
തിരിഞ്ഞു നോക്കുമ്പോൾ കാണുന്നു,
പുഞ്ചിരിക്കുന്ന മുഖവുമായൊരാൾ!
“ആരു നീ?“ - എൻ ചോദ്യം
“ഞാൻ നിൻ സഹയാത്രികൻ“-
പുഞ്ചിരിയോടെ തുടരുന്നൂ-
“യാത്രാരംഭം മുതൽ നിന്നെപ്പിന്തുടരുന്നൂ,
അകന്നും അടുത്തും ഞാൻ!“

അമ്പരക്കുന്നു ഞാൻ നിൽക്കവേ
ചോല്ലുന്നൂ വീണ്ടൂമവൻ:
“ഇനി നിനക്കു വഴികാട്ടേണ്ടവൻ ഞാൻ!
വരികെയെന്നോടൊപ്പ, മെൻ വഴിയിലൂടെ”
ഒന്നുമുരിയാടാനാവാതവനോടൊപ്പം
ഇരുളുപരക്കുന്ന വഴിയിലേക്കു തിരിയുന്നു ഞാൻ!
ഇനി മടങ്ങാനാവാത്തൊരു യാത്ര-
യിവിടെ,യിപ്പോൾ തുടങ്ങുന്നു!

Saturday, March 21, 2015

ആശുപത്രി

ഒന്നാം വാര്‍ഡിലെപ്രസവമുറിയില്‍
നീയും ഞാനുമൊന്നിച്ചാണല്ലോ
പിറന്നു വീണത്.
രണ്ടാം വാര്‍ഡെന്ന
കുഞ്ഞുങ്ങളുടെ വാര്‍ഡിലും
നമ്മളൊരുമിച്ചായിരുന്നു -
നീ,
സ്ത്രീകളുടെ മൂന്നാം വാര്‍ഡിലേക്കും
ഞാന്‍,
പുരുഷന്മാരുടെ നാലാം വാര്‍ഡിലേക്കും
ഒറ്റപ്പെടുംവരെ!
അഞ്ചാം വാര്‍ഡിലേക്കുള്ള
ഇടനാഴിയില്‍ വച്ചാണ്
നിന്നോടുള്ള പ്രണയം ഞാന്‍
നിന്‍ മുന്നില്‍ തുറന്നുവച്ചത്.
അതേ ഇടനാഴിയുടെ അന്ത്യത്തില്‍വച്ചാണ്
നീ തന്ന നീലപ്പൂക്കളെ ചവിട്ടിയരച്ച്
അയാള്‍ നിന്നെ വിവാഹിതരുടെ
ആറാംവാര്‍ഡിലേക്ക് കൂട്ടിക്കൊണ്ടുപോയത്!
ആരോ എന്നെ ഏഴാം വാര്‍ഡിലേക്കും!
പിന്നെ-
പഴയ ഒന്നാം വാര്‍ഡിലെ
പ്രസവമുറിയില്‍
നീ അമ്മയായപ്പോള്‍,
പുറത്ത് ഞാന്‍ അച്ഛനാവാന്‍
കാത്തിരിക്കയായിരുന്നു!
കാലംപോകെ,
എട്ടാംവാര്‍ഡിനപ്പുറത്തെ
വൃദ്ധരുടെ വാര്‍ഡില്‍
വീണ്ടും നമ്മളടുത്തത്തടുത്ത്!
അവസാനത്തെ വാര്‍ഡും,
ഐസിയുവും കടന്ന്,
നമ്മളിപ്പോള്‍ മോര്‍ച്ചറിയിലെ
തണുപ്പിലും ഒന്നാണ്.
ഒരു ബിന്ദുവില്‍ നിന്നകന്നുപോയി
ഒരേ ബിന്ദുവിലെത്തി അവസാനിക്കവേ -
ജീവിതമെന്തെന്ന് ഞാനിപ്പോള്‍മാത്രമറിയുന്നു,
നീയും ഇപ്പോഴതറിയുന്നുണ്ടാവും!

Wednesday, March 18, 2015

കാഴ്ചകള്‍

നീയും ഞാനും കാണുന്ന-
തൊരേ കാഴ്ചകളെന്നാലും
നീ കാണുന്നത് നിന്റെ കാഴ്ചയും
ഞാന്‍ കാണുന്നതെന്‍ കാഴ്ചയും.
നിന്റെ കാഴ്ചയിലെന്റെ പച്ചയും മിനുക്കുമയ്യോ,
കത്തിയും കരിയും കറുത്ത-ചുവന്ന താടിയുമാകുന്നു!
എന്റെ കാഴ്ചയിലോ -
നിന്റെ പച്ചയും മിനുക്കും തഥൈവ!
ഒടുവില്‍ നമ്മിലെ യുദ്ധത്തിനന്ത്യത്തില്‍
അന്യോന്യം വയര്‍പിളര്‍ന്ന്,
കുടല്‍‌മാല ചാര്‍ത്തി നിണമണിയവേ
ഗതികിട്ടാതലയുന്നൂ നമ്മിലെ
പാവം പച്ചയും മിനുക്കും !
അരങ്ങിലൊരു കളിവിളക്ക്
കണ്ണടച്ചിരുട്ടാക്കുകയും!

Friday, March 13, 2015

ഉപ്പ്

അറിയാതെനമ്മള്‍ക്കിടയില്‍ വളര്‍ന്നൊരീ
മൗനമഹാവൃക്ഷത്തിന്‍ വേരറുക്കാമിനി!
അതുകഴിഞ്ഞലസമായൊഴുകുമീപ്പുഴയുടെ
അരികിലെയാര്‍ദ്രമാംസൈകതഭൂവിലൂട-
ന്യോന്യം കൈകൾ ചേർത്തൽപ്പം നടക്കാം..
ചുണ്ടില്‍നിന്നെന്നോ പറന്നു മറഞ്ഞൊരു
പാട്ടിന്‍ മധുരം തിരിച്ചെടുക്കാമിനി!
കൈകളില്‍ കൈകൊര്‍ത്തു നമുക്കിപ്പുഴയുടെ
ഉത്ഭവസ്ഥാനം വരേയ്ക്കും ചരിക്കാം.
അവിടെനിന്നൊന്നായൊഴുകി നമുക്കീ
അലസഗാമിനിയോടൊപ്പം ഗമിക്കാം..
ആയിരം കടവുകള്‍ തൊട്ടുതൊട്ടൊഴുകാം
ആയിരം പാദങ്ങള്‍ തഴുകിക്കടക്കാം
വിരഹദുഃഖങ്ങള്‍, പാപങ്ങള്‍,
പിതൃമോക്ഷമന്ത്രങ്ങളേറ്റു വാങ്ങാം.
ഒടുവിലിയാഴിയില്‍ വീണു തുടിക്കാം
നുരകളില്‍ തുള്ളിക്കളിക്കാം..
ബാഷ്പമാവട്ടെല്ലാം സൂര്യതാപത്തിനാല്‍
അവസാനമവശേഷിക്കട്ടെ ലവണമായ്
എന്നിലെ നീയും, നിന്നിലെ ഞാനും,
ആയിരം രസനകളിലാഘോഷമാവാന്‍!
മധുരമാമായിരം വാക്കുകളാവാന്‍,
ഈണം നിറയും കവിതകളാവാന്‍,
ക്ഷരമില്ലാത്തക്ഷരമാവാന്‍!

കളരിമുറ്റത്ത്

FACT യുടെ സുവർണകാലഘട്ടങ്ങളിലൊന്നിൽ ശ്രീ.എം.കെ.കെ.നായരുടെ ശ്രമത്തിൽ രൂപം കൊണ്ട ഒരു കളരി ഉണ്ടായിരുന്നു ഫാക്ട് ടൌൺഷിപ്പിൽ. കഥകളി, മോഹിനിയാട്ടം, ചെണ്ട, മദ്ദളം ഇവയിലെല്ലാം പ്രഗത്ഭരായ ഗുരുക്കന്മാർ.. കലാമണ്ഡലം ഹൈദരാലി, കേശവൻ, ശങ്കരവാര്യർ, എമ്പ്രാന്തിരി.. സുഗന്ധി, ചന്ദ്രിക ഇങ്ങനെ പ്രഗത്ഭരുടെ നിര..
ഇന്ന് അതോർമയായിരിക്കുന്നു.. ആ കളരിയുടെ ഓർമയിൽ അല്പനേരം:


കളരിമുറ്റത്ത്
 


വെയിൽനാഗങ്ങളിഴയുമീ
കല്ലൊതുക്കുകൾ കയറുക.
ഏതോ ഗതകാല സ്മൃതിയിലുറങ്ങുമീ
കളരിമുറ്റം കാണുക!
കാടും പടർപ്പും നിറയുന്നൂ
കാട്ടൂപക്ഷികൾ കരയുന്നൂ.
ഒരുനിമിഷം കണ്ണടയ്ക്കവേ കാണാകുന്നു
മനോജ്ഞമാം കളരിയും
കണ്ണിനമൃതമായ് ചമയങ്ങളും
കേൾക്കുന്നുവോ നേർത്ത ചെണ്ടതൻ താളം?
നൂപുരം കിലുങ്ങും തളങ്ങളും
പാട്ടിന്റെ മന്ദ്രധ്വനിയൊഴുകുമിടങ്ങളും.

ചന്ദനപ്പോട്ടിട്ടൊരു വലിയ മുഖം, ചിത്രത്തിൽ
ചിരിതൂകുന്നൂ ചുമരിലായ്
രസതന്ത്രത്തിന്റെ കലയറിഞ്ഞയാൾ
കലയുടെ രസതന്ത്രവുമറിയുവോർ
ദീർഘദർശി, കാലാതിവർത്തി
ഈർഷ്യതൻ ദംശനമേറ്റു തളർന്നൊരാൾ!

ചിത്രത്തിൻ മുന്നിലായ് നിൽക്കുന്നൂ
ചെറിയ ചിരാതൊന്നു തെളിയിച്ചൊരാൾ.
ഇതല്ലോയെൻ ദൈവമെന്നോതി-
യൊരു നിമിഷം പ്രാർത്ഥനാ നിരതനായന്തരം
ഇടംകൈയിൽ ചേങ്ങല ചേർത്തും
വലംകൈയാലതിൽ താളമിട്ടും
അഭൌമമേതോ ലഹരിയിൽ മുഴുകിയും
അർദ്ധ നിമീലിത നയനങ്ങളോടെയും
“അജിതാ ഹരേ” യെന്നു മനോജ്ഞമായ് പാടവേ
തൻ മുരളി താഴെവച്ചാർദ്രനായതിലലിയുന്നുവോ
താമരനയനൻ, ദ്വാരകാനാഥൻ!

പിന്നെക്കാണാകുന്നൂ
ധ്യാനത്തിലെന്നപോൽ ചെണ്ടതൻ മുന്നിൽ
ഹൃദയതാളങ്ങളെയാവാഹിച്ചോരാൾ!
മൃദുലം, ചേതോഹരം ചെണ്ടയിലുയരുന്നൂ
മധുരതാളം, ആത്മാവിനെത്തഴുകുന്നൂ!
അപ്പുറത്തായ് ശുദ്ധമദ്ദളം, ചേങ്ങല, യിലത്താളവും
കൂടിയുതിർക്കുന്നൂ മാസ്മരസംഗീതമെൻ
ഹൃദയം നിറയുന്നൂ.

പിന്നെയും കാണാകുന്നൂ കാഴ്ചകൾ
മാരിവിൽ ശോഭതൂകുകുമുടയാടകൾ, കോപ്പുകൾ!
തിങ്ങിനിറയുന്നൂ മനയോലപ്പച്ചയും.
ചമയമിടുന്നൂ ദുര്യോധനച്ചുവപ്പും, ദുശ്ശാസനത്താടിയും
ഭീമപ്പച്ചയും, മിനുക്കിന്റെ സൌന്ദര്യം ദ്രൌപദിയും!

ഏതോ അരങ്ങിൽ കളിവിളക്കുണരുന്നൂ
ആരോ തിരശ്ശീലയ്ക്കപ്പുറം
പുറപ്പാടിൻ മേളംചമയ്ക്കുന്നു,

കണ്ണു തുറന്നു ഞാൻ...
വിജനം കളിമുറ്റം!
കാണാനില്ലൊന്നും കാട്ടുപടർപ്പും
പൊന്തയും മാത്രം!

തിരിഞ്ഞു നടക്കവേ, കാതോർത്തു ഞാൻ,
പിന്നിൽനിന്നുയരുന്നുവോ മേളപ്പദം!
പിന്നിൽ കേൾക്കുന്നുവോ മദ്ദളവും ചെണ്ടയും
ഒന്നുചേർന്നൊരുക്കുമാ നാദപ്രപഞ്ചം!

വെയിൽനാഗങ്ങളിഴയുമീ
കല്ലൊതുക്കളിറങ്ങുന്നു ഞാൻ,
പോയൊരു കാലത്തിൻ
സ്മൃതിമാത്രം ബാക്കിയായ്!!

തെരുവോരത്തൊരു മുരുകന്‍

തെരുവില്‍നിന്ന് തെരുവിലേക്കോടുന്നു
മുച്ചക്രശകടം, ഓട്ടോറിക്ഷ.
തെന്നിയുംതെറിച്ചും നഗരമാകെക്കറങ്ങുന്നൂ
മുച്ചക്രശകടം, ഓട്ടോറിക്ഷ.
എന്നാലൊരിക്കലും വഴിതെറ്റാതെ
ഓടുന്നുണ്ടോരോട്ടോറിക്ഷ!
ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക്,
ദൈന്യതയില്‍നിന്നു് പുഞ്ചിരിയിലേക്ക്,
അനാഥത്വത്തില്‍നിന്ന് സനാഥത്വത്തിലേക്ക്!
തെരുവോരത്തുനിന്ന് അഭയത്തിലേക്ക്,
പുഴുവരിക്കും വൃണങ്ങളില്‍നിന്ന്
സാന്ത്വനത്തിന്റെ ആതുരാലയത്തിലേക്ക്,
പിഴച്ചവഴികളുടെ തമസ്സില്‍നിന്ന്
ചിറകിന്‍‌കീഴിലെ ഊഷ്മളതയിലേയ്ക്ക്...
ആ വണ്ടിയ്ക്കു സാരഥിയായവന്‍ മുരുകന്‍,
വേലായുധന്‍ മുരുകനല്ല,
സ്നേഹായുധന്‍ മുരുകന്‍..
തെരുവോരം മുരുകന്‍!

കല്ലേന്‍ പൊക്കുടന്‍

ഭൂമിയുടെ ശ്വാസകോശങ്ങളില്‍
പ്രാണവായു നിറയ്ക്കാന്‍
ചെറുവഞ്ചിയിലൊരായിരം
ജീവമുകളങ്ങളുമായ്
തുഴഞ്ഞുപോകുന്നു..
ഞണ്ടിനും ഞവണിക്കും
പിന്നെയെല്ലാമീനുകള്‍ക്കും
പാര്‍പ്പിടം പണിയാനും
അവരുടെമക്കള്‍ക്കോടിക്കളിക്കാനും
തുഴഞ്ഞുനടക്കാനൊരിത്തിരിക്കളിമുറ്റവും -
തീര്‍ക്കാനിനിയും തുഴയുന്നു..
വിതയ്ക്കാതെ കൊയ്യുന്നോര്‍ക്കായ്
വിതച്ചിട്ടും കൊയ്യാത്തോന്‍,
മനംനിറയെ പച്ചപ്പുള്ളൊരാള്‍..
കണ്ടല്‍ പൊക്കുടന്‍!

ചെറിയവന്റെ സ്വപ്നങ്ങള്‍

ചെറിയവന്റെ സ്വപ്നച്ചിറകുകള്‍
ഈയല്‍ച്ചിറകുപോലെ ചെറുതാണ്.
കറൂത്തവന്റെ സ്വപ്നങ്ങള്‍
കടുകുമണിയോളവും.
പീഢിതന്റെ വേദനകള്‍
നിറമില്ലാത്ത ചിത്രങ്ങളാകുന്നു.
നിന്ദിതന്റെ ഗദ്ഗദങ്ങള്‍
ചായകോപ്പയിലുമെത്തുന്നില്ല.
അധികാരത്തിന്റെ ഇടനാഴികളില്‍
അവയ്ക്കെങ്ങനെ ഇടംപിടിക്കാനാവും?
വെള്ളിവെളിച്ചത്തെ നേരിടാനും
ഗര്‍വിന്റെ കോട്ടകൊത്തളങ്ങളെ
തൊടാനുമാവില്ലല്ലോ!
ജീവിതത്തിനു പുറത്തായവര്‍ക്ക്
ജീവിതത്തെയോര്‍ക്കാന്‍
എന്തവകാശം!

കുഞ്ഞുപെങ്ങള്‍

കാലവര്‍ഷാരംഭം
വിദ്യാലയ വര്‍ഷാരംഭം..
വയല്‍ വരമ്പിലൂടെ
വാഴയിലക്കുടയും ചൂടി
തോളത്ത് പുസ്തകവും
മറുകൈയിലെ ചൂണ്ടുവിരലില്‍
കുഞ്ഞുപെങ്ങളും..
തവളക്കുഞ്ഞനൊരു തട്ട്കൊടുത്ത്
വെള്ളം പളുങ്കുമണിപോലെ തെറിപ്പിച്ച്
നനഞ്ഞുകുഴഞ്ഞൊട്ടി
കുന്നുകയറി
ഒന്നാം മണിക്കുമുമ്പേ
സ്കൂള്‍ വരാന്തയിലെത്തി
ഒന്നാം ക്ലാസ്സിന്റെ വാതിലിലെത്തി
പുസ്തകസഞ്ചിയും പൊതിച്ചോറും
കൈയില്‍കൊടുക്കുമ്പോള്‍
ചിണുങ്ങുന്നൊരാള്‍..
"ച്ച് സൂളിപ്പോണ്ട!"

Wednesday, March 11, 2015

പെണ്ണേ, ഗോമാതാവാകൂ !!

പെണ്ണേ,
അടുത്ത ജന്മത്തിലെങ്കിലും
ഒരു ഗോവായി ജനിക്കാന്‍ നോക്ക്!
ജനനം മുതല്‍ മരണം വരെ
നിന്റെ മാസം രുചിക്കാന്‍
ആരും നോക്കിയിരിക്കില്ലല്ലോ!
കുമാരന്‍ മുതല്‍ പടുകിളവന്‍ വരെ
നിന്നെ കാമശമിനിയായി കാണില്ലല്ലോ -
അവര്‍ക്കെല്ലാം മാതാവായിരിക്കുമല്ലോ നീ!
ഏത് ഇടവഴിയിലും ആര്‍ക്കൊപ്പവും
ആരെയും പേടിക്കാതെ നടക്കാലോ!
അതുകൊണ്ട് സദാചാരികള്‍ക്കെതിരെ
ഒരു ചുംബനസമരത്തിനും പോവേണ്ടല്ലോ!
എല്ലാരും നിന്നെ ആദരവോടെയല്ലേ നോക്കൂ!
എങ്കിലും പെണ്ണേ,
ഞങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍
ഞങ്ങള്‍ക്കിഷ്ടമുള്ളവനെമാത്രം
പ്രാപിക്കാനും, ഗര്‍ഭംധരിക്കാനും
ഞങ്ങള്‍ക്കുവേണ്ടി മാത്രം പാലുചുരത്താനും
മാത്രമേ
ഗോവായാലും നിനക്കനുവാദമുള്ളൂ!
അമ്മയായാലും അതിരുവിടാന്‍ പാടില്ലല്ലോ!
പിന്നെ-
നിന്റെ ആണ്‍ മക്കളെ ഞങ്ങള്‍ കൊന്നുതിന്നും
ഞങ്ങളല്ലാതെ വേറെ മൂരിക്കുട്ടന്മാര്‍ ഇവിടെ വേണ്ട!

ഇതൊക്കെയായാലും പെണ്ണേ,
അടുത്ത ജന്മത്തില്‍
ഒരു പശുവായി ജനിക്കുന്നതുതന്നെ
നിനക്ക് നല്ലത്!
ഒരു പെണ്ണിനേക്കാളും ആത്മാഭിമാനത്തോടെ
ജീവിക്കാലോ!

Sunday, March 08, 2015

ആരാണത്?

പ്രളയാന്ത്യത്തില്‍, അരയാലിലയിലെ-
നിക്കന്നു ജീവന്റെ താളം പകര്‍ന്നതാര്?
സ്വരക്തവും മാംസവും വളമാക്കി-
യെന്നെ ഗര്‍ഭത്തില്‍ വളര്‍ത്തിയതാര്?
കത്തും ജഢരാഗ്നിയെ നെഞ്ചിലെ-
യമൃതം പകര്‍ന്നു ശമിപ്പിച്ചതാര്?
ഇടറുന്ന കാലടികളിലാല്‍ വീഴാനായവേ
താങ്ങായ് ചൂണ്ടുവിരല്‍ നീട്ടിയതാര്?
കൗമാര സ്വപ്നങ്ങളിലെന്‍ പ്രണയവല്ലരിയെ
കുളിര്‍നീര്‍ പകര്‍ന്നു വളര്‍ത്തിയതാര്?

രതിതൻ ശാദ്വലഭൂമിയിൽ തമ്മിലുരുകിയെന്‍
ജീവനെ പൊട്ടിമുളപ്പിച്ചതാര്?
പുഞ്ചിരിപ്പാലമൃതേകിയെന്‍ നെഞ്ചകം
കൊഞ്ചിക്കുഴഞ്ഞു കുളിര്‍പ്പിച്ചതാര്?
ഇനിയെന്റെ പടുതിരികത്തുന്ന നേരത്ത്
ഉദക തീര്‍ത്ഥമായലിയുന്നതാര്?
നീ അമ്മ, നീ പെങ്ങള്‍,
നീയെന്‍ പ്രണയിനി, നീയെന്‍ പ്രിയ മകള്‍!
നീയെന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങള്‍!
നീയെന്റെ സ്വപ്നവും, ഈരേഴുലോകവും!
നിന്നെയോര്‍മീക്കാനൊരു ദിനംപോര,
വേണമൊരായുസ്സില്‍ മുഴുവന്‍ ദിനങ്ങളും!

Monday, March 02, 2015

പുതിയ കലണ്ടർ

പുതിയതൊന്നു തൂക്കാനായ്
പഴയ കലണ്ടറൊന്നഴിച്ചുമാറ്റവേ
കാണുന്നു ഞാന്‍, മായാ,ത്തുണങ്ങാത്ത
ചോരപ്പാടുകള്‍ ഭിത്തിയില്‍!
മുഷിഞ്ഞ താളുകളിലെ കള്ളികളില്‍
ചുവന്നവധിദിനങ്ങള്‍ക്കപ്പുറവുമിപ്പുറവും
ചോരയാല്‍ ചുവന്നനവധി ദിനങ്ങളും!
ചിലദിനങ്ങളില്‍ പാതികരിഞ്ഞ
ചിത്രശലഭത്തിന്‍ ഹതാശമാം ചിറകടി!
ചിലതിലോ അമര്‍ത്തിയ കുഞ്ഞുരോദനങ്ങള്‍!
ചിലദിനം ചിതറീത്തെറിച്ചയുടലുകള്‍
ചിലനാളൊന്നുമില്ലാതെ ശൂന്യവും!
ചീറുന്നു, ചിതറുന്നു വെടിയുണ്ടകള്‍ -
ചിറകറ്റു വീഴുന്നു കുഞ്ഞുമാലാഖമാര്‍
ചിലനാളങ്ങനെ, ഓര്‍ക്കാന്‍ വയ്യ!
മറവിയാല്‍ കഴുകട്ടെ ഞാനീ ഭിത്തി,
അകലേക്കെറിയട്ടെയീ പഴയതാളുകള്‍.
ഇനിയീ ഭിത്തിയില്‍ തൂക്കട്ടെ ഞാ-
നിനി വരും കാലത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍!

മരണം അവശേഷിപ്പിക്കുന്നത്

ഓര്‍ക്കാപ്പുറത്തുവന്ന്
ഒരു ജീവനെ കൊത്തി
നീ പറന്നകലുമ്പോള്‍-
അവശേഷിക്കുന്നത്,
ചന്ദനത്തിരിയുടേയും
കുന്തിരിക്കത്തിന്റേയും
മടുപ്പിക്കുന്ന ഗന്ധമാണ്...
ഉറ്റവരുടെ കണ്ണീരിന്റെ
നനവും ഉപ്പുമാണ്..
ദീപനാളങ്ങളുടെ
പുകയുന്ന ചൂടാണ്..
വിസ്മൃതിയുടെ ആഴത്തിലേക്ക്
കുഴിച്ചുമൂടുന്ന ഓര്‍മകളാണ്..
ഒപ്പം നടന്നവരുടെ മുന്നില്‍
മായാത്ത കാല്‍പ്പാടൂകളാണ്..
എങ്കിലും മരണമേ,
നീയെന്നെ തേടിവരുമ്പോള്‍..
ഇതൊന്നും അവശേഷിക്കില്ലല്ലോ!!

ചന്ദന നിലാവ്

നീലരാവ് –
അലസ നിദ്രയിലൊഴുകുമെന്നെ
ജാലകപ്പഴുതിലൂടെ വിരല്‍നീുട്ടി
മൃദുസ്പര്‍ശത്താലുണര്‍ത്തിടുന്നൂ
കുളിര്‍നിലാവ് !

ജാലക വിരിക്കപ്പുറമെന്ന-
ങ്കണമാകെ കുടമുല്ലപ്പൂക്കള്‍ വിതറുന്നൂ,
ചിരിതൂകി നില്ക്കുന്നൂ,
മൃദുനിലാവ്!

വേനല്‍ ഇലയൂര്‍ത്തിയൊരുമരം
വനമുല്ലപോല്‍ പൂത്തുലഞ്ഞു നില്ക്കുന്നു!
നറു പൂക്കളാല്‍
വാസന്ത നിലാവ്‌

എന്നിലെ വരണ്ട ഹൃദയശാഖിയും
തളിരിട്ടു പൂക്കുന്നൂ-അതിന്‍-
ശിഖരങ്ങളെ മൃദുവായ് തഴുകുന്നൂ
ചന്ദന നിലാവ്!

പരേതന്‍

പരേതന്‍ -
നാല്പത്തിയൊന്നാം നാള്‍
ഉറച്ചുതുടങ്ങുന്ന മറവി തോണ്ടിമാറ്റി
മകന്റെ വിറയാര്‍ന്ന കൈകളിലേക്കെടുക്കുന്ന
മണ്‍കുടത്തിലെ അസ്ഥിക്കഷണവും
ഒരുപിടി ചാരവുമാണ്!
സദ്യയിലെ സാമ്പാറിനു
സ്വാദു കുറഞ്ഞുപോയെന്നെ പരാതിയാണ്!
ഒരു ദിവസത്തെ അവധിയുടെ
നഷ്ടബോധമാണ്!
തിരക്കുകള്‍ക്ക് വേഗംകൂട്ടുന്ന
മറ്റൊരു തിരക്കാണ്!
മഴപെയ്യാത്ത ആകാശത്തെ
നോക്കിയുള്ള ശാപവാക്കുകളാണ്!
ഭാഗം വയ്ക്കാത്ത സ്വത്തിനെപ്പറ്റിയുള്ള
ആശങ്കയാണ്!
പക്ഷേ-
ഒപ്പം കൈപിടിച്ച് നടന്നവള്‍ക്ക്,
സ്വപ്നങ്ങള്‍ പങ്കുവച്ചവള്‍ക്ക്,
ഒറ്റയായിപ്പോയവള്‍ക്ക്,
മുന്നിലും പിന്നിലും
നിറയുന്ന ശുന്യതയാണ്!

അഹം ബ്രഹ്മാസ്മി!

എനിക്കു വേണം ഒരു മതം -
അമ്പലവും പള്ളിയും മോസ്കും ഗുരുദ്വാരയും
ഒന്നുമില്ലാത്ത ഒന്ന്.
എനിക്കുവേണം ഒരു ദൈവം -
കാണിക്ക വേണ്ടാത്ത, സ്വര്‍ണശ്രീകോവിലില്ലാത്ത,
എന്നെ പേടിപ്പിക്കാത്ത, സ്നേഹം മാത്രമുള്ള ഒന്ന്!
അങ്ങനെ,
എനിക്കൊരു മനുഷ്യനാവണം,
അടുത്തു നില്പോനേ കാണാനാവണം.
അവനും ഞാനും ദൈവമാവണം!
അഹം ബ്രഹ്മാസ്മി!

ഞാന്‍ നിന്‍ സോദരന്‍

ഞാന്‍ നിന്‍ സോദരന്‍-
ഒരേ വയര്‍ പങ്കിട്ടവന്‍.
അത് നീയോര്‍ക്കുന്നത്
പൊടിഞ്ഞ നിന്‍ഹൃദയത്തിനു
പകരം വയ്ക്കാനെന്‍ഹൃദയം
പറിച്ചെടുക്കുമ്പോളോ!

ഞാന്‍ നിന്‍ സോദരന്‍-
നാമൊരേ കിടക്കയില-
ന്യോന്യം പുതച്ചവര്‍.
അത് നീയോര്‍ക്കുന്നത്
നീ തളരുമ്പോളെന്‍
കൈകള്‍ മെത്തയാക്കുമ്പോഴോ!

ഞാന്‍ നിന്‍ സോദരന്‍ -
നിന്നോടൊപ്പം നടന്നവന്‍.
അത് നീയോര്‍ക്കുന്നത്
വഴിയറിയാതുഴറുമ്പൊഴോ!

ഞാന്‍ നിന്‍ സോദരന്‍ -
ഓരേ രാഗം മൂളിയോന്‍.
അത് നീയോര്‍ക്കുന്നത്
നിന്റെ പാട്ടിലപശ്രുതിയുതിരുമ്പോഴോ!

ഞാന്‍ നി സോദരന്‍ -
നീയോര്‍ത്താലുമില്ലെങ്കിലും.
എന്നിലും നിന്നിലുമോടുന്നൂ
എന്നാളും പൊട്ടാത്ത രക്തനൂലുകള്‍!

ഒറ്റമരം

ഞാനീ കുന്നിന്‍മുകളിലെ
ഒറ്റമരം..
പണ്ടെങ്ങോ താഴ്ചാരത്തുനിന്നും
ദയാമയിയായൊരു കാറ്റിന്റെ
ചിറകില്‍ത്തൂങ്ങിയെത്തി,
ഈ മുനമ്പിന്റെ നിറുകയിലെ
ആര്‍ദ്രമായിരുന്ന മണ്ണില്‍
വീണു കിളുര്‍ത്തവന്‍!
നനുത്ത മഴമേഘങ്ങളുടെ
തലോടലില്‍ പടര്‍ന്ന് പന്തലിച്ച്
ആകാശത്തേക്ക് കൈകള്‍ നീട്ടിയവന്‍!
വേനലിന്‍ ഉഷ്ണകിരണങ്ങളെ
പച്ചക്കുടനീര്‍ത്തി
തടുത്തുനിര്‍ത്തിയീ-
ക്കുന്നിനൊരു തണല്‍വിരിച്ചവന്‍!
വസന്തം വിടരവേയോരായിരം
നവസുമങ്ങളെ കാറ്റിന്‍ കൈയിലേല്‍പ്പിച്ച്
ഭൂമിയാകെ സുഗന്ധം ചൊരിഞ്ഞവന്‍!
പിന്നെയൊരു
തുലാവര്‍ഷസന്ധ്യയിലാകാശം
നീട്ടിയ അഗ്നിഖഡ്ഗത്താലാകമാനം
കരിഞ്ഞുപൊള്ളിയോന്‍!
ഞാനൊരൊറ്റമരം..
വേനലിലൊരു കുടനിവര്‍ത്താനാകാത്തോന്‍!
കാറ്റിനിറ്റിക്കാന്‍ സുഗന്ധമില്ലാത്തോന്‍!
കനിവിനായ് ഗഗനവീഥിയിലേക്ക്
ശുഷ്കമാം കരങ്ങള്‍നീട്ടി
കേണുനില്‍ക്കുന്നവന്‍!!
വിസ്മൃതിയിലലിഞ്ഞുചേരാനൊരു
പാഴ്മരം!!

കുഞ്ഞുമേഘത്തിന് യാത്രാമൊഴി

അച്ഛന്‍മലയുടെ മടിയില്‍നിന്ന്
ആകാശത്തേക്കവന്‍ പറന്നപ്പോള്‍
അമ്മ മരം വാത്സല്യത്തോടെ
ചില്ലകള്‍ നീട്ടി
അവനെ തലോടിപ്പറഞ്ഞു:
"മകനേ,
നീയിനി ആകാശവീഥിയില്‍ പറക്കുക!
പച്ചപ്പുള്ള മലകളും കടന്ന്,
തെളിനീരൊഴുകുന്ന ആറുകളും
അരുവികളും കടന്ന് പറക്കുക!
നെല്‍പ്പാടങ്ങളും ജനപദങ്ങളും കടക്കുക!
അതിനുമപ്പുറം, കാണാക്കനവുകള്‍ക്കുമപ്പുറം
സ്വപ്നങ്ങളെ ഗര്‍ഭംപേറുന്നൊരിടമുണ്ട്.
വരണ്ട മണല്‍ത്തട്ടിനടിയില്‍
പൊട്ടിവിരിയാന്‍ കാത്തിരിക്കുന്ന വിത്തുകളുണ്ട് -
സ്വപ്നങ്ങളുടെ, സ്നേഹത്തിന്റെ, വിത്തുകള്‍.
അവയ്ക്കുമീതെ നീ സ്നേഹത്തോടെ,
കാരുണ്യത്തോടെ, പെയ്തൊഴിയുക!
സ്വപ്നങ്ങളുടെ കുരുന്നുവള്ളികളും
സ്നേഹത്തിന്റെ പൂക്കളും
ഊഷരഭൂമിയെ സ്വര്‍ഗമാക്കട്ടെ!
അതിനായ് മകനേ,
നീ അവിടെ പെയ്തൊഴിയുക!
അവിടെ നീ പെയ്തുതീരുക!"
അമ്മമരത്തിന്റെ തലോടലില്‍
ജലബിന്ദുക്കളാല്‍ ഘനംവച്ച്
കുഞ്ഞുമേഘം ഊഷരഭൂമി തേടിപ്പറന്നുപോയി -
സ്വയം പെയ്തില്ലാതെയാവാന്‍,
എന്നിട്ട്,
മറ്റൊരു ലോകത്തെ ഉയിര്‍കൊള്ളിക്കാന്‍!

മുടന്തുള്ള ആട്ടിന്‍‌കുട്ടി

ജന്മനാ മുടന്തനായ
ആട്ടിന്‍‌കുട്ടി -
അമ്മയുടെ മുലപ്പാലിന്
അവസാനാവകാശം മാത്രമുള്ളവന്‍.
ബലിപീഠത്തിലെ
മരണത്തിലേക്കുള്ള യാത്രയിലും
പിന്നിലായിപ്പോയോന്‍!
ആ മരണയാത്രയിലെപ്പോഴോ
ആ മൃദുകരങ്ങളവനെപ്പൊതിഞ്ഞ്
നെഞ്ചോട് ചേര്‍ത്ത് പിടിക്കവേ,
അവനറിയുന്നാ ഹൃത്തില്‍നിന്നും
അലിഞ്ഞിറങ്ങുന്ന ശാന്തി!
അവനിപ്പോള്‍ മുന്നിലാണ്-
ബലിപീഠത്തിലേക്ക് നയിക്കപ്പെടുന്ന
ആട്ടിന്‍പറ്റത്തിന്റെ മുന്നില്‍.
അവനിപ്പോള്‍ സമാധിയിലാണ്-
സുഖദുഃഖങ്ങളില്ലാത്ത സമാധിയില്‍.
അവനിപ്പോളാക്കൈകളുടെ സുരക്ഷയിലാണ് -
ആര്‍ദ്രമാനസന്‍ തഥാഗതന്റെ കൈകളില്‍.
അവനെ നൊഞ്ചോടടുക്കി,
യാഗശാലയിലെത്തുന്നൂ ഗൗതമന്‍.
അവന്റെ നിറുകയില്‍ തലോടി,
അമൃതം, മനോജ്ഞമാ വാണിയാല്‍
അരചന്റെ മനമലിയിക്കുന്നൂ സിദ്ധാര്‍ത്ഥന്‍!
ആരുടെ ചോരയാല്‍
ആരുടെ പാപം കഴുകാനാവും!
മുടന്തുള്ള ആട്ടിന്‍‌കുട്ടി -
അവനിനിയെന്നും ആ കൈകളില്‍,
ആ കരുണാര്‍ദ്ര ഹൃദയത്തെ തൊട്ട്,
മരണത്തില്‍നിന്നും
അമരത്വത്തിലേക്ക്
മുടന്തില്ലാതെ നടന്നവന്‍!

പടിയിറങ്ങുന്നൂ ഡിസംബര്‍

പടിയിറങ്ങുന്നൂ ഡിസംബര്‍,
പോകും വര്‍ഷത്തിന്‍ കരംപിടീച്ചെന്‍
പീടയും മനസ്സിന്റെ വാതിലും തുറന്നിനിയും
ബാക്കിയാം ദിനങ്ങള്‍തന്‍ പടിചവിട്ടി.

പടിയിറങ്ങുന്നൂ ഡിസംബര്‍,
പകലറുതിയിലൊന്നും പറയാതെ
പാതി കരിഞ്ഞ കിനാക്കളും
പാതിയൊഴിഞ്ഞ മനസ്സും ബാക്കിയായ്.

പടിയിറങ്ങുന്നൂ ഡിസംബര്‍,
പലദിനങ്ങളും കുഞ്ഞുമക്കള്‍തന്‍
ചോരയില്‍ മുക്കിയ കൈകളുമായിനിയും
പകതീരാത്തൊരു കൊലയാളീയായ്

പടിയിറങ്ങുന്നൂ ഡിസംബര്‍
കലണ്ടറിന്നവസാനതാളിലും
ചെന്നീരൊഴുക്കി തുടുത്തപോല്‍
ചുവന്നക്കങ്ങളെ ബാക്കിയാക്കി!

പടിയിറങ്ങുന്നൂ ഡിസംബറെന്‍
മനമാകെ ശുന്യത ബാക്കിയാക്കി
പുത്തന്‍ കിനാവുമായി പടികയറുന്നൂ ജനുവരി
പുതിയൊരു വര്‍ഷത്തിന്‍ കൈപിടിച്ച്!

കാടുതീണ്ടിയോളെൻ പൊന്നുമോള്

കാടുതീണ്ടിയോളെൻ പൊന്നുമോള്
കാവുതീണ്ടിയോളെൻ പൊന്നുമോള്.
അവളെ കാക്കണേ നാഗത്താന്മാരേ
കാവുവാഴുന്ന നാഗത്താന്മാരേ!
കരകടന്നവളെൻ പൊന്നുമോള്
കടൽകടന്നവളെൻ പൊന്നുമോള്
അവളെ കാക്കണേ നാഗത്താന്മാരേ
കാവുവാഴുന്ന നാഗത്താന്മാരേ!
അവളെ കീറുവാൻ, കീറീമുറിക്കുവാൻ
അലറിവീഴുന്നിരുകാലിക്കൂട്ടം
അവരിൽനിന്നും കാത്തുരക്ഷിക്കണേ
അടവിവാഴുന്ന നാഗത്താന്മാരേ!
കരളുതിന്നാൻ തുനിയുന്ന വർഗം
കരമമർത്തിപ്പിടിക്കുവാനായവേ
കൊടിയതാം നിൻ വിഷപ്പല്ലുകളാഴ്ത്തി
കാത്തുരക്ഷിക്കെന്റെ നാഗത്താന്മാരേ!
ആഴികൂട്ടിച്ചുട്ടെടുക്കാനായി
ആഞ്ഞടുക്കുന്ന ചെന്നായ്ക്കളീന്നും
അടിതെറ്റി വീഴാതെയോടിയെന്മോളേ
അരികെച്ചേർക്കെന്റെ നാഗത്താന്മാരേ!
ഇനിയവൾക്കായ് തുണചെയ്തുനിൽക്കാൻ,
ഇനിയവരോടു പോരാടിനിൽക്കാൻ
ഇനിയവരെക്കടിച്ചങ്ങുവീഴ്ത്താൻ
ഇനിയുമാവില്ലേ നാഗത്താന്മാരേ?
എങ്കിലൊന്നേ പറയാനെനിക്കുള്ളൂ
നൽക,നീനിൻ വിഷപ്പല്ലവൾക്കായ്
കൊത്തിവിഴ്ത്തട്ടെയാ വിഷദൃംഷ്ടയാൽ
ചത്തുപോകുമ്മുന്നേക്കവളൊന്നിനെ!

കുഞ്ഞുപെങ്ങള്‍

കാലവര്‍ഷാരംഭം
വിദ്യാലയ വര്‍ഷാരംഭം..
വയല്‍ വരമ്പിലൂടെ
വാഴയിലക്കുടയും ചൂടി
തോളത്ത് പുസ്തകവും
മറുകൈയിലെ ചൂണ്ടുവിരലില്‍
കുഞ്ഞുപെങ്ങളും..
തവളക്കുഞ്ഞനൊരു തട്ട്കൊടുത്ത്
വെള്ളം പളുങ്കുമണിപോലെ തെറിപ്പിച്ച്
നനഞ്ഞുകുഴഞ്ഞൊട്ടി
കുന്നുകയറി
ഒന്നാം മണിക്കുമുമ്പേ
സ്കൂള്‍ വരാന്തയിലെത്തി
ഒന്നാം ക്ലാസ്സിന്റെ വാതിലിലെത്തി
പുസ്തകസഞ്ചിയും പൊതിച്ചോറും
കൈയില്‍കൊടുക്കുമ്പോള്‍
ചിണുങ്ങുന്നൊരാള്‍..
"ച്ച് സൂളിപ്പോണ്ട!"

ഞാനെന്ന ഭാവം

പിറന്ന് വീണത്
ഇരുമുഷ്ടികളും ചുരുട്ടി
എല്ലാം പിടിച്ചടക്കാനാണ്.
എന്റെ അമ്മ, എന്റെയഛന്‍,
എന്‍ സോദരനെ,ന്‍സോദരി!
എന്റെ കളിക്കോപ്പ്, എന്റെ പുസ്തകം,
എന്റെ പെന്‍സിലെന്‍ റബ്ബര്‍!
എന്റെ ഷര്‍ട്ട്, എന്റെ നിക്കര്‍..
എന്നെ നോക്കിച്ചിരിച്ചവളെന്‍പെണ്ണ്!
എന്‍ സുഹൃത്തെ,ന്റെ വൈരി!
എന്റെ പാര്‍ട്ടി, യെന്‍ കൊടി!
എന്റെ ജോലി,യെന്‍ ശമ്പളം
എന്റെ പുതിയതാംവീട്!
എന്റെ ഭാര്യ, എന്‍ മക്കള്‍
പിന്നെയെന്‍ ചെറുമക്കള്‍
എന്റെ പെന്‍ഷന്‍,
വൃദ്ധസദനത്തിലെന്‍ കട്ടില്‍...
പിന്നെയെന്‍ ദേഹം ചിതയിലെരിയുമ്പോ-
ളിനി 'ഞാന്‍'? -ശൂന്യം!!
ഓടിക്കിതച്ചതും ചാടിത്തളര്‍ന്നതും
തമ്മിലടിച്ചതും, എന്തിനോപാഞ്ഞതും
എന്തൊക്കെ നേടിയെന്നോര്‍ത്തതുമീ-
ശുന്യതയിലേക്കുള്ള യാത്രയെന്നോ?

എന്റെ നിലാവ്

പെയ്തൊഴിഞ്ഞൂ രാത്രിമഴ.
കരിമേഘ വിരിമാറ്റിയെന്‍
ജാലകപ്പടികള്‍
നനുനനുത്ത വിരലുകളാല്‍
തലോടുന്നൂ,
ഈറന്‍‌നിലാവ്..
ഈ നിശയുമീനിലാവും
എനിക്കുമാത്രം സ്വന്തം